ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. ചൈന-ഇന്ത്യ വിഷയത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസ്‌താവനയെ പരിഹസിച്ചാണ് നരോത്തം മിശ്രയുടെ പ്രതികരണം. കോൺഗ്രസ് നേതൃത്വം നൽകുന്ന യുപിഎ സർക്കാർ ആയിരുന്നു അധികാരത്തില്ലെങ്കിൽ ലഡാക്കിൽ നിന്ന് ചൈനയെ വെറും 15 മിനിട്ടുകൾക്കകം തുരത്തുമായിരുന്നു എന്ന് രാഹുൽ ഗാന്ധി രണ്ട് ദിവസം മുൻപ് പറഞ്ഞിരുന്നു. ഇത്തരം പ്രസ്‌താവനകൾ നടത്തുന്ന രാഹുൽ ഗാന്ധിക്ക് എവിടെ നിന്നാണ് ഇത്ര നല്ല മയക്കുമരുന്ന് ലഭിക്കുന്നതെന്ന് നരോത്തം മിശ്ര ചോദിച്ചു.
“പത്ത് ദിവസംകൊണ്ട് വായ്‌പകൾ എഴുതിത്തള്ളും, 15 ദിവസങ്ങൾകൊണ്ട് ചൈനയെ പുറത്താക്കും…രാഹുലിനെ ഇതെല്ലാം പഠിപ്പിച്ച അധ്യാപകനെ ഞാൻ നമസ്‌കരിക്കുന്നു. എവിടെ നിന്നാണ് രാഹുലിന് ഇത്ര നല്ല ലഹരിമരുന്ന് ലഭിക്കുന്നത്,” നരോത്തം മിശ്ര ചോദിച്ചു.
Read Also: ബിജെപി മാർച്ചിൽ സംഘർഷം; പൊലീസിനു നേരെ ബോബേറ്
കാർഷിക പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകി സംസാരിക്കുമ്പോഴാണ് രാഹുൽ ഗാന്ധി കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. “ആരും നമ്മുടെ സ്ഥലം കൈയേറിയിട്ടില്ലെന്നാണ് മോദി പറയുന്നത്. എന്നാൽ, സ്വന്തം സ്ഥലം മറ്റൊരു രാജ്യം കൈയേറിയ ഏക രാജ്യം ഇന്ത്യയാണ്. ചൈന നമ്മുടെ സ്ഥലം കൈയേറി. മോദി സ്വയം രാജ്യസ്‌നേഹിയെന്ന് വിശേഷിപ്പിക്കുന്നു. പക്ഷേ, എല്ലാവർക്കും അറിയാം ചൈനീസ് പട്ടാളം നമ്മുടെ അതിർത്തിക്കുള്ളിലാണെന്ന്,” രാഹുൽ ഗാന്ധി വിമർശിച്ചു.