ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജമ്മു കശ്മീരിലെ പിസിസി അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിര്‍, കോണ്‍ഗ്രസ് വക്താവ് രവീന്ദര്‍ ശര്‍മ എന്നിവരെ അറസ്റ്റ് ചെയ്ത നടപടിയിലാണ് രാഹുല്‍ ഗാന്ധി പ്രതിഷേധം അറിയിച്ചത്. നേതാക്കളുടെ അറസ്റ്റിനെ ശക്തമായി അപലപിക്കുന്നു എന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഒരു ദേശീയ പാര്‍ട്ടിക്കെതിരായി ഇത്തരം ഒരു പ്രകോപനപരമായ നടപടിയെടുത്തതോടെ കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യ വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി നല്‍കിയിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ ഭ്രാന്ത് എപ്പോഴാണ് അവസാനിക്കുക എന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ചോദിച്ചു

കഴിഞ്ഞ ദിവസമാണ് രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും പൊലീസ് തടങ്കലിലാക്കുന്നത്. ഇവരുടെ അറസ്റ്റ് എന്തിനാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. കശ്മീരില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി മുന്‍കരുതല്‍ എന്ന നിലയിലാണ് നേതാക്കളെ തടങ്കലിലാക്കിയിരിക്കുന്നത് എന്നാണ് പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നത്.

Read Also: ട്രംപിനെ ഇമ്രാന്‍ ഖാന്‍ ഫോണില്‍ വിളിച്ചു; ജമ്മു കശ്മീര്‍ വിഷയത്തില്‍ എതിര്‍ സ്വരവുമായി ചൈന

അതേസമയം, കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. വരും ദിവസങ്ങളില്‍ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരുമെന്ന് ചീഫ് സെക്രട്ടറി ബി.വി.ആര്‍.സുബ്രഹ്മണ്യന്‍ അറിയിച്ചു. നിരോധാജ്ഞയ്ക്കിടെ ഒരു ജീവന്‍ പോലും നഷ്ടമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ”സമാധാനം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടെ ഒരു മരണം പോലും സംഭവിച്ചില്ല. ഒരാള്‍ക്കും പരുക്കേറ്റിട്ടുമില്ല. ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വരും ദിവസങ്ങളിലതുണ്ടാകും” അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook