ന്യൂഡല്‍ഹി: ആന്ധ്രാ ഭവനുമുന്നില്‍ സത്യാഗ്രഹ സമരമിരിക്കുന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിനെ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. സമരവേദിക്കു ചുറ്റും തടിച്ചു കൂടിയ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളോട് നുണ പറയുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

‘എവിടെയൊക്കെ പ്രധാനമന്ത്രി മോദി പോകുന്നുവോ, അവിടെയെല്ലാം അദ്ദേഹം നുണ പറയും. ആന്ധ്രാപദേശില്‍ പോയി അവിടെയും നുണ പറഞ്ഞു. സംസ്ഥാനത്തിന്റെ പ്രത്യേക പദവിയെ കുറിച്ചായിരുന്നു അത്. നോര്‍ത്ത് ഈസ്റ്റില്‍ പോയി അവിടെയും നുണ പറഞ്ഞു. മോദിക്ക് വിശ്വാസ്യത ഇല്ല,’ രാഹുല്‍ പറഞ്ഞു.

താന്‍ ആന്ധ്രാപ്രദേശിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും, ഏതാനും മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ, അതു കഴിഞ്ഞാല്‍ രാജ്യത്തെ ജനങ്ങളുടെ വികാരമെന്താണെന്ന് മോദിക്ക് പ്രതിപക്ഷം കാണിച്ചുകൊടുക്കുമെന്നും രാഹുല്‍ പറഞ്ഞു. ആന്ധ്രാപ്രദേശിലെ ജനങ്ങളില്‍ നിന്നും മോദി മോഷ്ടിക്കുകയായിരുന്നുവെന്നും അനില്‍ അംബാനിക്ക് പണം നല്‍കുകയായിരുന്നുവെന്നും രാഹുല്‍ ആരോപിച്ചു.

‘നമ്മള്‍ എല്ലാവരും ഒന്നിച്ച് നിന്ന് ബിജെപിയെ നേരിടണം,’ രാഹുല്‍ ഗാന്ധി പറഞ്ഞു. മോദി ആന്ധ്രാപ്രദേശിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്‌ദാനം പാലിച്ചില്ലെന്നും രാഹുല്‍ പറഞ്ഞു. ‘ആന്ധ്രാ പ്രദേശ് ഈ രാജ്യത്തിന്റെ ഭാഗമല്ലേ? ജനങ്ങള്‍ക്ക് നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കാതിരിക്കാന്‍ മാത്രം ധൈര്യമാണോ മോദിക്ക്?,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

ആന്ധ്രാ പ്രദേശിന്റെ പ്രത്യേക പദവി ആവശ്യപ്പെട്ട് ഇന്ന് രാവിലെ എട്ട് മണിക്കാണ് രാജ്യ തലസ്ഥാനത്ത് ചന്ദ്രബാബു നായിഡു ഉപവാസം ആരംഭിച്ചത്. രാത്രി എട്ടുമണിയോടെ ഉപവാസം അവസാനിപ്പിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook