ജമ്മുകശ്മീര്‍ കേന്ദ്ര ഭരണ പ്രദേശമായി തുടരുന്നിടത്തോളം കാലം താന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ഉപാദ്ധ്യക്ഷനായ ഒമര്‍ അബ്ദുള്ള. ജമ്മുകശ്മീര്‍ സംസ്ഥാനത്തിന് പ്രത്യേക അവകാശങ്ങള്‍ നല്‍കിയിരുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി ഒരു വര്‍ഷം തികയാറാകുമ്പോള്‍ ഒമര്‍ അബ്ദുള്ള ദി ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

രാജ്യത്ത് കേന്ദ്ര ഭരണ പ്രദേശങ്ങളെ സംസ്ഥാനമായി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ആദ്യമായിട്ടാണ് ഒരു സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമായി തരംതാഴ്ത്തിയതെന്നും അദ്ദേഹം എഴുതി.

രാജ്യത്തെ ഏറ്റവും ശക്തമായ നിയമസഭയില്‍ അംഗമായിരിക്കുകയും ആറു വര്‍ഷത്തോളം ആ നിയമസഭയുടെ തലവനായി ഇരിക്കുകയും ചെയ്ത തനിക്ക് ശക്തി ചോര്‍ത്തി കളഞ്ഞ ഒരു നിയമസഭയില്‍ അംഗമായിരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറയുന്നു.

Read Also: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി; അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

“പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെല്ലാം ഇപ്പോഴും വീട്ടു തടങ്കലില്‍ ആയതിനാല്‍ നാഷണല്‍ കോണ്‍ഫറന്‍സിന് അടുത്ത രാഷ്ട്രീയ വഴി എന്താണെന്ന് തീരുമാനിക്കുന്നതിനുവേണ്ടി യോഗം ചേരാന്‍ ആയിട്ടില്ല,” കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ജമ്മുകശ്മീരിനുമേല്‍ കുമിഞ്ഞു കൂടുന്ന അനീതികള്‍ക്കെതിരെ പോരാടുമെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ഒമര്‍ അബ്ദുള്ളയെ 2019 ഓഗസ്റ്റ് നാലിന് രാത്രിയില്‍ ജമ്മു കശ്മീര്‍ ഭരണകൂടം വീട്ടുതടങ്കലില്‍ ആക്കുകയും 232 ദിവസത്തിനുശേഷം 2020 മാര്‍ച്ച് 24-ന് സ്വതന്ത്രമാക്കുകയും ചെയ്തു.

കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളിലായി ജമ്മുകശ്മീരില്‍ വിഘടന വാദം വളര്‍ന്നപ്പോള്‍ അതിനെ എതിര്‍ത്ത് താനും തന്റെ പാര്‍ട്ടിയും മുഖ്യധാരയില്‍ നിന്ന് പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഡസന്‍ കണക്കിന് മുഖ്യധാരാ രാഷ്ട്രീയ നേതാക്കളെ കരുതല്‍ തടങ്കലില്‍ ആക്കിയെന്നും നിയമവിരുദ്ധമായ ആ തടങ്കല്‍ തുടരുകയാണെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.

370-ാം വകുപ്പ് റദ്ദാക്കുന്നതിന് ബിജെപി പറഞ്ഞിരുന്ന വാദങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് തെറ്റാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു

“ജമ്മുകശ്മീരില്‍ വിഘടനവാദത്തിന് മരുന്നിടുന്നതും ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതിനും കാരണം 370-ാം വകുപ്പ് ആണെന്നായിരുന്നു ആരോപിച്ചിരുന്നത്. ഈ വകുപ്പ് റദ്ദാക്കുന്നതിലൂടെ ഭീകരവാദം അവസാനിക്കുമെന്നായിരുന്നു കെട്ടിഘോഷിച്ചത്. എന്നാല്‍, ജമ്മുകശ്മീരില്‍ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന് സുപ്രീംകോടതിയെ അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായി,” അദ്ദേഹം പറഞ്ഞു.

Read Also: Explained: What is Article 370?: എന്താണ് ആര്‍ട്ടിക്കിള്‍ 370?

“370-ാം വകുപ്പ് ജമ്മുകശ്മീര്‍ ജനതയെ ദാരിദ്ര്യത്തില്‍ നിലനിര്‍ത്തുന്നുവെന്നായിരുന്നു മറ്റൊരു അവകാശം. എന്നാല്‍ രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യമുള്ള പ്രദേശമായിരുന്നു ജമ്മുകശ്മീര്‍. ഈ വകുപ്പ് നിലനില്‍ക്കുന്നത് കാരണം ജമ്മുകശ്മീരിലേക്ക് നിക്ഷേപങ്ങള്‍ വരുന്നില്ലെന്നും ആരോപണമുണ്ടായിരുന്നു. ഭീകരവാദം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് ജമ്മുകശ്മീര്‍ ഏറ്റവും പുരോഗതിയുള്ള സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു. വ്യാവസായ വളര്‍ച്ചയും ഉല്‍പാദന രംഗത്ത് മികച്ച നിക്ഷേപങ്ങളും വന്നിരുന്നു. വിനോദ സഞ്ചാര രംഗത്തും നിക്ഷേപമെത്തിയിരുന്നു. ജമ്മുകശ്മീരിലെ സുരക്ഷാ സാഹചര്യങ്ങളായിരുന്നു നിക്ഷേപമെത്തുന്നതിനെ തടഞ്ഞിരുന്നത്,” അതേ കാരണം കൊണ്ട് തന്നെയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എടുത്ത് പറയത്തക്ക നിക്ഷേപമൊന്നും വരാതിരുന്നതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

370-ാം വകുപ്പ് ജമ്മുകശ്മീരിനെ പിന്നാക്കാവസ്ഥയ്ക്ക് കാരണം എന്ന് വാദമുണ്ടായിരുന്നു. എന്നാല്‍, ഗുജറാത്തിനെ പോലുള്ള വികസിത സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മനുഷ്യ ശേഷി വികസന സൂചികകളില്‍ ജമ്മുകശ്മീര്‍ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.

Read in English: Omar Abdullah writes: While Jammu and Kashmir remains UT, will not contest Assembly elections

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook