ന്യൂഡൽഹി: കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മുംബൈ നഗരം വെള്ളത്തില്‍ മുങ്ങിയപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു എന്ന് പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുംബൈയുടെ തെരുവുകളില്‍ കാണാതിരുന്നതില്‍ രാഹുല്‍ അതൃപ്തി പ്രകടിപ്പിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ തെരുവുകളില്‍ അവരെ കാണേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘മുംബൈയില്‍ വെള്ളപ്പൊക്കം വന്നപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു? ആവശ്യമുള്ളപ്പോഴെല്ലാം സാധാരണക്കാര്‍ക്ക് സഹായവുമായി തെരുവുകളില്‍ നാം ഉണ്ടാകണം. അങ്ങനെയേ പാര്‍ട്ടിക്ക് വളരാന്‍ സാധിക്കൂ,’ മുംബൈയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോട് രാഹുല്‍ പറഞ്ഞു.

Read More: ‘അണക്കെട്ട് തകര്‍ത്തത് കൂട്ടമായി എത്തിയ ഞണ്ടുകള്‍’; വിചിത്ര വാദവുമായി മഹാരാഷ്ട്ര മന്ത്രി

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനം രാജിവച്ച രാഹുല്‍ ഗാന്ധി അപകീര്‍ത്തി കേസിലെ വാദത്തിനായി മുംബൈയില്‍ എത്തിയതായിരുന്നു. വാദത്തിനു ശേഷം അദ്ദേഹം മുംബൈ വിമാനത്താവളത്തിലെ ലോഞ്ചില്‍ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി. മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റ് മിലിന്ദ് ദിയോറ, മുന്‍ സിറ്റി പ്രസിഡന്റ് സഞ്ജയ് നിരുപം, മുന്‍ സംസ്ഥാന മന്ത്രിമാരായ കൃപശങ്കര്‍ സിങ്, നസീം ഖാന്‍, വര്‍ഷ ഗെയ്ക്വാഡ്, മുന്‍ എംപി ഏകനാഥ് ഗെയ്ക്വാഡ്, എംഎല്‍എ അമിന്‍ പട്ടേല്‍, മുതിര്‍ന്ന നേതാവ് ചരണ്‍ സിങ് സപ്ര തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

രാഹുല്‍ ഗാന്ധി സ്ഥാനമൊഴിയാനുള്ള തീരുമാനം പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു കൊണ്ട് കോടതിക്ക് പുറത്ത് ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയിരുന്നു. അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ മുതിര്‍ന്ന സംസ്ഥാന നേതാക്കളും രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വ്യാഴാഴ്ച നടന്ന ചര്‍ച്ചയ്ക്കിടെ ഇക്കാര്യം ഉന്നയിച്ചിട്ടില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, രാജിവച്ചെങ്കിലും വ്യാഴാഴ്ച നടന്ന ചർച്ചകളിൽ അദ്ദേഹം ഇപ്പോഴും പാർട്ടി കാര്യങ്ങളുടെ ചുമതല വഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നു. പാർട്ടി നേതാക്കളെ ശാസിക്കുകയും പൊതുജനങ്ങൾക്കിടയിൽ കൂടുതൽ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിനു പറമേ, തിരഞ്ഞെടുപ്പ് തന്ത്രത്തെക്കുറിച്ചും രാഹുൽ ചർച്ച ചെയ്തു. എൻ‌സി‌പിയുമായുള്ള സഖ്യത്തെക്കുറിച്ചും വി‌ബി‌എയുമായി സഖ്യ ചർച്ച നടത്തുന്നതിന്റെ ഗുണദോഷങ്ങളെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook