വിസിൽ തൊണ്ടയിൽ കുടുങ്ങിയതിനെതുടർന്ന് നാല് വയസ്സുകാരന്റെ ശാസ്ത്രക്രിയ നടത്തി എയിംസ്. കുട്ടി തന്റെ ഷൂവിലെ 1.8 സെന്റീമീറ്റർ നീളമുള്ള വിസിലാണ് വിഴുങ്ങിയത്. തുടർന്ന് വിസിൽ വലത് ബ്രോങ്കസിൽ കുടുങ്ങുകയും കുട്ടിയ്ക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടും അസാധാരണ ശബ്ദങ്ങളും കേൾക്കാൻ തുടങ്ങിയതോടെ, ഡൽഹി എയിംസിൽ ബ്രോങ്കോസ്കോപ്പിക് ശസ്ത്രക്രിയ നടത്തുകയായിരുന്നു.
കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൽ രക്ഷിക്കാനായെന്ന് ഡോക്ടർമാർ പറയുന്നു. അത്യാഹിതവിഭാഗത്തിലാണ് കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത്. അവിടെ നിന്നു ശസ്ത്രക്രിയ റൂമിലേക്ക് മാറ്റുകയായിരുന്നു. എയിംസ് ഡയറക്ടർ ഡോ.എം ശ്രീനിവാസ്, ഡോ. മിനു ബാജ്‌പേയ്, ഡോ. പ്രബുദ്ധ് ഗോയൽ എന്നിവരടങ്ങുന്ന ഡോക്ടർമാരുടെ സംഘമാണ് 45 മിനിറ്റോളം നീണ്ട ശസ്ത്രക്രിയ നടത്തിയത്.
ഹരിയാന സ്വദേശിയായ കുട്ടി തന്റെ ഷൂവിലെ വിസിൽ ശബ്ദം ഇഷ്ടപ്പെടുകയും അത് ഷൂവിൽ നിന്നു വേർപ്പെടുത്തി വിഴുങ്ങുകയുമായിരുന്നു. വിസിൽ വലത് ബ്രോങ്കസിൽ കുടുങ്ങുകയും കുട്ടി ചുമയ്ക്കാൻ തുടങ്ങിയപ്പോഴാണ് മാതാപിതാക്കൾ കുട്ടിമായി എയിംസിൽ എത്തിയത്.
“കുട്ടിയ്ക്ക് വല്ലാതെ ചുമയും ശ്വസിക്കാൻ ബുദ്ധിമുട്ടും ഉണ്ടായിരുന്നു. ചുമയ്ക്കിടെ, ശ്വാസകോശത്തിൽ കുടുങ്ങിയ വിസിലിൽ നിന്ന് വിസിൽ ശബ്ദങ്ങളും വന്നിരുന്നു,” പീഡിയാട്രിക് സർജറി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. പ്രബുദ്ധ് പറഞ്ഞു.
ഇതൊരു അടിയന്തര സാഹചര്യമായിരുന്നു. കുട്ടിയെ ഓപ്പറേഷൻ തിയറ്ററിലേക്ക് മാറ്റി ബ്രോങ്കോസ്കോപ്പി നടത്തിയെന്നും ഡോ. ഗോയൽ കൂട്ടിച്ചേർത്തു. ബ്രോങ്കോസ്കോപ്പി നടത്താനായി നാല് പൈപ്പുകൾ വായിൽ വെയ്ക്കേണ്ടി വരും. ചെറിയ കുട്ടികളിൽ അത് ചിലപ്പോൾ മാരകമായേക്കാം.
“കുട്ടികളുടെ എയർപൈപ്പ് നമ്മുടെ ചെറുവിരലിനേക്കാൾ ചെറുതാണ്. അത്തരം ശസ്ത്രക്രിയകൾക്കായി, ഞങ്ങൾ അവിടം ദൃശ്യമാക്കുന്നതിന് വെളിച്ചമുള്ള ഒരു പൈപ്പും എന്താണ് ഓപ്പറേറ്റ് ചെയ്യേണ്ടതെന്ന് കാണാൻ ക്യാമറയും ഇടുകയും ചെയ്യുന്നു. ശസ്ത്രക്രിയയ്ക്കിടെ കുട്ടിക്ക് വേണ്ടത്ര ശ്വസിക്കാൻ വായുസഞ്ചാരം നൽകുന്നതിനാണ് മൂന്നാമത്തെ സംവിധാനം. തുടർന്ന് ശ്വാസകോശത്തിൽ കുടുങ്ങിയവ പുറത്തെടുക്കാനും ഒരു ഉപകരണം വയ്ക്കുന്നു, ”ഡോ. പ്രബുദ്ധ് വിശദീകരിച്ചു.
കുട്ടികൾ തങ്ങളുടെ കളിക്കോപ്പുകൾ വിഴുങ്ങുന്ന ഇത്തരം 100 കേസുകൾ
ഓരോ വർഷവും ഇൻസ്റ്റിറ്റിയൂട്ടിൽ നടക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. “ഇത്തരം സംഭവങ്ങൾ മസ്തിഷ്ക ക്ഷതം, ജീവഹാനി, ഓപ്പൺ ഹാർട്ട് സർജറി, ട്രാക്കിയോസ്റ്റമി മുതലായവയ്ക്ക് കാരണമായേക്കാം,” ഡൽഹി എയിംസിലെ പീഡിയാട്രിക് സർജറി വിഭാഗം മേധാവി ഡോ. മിനു പറഞ്ഞു.
നിലക്കടല, മുത്തുകൾ, ബാറ്ററികൾ, കളിപ്പാട്ടങ്ങളിലെ ചെറിയ ഘടകങ്ങൾ മുതലായവ കുട്ടികൾക്ക് ലഭ്യമാകാതെ കർശനമായി സൂക്ഷിക്കണമെന്ന് ഡോക്ടർമാർ പറഞ്ഞു. ഈ സംഭവം അസാധാരണമല്ലെന്നും കുട്ടികൾ, പ്രത്യേകിച്ച് അഞ്ച് വയസ്സിന് താഴെയുള്ളവർക്ക് ഇത് ചെയ്യാനുള്ള പ്രവണതയുണ്ടെന്നും മാതാപിതാക്കൾ വളരെ ശ്രദ്ധാലുവായിരിക്കണമെന്നും ഡോ. മിനു പറഞ്ഞു.
18-24 മാസം പ്രായമുള്ള കുട്ടികൾ കൈയിൽ കിട്ടുന്നതെന്തും വായിൽ ഇടാറുണ്ട്. ഇത് അവരുടെ സെൻസറി-മോട്ടോർ വികസനത്തിന് സഹായിക്കുമെന്ന് അറിയപ്പെടുന്നു. എന്നിരുന്നാലും, ഈ ശീലം എല്ലായ്പ്പോഴും സ്വയമേവ മാറില്ല. , ”ഡോ മിനു കൂട്ടിച്ചേർത്തു.