പട്ന: കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കര്‍മൈക്കോസിസ് രോഗം കണ്ടെത്തുന്നതു രാജ്യത്ത് കൂടിവരികയാണ്. ഈ രോഗം കാരണം നിരവധി സംസ്ഥാനങ്ങളില്‍ ആളുകളുകളുടെ ജീവന്‍ നഷ്ടപ്പെടുകയോ കണ്ണ്, താടിയെല്ല് തുടങ്ങിയ ശരീരഭാഗങ്ങള്‍ നീക്കം ചെയ്യേണ്ടി വരികയോ ചെയ്യുന്നത് വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ഇതിനുപിന്നാലെ ചില കോവിഡ് രോഗികളില്‍ വൈറ്റ് ഫംഗസ് അണുബാധ കണ്ടെത്തിയിരിക്കുകയാണ്. ബിഹാറിലെ പട്നയില്‍ വൈറ്റ് ഫംഗസ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രോഗം ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകാരിയാണെന്ന് പാട്‌ന പരാസ് ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും റെസ്പിറേറ്ററി മെഡിസിന്‍, പള്‍മോണോളജി വിഭാഗം തലവനുമായ ഡോ. അരുണേഷ് കുമാര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
വൈറ്റ് ഫംഗസിന് കാരണമാകുന്നത് എന്താണ്?
ബ്ലാക്ക് ഫംഗസ് കേസുകളിലെന്ന പോലെ പ്രതിരോധശേഷി കുറവായതിനാലാണ് വൈറ്റ് ഫംഗസ് അണുബാധയുണ്ടാകുന്നത്. അല്ലെങ്കില്‍ വെള്ളം പോലുള്ള പൂപ്പല്‍ അടങ്ങിയ വസ്തുക്കളുമായി ആളുകള്‍ സമ്പര്‍ക്കം പുലര്‍ത്തുകയാണെങ്കിലും അണുബാധയ്ക്കു സാധ്യതയുണ്ടെന്നു ഡോ. അരുണേഷ് കുമാര്‍ പറഞ്ഞു. വ്യക്തിശുചിത്വം പ്രധാനമാണെന്ന് അദ്ദേഹം ഉപദേശിക്കുന്നു.
വൈറ്റ് ഫംഗസ് ലക്ഷണങ്ങള്‍
”വൈറ്റ് ഫംഗസ് രോഗികള്‍ കോവിഡ് പോലുള്ള ലക്ഷണങ്ങള്‍ കാണിക്കുമെങ്കിലും ടെസ്റ്റ് ഫലം നെഗറ്റീവായിരിക്കും. സിടി സ്‌കാന്‍ അല്ലെങ്കില്‍ എക്‌സ്-റേ വഴി അണുബാധ കണ്ടെത്താന്‍ കഴിയും,”ഡോക്ടര്‍ പറഞ്ഞു.
വൈറ്റ് ഫംഗസ് ശ്വാസകോശത്തെ മാത്രമല്ല, ശരീരത്തിലെ മറ്റു ഭാഗങ്ങളെയും ബാധിക്കും. നഖങ്ങള്‍, ചര്‍മം, ആമാശയം, വൃക്ക, തലച്ചോറ്, സ്വകാര്യ ഭാഗങ്ങള്‍, വായ” എന്നിവയെ ഒക്കെ രോഗം ബാധിക്കുമെന്ന് അദ്ദേം പറഞ്ഞു.
കോവിഡ് രോഗികള്‍ക്ക് വൈറ്റ് ഫംഗസ് വരാനുള്ള സാധ്യത എന്തുകൊണ്ട്?
ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ കോവിഡ് രോഗികള്‍ക്ക് വൈറ്റ് ഫംഗസ് വരാനുള്ള സാധ്യത കൂടുതലാണ്, കാരണം ഇത് ശ്വാസകോശത്തെ ബാധിക്കുന്നു. കൊറോണ വൈറസിനു സമാനമായ ലക്ഷണങ്ങളും പ്രകടിപ്പിക്കുന്നു.
”പ്രമേഹ, അര്‍ബുദ രോഗികള്‍, ദീര്‍ഘകാലത്തേക്കു സ്റ്റിറോയിഡുകള്‍ കഴിക്കുന്നവര്‍ തുടങ്ങിയ രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍ കൂടുതല്‍ അപകടസാധ്യതയുള്ളവരാണ്. അതിനാല്‍ ഇവര്‍ പ്രത്യേക ശ്രദ്ധ നല്‍കണം. മെഡിക്കല്‍ ഓക്‌സിജന്‍ സഹായം തേടുന്ന കൊറോണ വൈറസ് രോഗികളെയും ഇത് ബാധിക്കുന്നു,”ഡോക്ടര്‍ പറഞ്ഞു.
അതിനിടെ, രാജ്യത്ത് വ്യാപിക്കുന്ന ബ്ലാക്ക് ഫംഗസ് ഭീഷണിക്കെതിരെ മുന്‍കരുതല്‍ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോവിഡ്-19 നെതിരായ പോരാട്ടത്തിനൊപ്പം ബ്ലാക്ക് ഫംഗസ് എന്ന മറ്റൊരു വെല്ലുവിളി കൂടി ഉയര്‍ന്നുവന്നിരിക്കുകയാണ്. ഇത് തടയാന്‍ മുന്‍കരുതലുകളും തയാറെടുപ്പുകളും നടത്തുന്നതില്‍ ശ്രദ്ധിക്കണമെന്നും മോദി ആവശ്യപ്പെട്ടു. വാരണാസിയിലെ ആരോഗ്യപ്രവര്‍ത്തകരെ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
എന്താണ് ബ്ലാക്ക് ഫംഗസ്
പലപ്പോഴും ചര്‍മത്തില്‍ പ്രത്യക്ഷപ്പെടുന്ന ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കര്‍മൈക്കോസിസ് രോഗം ശ്വാസകോശത്തെയും തലച്ചോറിനെയും ബാധിക്കുന്നു. മ്യൂക്കോമിസൈറ്റുകള്‍ എന്ന പൂപ്പലുകള്‍ അന്തരീക്ഷത്തില്‍നിന്ന് മൂക്കിലൂടെ സൈനസുകള്‍ വഴി കണ്ണില്‍ പ്രവേശിച്ച് തലച്ചോറിലും ശ്വാസകോശത്തിലുമെത്തുന്നു.
മിക്ക ബ്ലാക്ക് ഫംഗസ് കേസുകളും ചികിത്സയിലൂടെ മാറാറുണ്ട്. എന്നാല്‍ രോഗം ഗുരുതരമാകുന്ന ചില കേസുകളില്‍ രോഗം ബാധിച്ച ശരീരഭാഗങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടതായി വരാറുണ്ട്. കണ്ണ്, കവിളെല്ല് എന്നിങ്ങനെ നീക്കം ചെയ്യേണ്ടി വരുന്ന കേസുകള്‍ രാജ്യത്ത് കൂടി വരികയാണ്.
Also Read: കോവിഡ് -19 രോഗികൾക്കു ഭീഷണിയായി ‘കറുത്ത ഫംഗസ്’; എന്താണ് രോഗം, ചികിത്സ എന്ത്?
കണ്ണിനു ചുറ്റും അല്ലെങ്കില്‍ മൂക്കിനുചുറ്റുമുള്ള വേദനയും ചുവപ്പും, പനി, തലവേദന, ചുമ, ശ്വാസതടസം, രക്തം കലര്‍ന്ന ഛര്‍ദ്ദി, മാനസികാവസ്ഥയിലെ മാറ്റം എന്നിവയോടെയാണ് മുന്നറിയിപ്പ് ലക്ഷണങ്ങള്‍. സൈനസൈിറ്റിസ്, മൂക്കടപ്പ്, കറുത്ത നിറത്തിലും രക്തം കലര്‍ന്നമുള്ള മൂക്കൊലിപ്പ്, കവിള്‍ അസ്ഥിയില്‍ വേദന, മുഖത്തിന്റെ ഒരു ഭാഗത്ത് വേദന, മരവിപ്പ് അല്ലെങ്കില്‍ നീര്‍വീക്കം, മൂക്കിന്റെ പാലത്തിന് അല്ലെങ്കില്‍ അണ്ണാക്കിനു മുകളില്‍ കറുത്ത നിറം, പല്ലുകള്‍ക്കും താടിയെല്ലിനും ഇളക്കം, വേദനയോടുകൂടിയ കാഴ്ച മങ്ങല്‍ അല്ലെങ്കില്‍ ഇരട്ടക്കാഴ്ച, ധമനികളില്‍ രക്തം കട്ടപിടിക്കല്‍, കോശമരണം, തൊലിക്കു കേടുവരല്‍, നെഞ്ചുവേദന, ശ്വസന ലക്ഷണങ്ങള്‍ വഷളാകല്‍ എന്നിവ ശ്രദ്ധിക്കണം.