വാഷിങ്ടൺ: മൂന്ന് ദിവസത്തെ കോവിഡ്-19 ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തി. തിങ്കളാഴ്ച വൈകുന്നേരമാണ് ട്രംപ് വൈറ്റ് ഹൗസിലെത്തിയത്. ശേഷം മാധ്യമങ്ങളെ കണ്ട യുഎസ് പ്രസിഡന്റ് മാസ്ക് ഊരിമാറ്റിയാണ് ഫോട്ടോയ്ക്ക് പോസ്​ ചെയ്തത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള പ്രചാരണ പരിപാടികളിലും ട്രംപ് സജീവമാകാനൊരുങ്ങുകയാണ്.

“അദ്ദേഹത്തെയും കുടുംബത്തെയും മാത്രമല്ല, സമുച്ചയത്തിൽ പ്രവർത്തിക്കുന്ന എല്ലാ സ്റ്റാഫ് അംഗങ്ങളെയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും വൈറ്റ് ഹൗസ് സ്വീകരിക്കുന്നു,” വക്താവ് ജഡ് ഡിയർ തിങ്കളാഴ്ച രാത്രി പ്രസ്താവനയിൽ പറഞ്ഞു. ട്രംപിനോട് അടുത്തിടപഴകുന്ന എല്ലാവരും പി.പി.ഇ കിറ്റ് ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വാഷിങ്ടണിലെ വാള്‍ട്ടര്‍ റീഡ് സൈനി ആശുപത്രിയിലായിരുന്നു ട്രംപ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ആശുപത്രിയില്‍ നിന്ന് വൈറ്റ് ഹൗസിലേക്കെത്തിയ ട്രംപ് പടികള്‍ കയറവെ മാസ്‌ക് ഊരിമാറ്റുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈകാണിച്ച ട്രംപ് ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു.

ട്രംപിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ ബാക്കി നില്‍ക്കെയാണ് അദ്ദേഹത്തെ കഴിഞ്ഞദിവസം ഡിസ്ചാര്‍ജ് ചെയ്യുമെന്ന വിവരങ്ങളും പുറത്ത് വന്നത്. തന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും കോവിഡിനെ ഭയപ്പെടേണ്ടതില്ലെന്നും ട്രംപ് പറഞ്ഞു. താന്‍ 20 വര്‍ഷം ചെറുപ്പമായെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ട്രംപ് പൂര്‍ണമായും രോഗത്തില്‍ നിന്ന് മുക്തനായെന്ന് പറയാനാവില്ലെന്നും ഒരാഴ്ചയോളം ശ്രദ്ധ വേണമെന്നും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ സീന്‍ കോണ്‍ലി പറഞ്ഞിരുന്നു.

വെള്ളിയാഴ്ച ട്രംപിന് രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ഡെക്സാമെഥസോണ്‍ എന്ന സ്റ്റിറോയ്ഡ് നല്‍കിയിരുന്നു. കോവിഡ് സാരമായി ബാധിക്കുന്ന അവസരത്തിലാണ് സാധാരണ ഗതിയില്‍ ഡെക്സാമെഥസോണ്‍ നല്‍കാറ്.

അതേസമയം പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളിയായ ജോ ബൈഡന്റെ കോവിഡ് പരിശോധനാ ഫലം മൂന്നാം തവണയും നെഗറ്റീവായി. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചര്‍ച്ചകളിലും മറ്റും പങ്കെടുക്കുന്നതിനാലാണ് ബൈഡന്‍ തുടര്‍ച്ചയായി കോവിഡ് ടെസ്റ്റുകള്‍ നടത്തുന്നത്.

ട്രംപിന് കോവിഡ് പോസിറ്റീവായതിന് പിന്നാലെ കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നത് പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടി ബൈഡന്‍ രംഗത്തെത്തിയിരുന്നു. അമേരിക്കന്‍ ജനതയോട് തെറ്റായ വാര്‍ത്തകളില്‍ വീഴരുതെന്നും കൃത്യമായ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read More in English: White House to sharply limit access to Donald Trump after his return

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook