കൊൽക്കത്ത: നിരോധിച്ച നോട്ടുകളിൽ ഭൂരിഭാഗവും തിരിച്ചെത്തിയ സാഹചര്യത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനമുയർത്തി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇത്രയും കള്ളപ്പണം എവിടെ പോയെന്നു ട്വിറ്ററിലൂടെ അവർ ചോദിച്ചു.
”റിസർവ് ബാങ്കിന്റെ 2017-18 വർഷത്തെ വാർഷിക റിപ്പോർട്ട് നമ്മുടെ ധാരണകള്‍ സ്ഥിരീകരിച്ചിരിക്കുന്നു. 99.3 ശതമാനം പണവും ബാങ്കിങ് സംവിധാനത്തിലേക്കു തിരികെയെത്തി. എന്റെ ആദ്യത്തെ ചോദ്യം കള്ളപ്പണം എവിടെ പോയെന്നതാണ്? കള്ളപ്പണം കൈവശമുള്ള ചിലർക്ക് അതു വെളുപ്പിക്കാൻ വേണ്ടിയാണോ നോട്ട് നിരോധനം ആസൂത്രണം ചെയ്തത്?” മമത ചോദിച്ചു.
രാജ്യത്തെ സാധാരണക്കാരായ ജനങ്ങളെയാണ് നോട്ടുനിരോധനം കാര്യമായി ബാധിച്ചത്. പ്രത്യേകിച്ചു കർഷകർ, അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്നവർ, ചെറുകിട വ്യവസായികൾ, കഠിനാധ്വാനം ചെയ്യുന്ന മധ്യവർഗ വിഭാഗങ്ങളിലെ ജനങ്ങള്‍ എന്നിവരെ. എന്തൊരു ദുരന്തമാണിത്, എന്തൊരു നാണക്കേടാണിതെന്നും മമത ചോദിച്ചു.
അസാധുവാക്കിയ 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് ആർബിഐ ഇന്നലെ അറിയിച്ചിരുന്നു. 500,100 നോട്ടുകൾ അസാധുവാക്കി കൊണ്ടുളള പ്രഖ്യാപനം ഉണ്ടാകുന്ന സമയത്ത് 15.41 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് വിനിമയരംഗത്ത് ഉണ്ടായിരുന്നത്. ഇതിൽ 15.31 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് തിരിച്ചെത്തിയതെന്ന് ആർബിഐയുടെ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുളളത്.
അസാധുവാക്കിയ അഞ്ഞൂറ്, ആയിരം രൂപകളുടെ നോട്ടുകളുടെ (എസ്ബിഎൻഎസ്) പ്രോസസിങ്ങും വെരിഫിക്കേഷനും ആയിരുന്നു പ്രധാന വെല്ലുവിളി. അതിൽ ആർബിഐ വിജയിച്ചു. തിരിച്ചെത്തിയ നോട്ടുകൾ കറൻസി വെരിഫിക്കഷൻ ആന്റ് പ്രോസസിങ് സിസ്റ്റം (സിവിപിഎസ്) വഴി കൃത്യമായി പരിശോധിച്ച് എണ്ണി തിട്ടപ്പെടുത്തി. അതിനുശേഷം അവ നശിപ്പിച്ചുവെന്നും ആർബിഐ വ്യക്തമാക്കി.
നോട്ട് അസാധുവാക്കലിന് പണമിടപാടുകളിൽ കാര്യമായ കുറവ് വന്നിട്ടില്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കുന്നു. അതിനുശേഷം കൂടുതൽ പണം വിനിമയത്തിന് എത്തിച്ചു. 18 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് വിനിമയത്തിനിറക്കിയത്. 2 വർഷം കൊണ്ട് 37 ശതമാനത്തിന്റെ വർധനവയാണ് ഉണ്ടായിരിക്കുന്നത്. 500 ന്റെയും 2000ന്റെയും പുതിയ നോട്ടുകളാണ് ഇപ്പോൾ വിനിമയ രംഗത്തിന്റെ 80 ശതമാനമെന്നും ആർബിഐ വ്യക്തമാക്കുന്നു.
നോട്ട് നിരോധന പ്രഖ്യാപനം നടന്ന് 21 മാസത്തിനുശേഷമാണ് തിരിച്ചെത്തിയ നോട്ടുകളുടെ കൃത്യമായ കണക്ക് ആർബിഐ പുറത്തുവിടുന്നത്. ഇതിനു മുൻപ് പലതവണ ഇതു സംബന്ധിച്ച് ചോദ്യം ഉയർന്നിരുന്നുവെങ്കിലും നോട്ടുകൾ എണ്ണി തീർന്നിട്ടില്ല എന്ന മറുപടിയാണ് ആർബിഐ നൽകിയത്.
2016 നവംബർ എട്ടിന് രാത്രി എട്ടു മണിക്കാണ് 500, 1000 രൂപയുടെ നോട്ടുകൾ അസാധുവാക്കിക്കൊണ്ടുളള പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. കളളപ്പണത്തിനും അഴിമതിക്കും കളളനോട്ടിനും എതിരായ യുദ്ധം എന്നു വിശേഷിപ്പിച്ചാണ് അദ്ദേഹം നോട്ട് അസാധുവാക്കൽ പ്രഖ്യാപനം നടത്തിയത്.