വാഷിങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് രാംനാഥ് കോവിന്ദ് എന്നിവരുടേതുൾപ്പെടെ ഇന്ത്യയുമായി ബന്ധപ്പെട്ട ട്വിറ്റർ ഹാൻഡിലുകളെ അമേരിക്കൻ ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസ് അൺഫോളോ ചെയ്തത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതിന് പിന്നാലെ വൈറ്റ് ഹൗസിന്റെ വിശദീകരണവും എത്തി.
“ഒരു നിശ്ചിത കാലത്തേക്ക് മാത്രമാണ് മറ്റ് രാജ്യങ്ങളിലെ നേതാക്കന്മാരെ വൈറ്റ് ഹൗസ് പിന്തുടരുകയുള്ളൂവെന്നാണ് അമേരിക്കന്‍ ഭരണസിരാകേന്ദ്രത്തിന്റെ വിശദീകരണം. അമേരിക്കന്‍ പ്രസിഡന്റ് യാത്ര ചെയ്യുന്ന സമയത്ത് അതിന് വേദിയൊരുക്കുന്ന രാജ്യങ്ങളിലെ നേതാക്കന്മാരുടെ ട്വീറ്റുകളും സന്ദേശങ്ങളും പങ്കുവയ്ക്കാനാണ് വൈറ്റ് ഹൗസ് അവരെ ഫോളോ ചെയ്യുന്നത്.”
Read More: ട്വിറ്ററിൽ നരേന്ദ്ര മോദിയെ അൺഫോളോ ചെയ്ത് വൈറ്റ് ഹൗസ്
ഏപ്രിൽ 10 നാണ് വൈറ്റ് ഹൗസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത ട്വിറ്റർ ഹാൻഡിൽ, ഓഫീസ് (പിഎംഒ), പ്രസിഡന്റ് രാം നാഥ് കോവിന്ദ് എന്നിവ ഫോളോ ചെയ്യാൻ തുടങ്ങിയത്. ഇതോടെ പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് കോവിന്ദും ട്വിറ്ററിൽ വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്ന ഏക ലോക നേതാക്കളായി.
ഏപ്രില്‍ 12 നാണ് മോദിയെ വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ ഇപ്പോള്‍ വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്നവരുടെ എണ്ണം 19ല്‍ നിന്ന് 13 ആയി കുറഞ്ഞു. ഇന്ത്യയിലെ അമേരിക്കന്‍ എംബസിയേയും, അമേരിക്കയിലെ ഇന്ത്യന്‍ എംബസിയെയും വൈറ്റ് ഹൗസ് ഫോളോ ചെയ്തിരുന്നു. ഈ അക്കൗണ്ടുകളെയും ഇപ്പോള്‍ അണ്‍ഫോളോ ചെയ്തിരിക്കുന്നതായാണ് കാണുന്നത്.
മോദിയെ വൈറ്റ് ഹൗസ് ഫോളോ ചെയ്യാൻ തുടങ്ങിയപ്പോൾ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മോദിയും തമ്മില്‍ വളരുന്ന സൗഹൃദത്തിന്റെ സൂചനയായാണ് പലരും ഇതിനെ കണ്ടത്.
കഴിഞ്ഞ ദിവസം രാജ്യാന്തര മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്മീഷന് ഇന്ത്യയ്ക്കെതിരെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ ചൊവ്വാഴ്ച രാത്രിയോടെയാണ് ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാ ട്വിറ്റര്‍ അക്കൗണ്ടുകളെയും വൈറ്റ് ഹൗസ് അണ്‍ഫോളോ ചെയ്തത്.
Read in English: White House explains why it unfollowed President Kovind, PM Modi