സിയോള്‍ : ചികിത്സിച്ചാലും ഭേദമാകാത്ത മതിഭ്രമമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെന്നു ഉത്തര കൊറിയ. അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റശേഷമുള്ള ആദ്യ ഏഷ്യന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്ന ട്രംപും ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉണ്ണും തമ്മില്‍ തുടരുന്നന്ന വാഗ്പോരില്‍ അവസാനത്തേതാണിത്. ഉത്തര കൊറിയയുടെ ആണവ സ്വപ്നങ്ങള്‍ അമേരിക്കയെ അസ്വസ്തമാക്കുമ്പോള്‍ അമേരിക്കയുടെ കൈകടത്തലുകളില്‍ രോഷാകുലനാണ്‌ ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരു രാഷ്ട്രത്തലവന്മാരും തുടരുന്ന യുദ്ധ മുറവിളികള്‍ പലപ്പോഴും മാന്യതയുടെ അതിരുകള്‍ വിട്ടുകൊണ്ട് വ്യക്തിപരമായ അക്രമങ്ങളാകുന്നതായും കാണാം.

തങ്ങളെയോ തങ്ങളുടെ സഖ്യകക്ഷികളെയോ സമ്മര്‍ദത്തിലാക്കുകയാണെങ്കില്‍ “ഉത്തരകൊറിയയെ മൊത്തമായി തകര്‍ക്കും” എന്ന് യുഎന്നില്‍ ഭീഷണി മുഴക്കിയ അമേരിക്കന്‍ പ്രസിഡന്റ്. ” കൊടുങ്കാറ്റിനു മുന്‍പുള്ള ശാന്തത” എന്നും ” തീയും രോഷവും” എന്നും സൂചനകള്‍ നല്‍കിക്കൊണ്ട് ഉത്തര കൊറിയയ്ക്ക് യുദ്ധത്തെ കുറിച്ചുള്ള താക്കീത് നല്‍കിയിരുന്നു.

നേരത്തെ ഉത്തര കൊറിയന്‍ പ്രസിഡന്‍റിനെ ‘റോക്കറ്റ് മാന്‍’ എന്ന് വിശേഷിപ്പിച്ച ട്രംപിനെ ബുദ്ധിമാന്ദ്യമുള്ളയാള്‍ എന്നര്‍ത്ഥം വരുന്ന “ഡോട്ടാര്‍ട്ട്” എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കിം ജോങ് ഉന്‍ മറുപടി നല്‍കിയത്.

സെപ്റ്റംബറില്‍ ഉത്തര കൊറിയ നടത്തിയ ആറാമത് ആണവപരീക്ഷണത്തിനു പിന്നാലെ. കൊറിയന്‍ ഉപദ്വീപിനോട് ചേര്‍ന്ന സൈനിക കേന്ദ്രത്തില്‍ ജെറ്റ് വിമാനങ്ങളും യുദ്ധവാഹിനികളും അടക്കം വിന്യസിപ്പിച്ചുകൊണ്ട് കൂടുതല്‍ സമ്മര്‍ദം ചെലുത്തുകയാണ് അമേരിക്ക.

നവംബര്‍ 7-8 തീയ്യതികളില്‍ ദക്ഷിണ കൊറിയ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ദക്ഷിണ പാര്‍ലമെന്‍റിനേയും അഭിസംബോധന ചെയ്യും എന്നാണ് അറിയാന്‍ സാധിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook