ചത്തീസ്ഗഢ്: ചത്തീസ്ഗഢിലെ ജയിലുകളില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നെന്ന വെളിപ്പെടുത്തല്‍ നടത്തിയ ജയില്‍ ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്തു. അച്ചടക്കലംഘനം ആരോപിച്ചാണ് നടപടി. റായ്പൂര്‍ ജയില്‍ ഡെപ്യൂട്ടി ജയിലറായിരുന്ന വര്‍ഷ ഡോങ്‌ഗ്രെയെ ജയിലിലെ ക്രൂരതകള്‍ ഫെയ്സ്ബുക്കിലൂടെയാണ് വെളിപ്പെടുത്തിയത്.

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ ക്രൂരമായ ചെയ്തികള്‍ക്കും ലൈംഗിക പീഡനത്തിനും ഇരയാക്കുന്നതായി ആരോപിച്ച ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ പിന്‍വലിക്കുകയും ചെയ്തു.

ഏപ്രില്‍ 24ന് ബസ്തറില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ആദിവാസി പെണ്‍കുട്ടികളെ പൊലീസ് ലക്ഷ്യംവെച്ചത്. 25 ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നാലെ മനുഷ്യാവകാശ പ്രവര്‍ത്തകരേയും ആദിവാസികളേയും പൊലീസ് വേട്ടയാടുന്നതായും ആരോപണം ഉയര്‍ന്നിരുന്നു.

പൊലീസ് സ്‌റ്റേഷനുകളില്‍ സ്ത്രീ ഉദ്യോഗസ്ഥര്‍ 14 മുതല്‍ 16വരെ പ്രായമുള്ള പെണ്‍കുട്ടികളെ നഗ്‌നരാക്കി കൈകളിലും മുലകളിലും ഇലക്ട്രിക് ഷോക്ക് നല്‍കാറുണ്ടെന്നായിരുന്നു വനിതാ ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍. നക്‌സലിസം അവസാനിപ്പിക്കാനല്ല. ആദിവാസികള്‍ക്ക് അവരുടെ ഭൂമി വിട്ടുപോകാന്‍ കഴിയില്ല, എന്നാല്‍ നിയമം നടപ്പിലാക്കുന്നവര്‍ സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ലക്ഷ്യമിട്ട് വ്യാജകേസുകള്‍ ചുമത്തി ജയിലില്‍ അടക്കുന്നതായും ഇവര്‍ ആരോപിച്ചു.

ആരോപണത്തിന് പിന്നാലെ രണ്ട് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് വര്‍ഷയോട് പൊലീസ് മേധാവി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വര്‍ഷയെ സസ്പെന്‍ഡ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ