ഭോപാല്‍: മധ്യപ്രദേശില്‍ അശോക് നഗറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൂടി നിന്ന ആളുകളോട് രാഹുല്‍ ഗാന്ധിയെ കുറിച്ച് ചോദ്യം ചോദിച്ച് വെട്ടിലായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും വാഗ്ദാനം ചെയ്തതു പോലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളിയോ എന്നായിരുന്നു സ്മൃതി ഇറാനി ചോദിച്ചത്. മുഖത്തിടിക്കും പോലായിരുന്നു മറുടി. കോണ്‍ഗ്രസ് വാഗ്ദാനം പാലിച്ചെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു.

സ്മൃതി ഇറാനി ചോദ്യം ആവര്‍ത്തിച്ചു. ജനങ്ങള്‍ ഉത്തരവും. ജനങ്ങളുടെ മറുപടി അര മിനുട്ടോളം നീണ്ട് നിന്നപ്പോള്‍ സ്മൃതി ഇറാനിയ്ക്ക് പ്രസംഗം നിര്‍ത്തി വെക്കേണ്ടിയും വന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്.

ഈ വീഡിയോ മധ്യപ്രദേശ് കോണ്‍ഗ്രസ് തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചു. നുണ പ്രചരണങ്ങള്‍ക്ക് ജനങ്ങള്‍ നേരിട്ട് മറുപടി നല്‍കി തുടങ്ങിയെന്നും കോണ്‍ഗ്രസ് ഇതോടൊപ്പം ചേര്‍ത്തു.

മധ്യപ്രദേശില്‍ നേരത്തേ 1200 കര്‍ഷകര്‍ കടക്കെണി മൂലം ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അധികാരത്തിലെത്തിയാല്‍ കടങ്ങള്‍ എഴുതി തള്ളുമെന്ന് കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയിരുന്നു. മധ്യപ്രദേശില്‍ അധികാരത്തിലെത്തിയതിന് ശേഷം 21 ലക്ഷം കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളിയെന്ന് അവകാശപ്പെട്ടു കൊണ്ട് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രേഖകള്‍ പുറത്തു വിട്ടിരുന്നു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതുവരെ 21 ലക്ഷം പേര്‍ക്കാണ് ഇതുവരെ ജയ് കിസാന്‍ വായ്പാ ഇളവ് പദ്ധതിയിലൂടെ മധ്യപ്രദേശില്‍ ഗുണം ലഭിച്ചിട്ടുള്ളതെന്നും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇത് 55 ലക്ഷം പേരിലേക്ക് എത്തുമെന്നും പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസ് കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളി എന്നത് കള്ളമാണെന്നും ജനങ്ങളെ പറ്റിക്കുകയാണെന്നും വാദിച്ച് കഴിഞ്ഞ ദിവസം ബിജെപി നേതാക്കളും മുന്‍ മുഖ്യമന്ത്രി ശഇവരാജ് സിങ് ചൗഹാനും രംഗത്തെത്തിയിരുന്നു. എന്നാല്‍ വായ്പ ഇളവ് നേടിയ 21 ലക്ഷം കര്‍ഷകരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ച് തുറന്ന ജീപ്പില്‍ ചൗഹാന്റെ വീട്ടില്‍ കൊണ്ടു പോയിക്കൊടുത്താണ് കോണ്‍ഗ്രസ് ഇതിന് മറുപടി നല്‍കിയത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുരേഷ് പചൗരിയുടെ നേതൃത്വത്തിലായിരുന്നു ഈ നീക്കം. ശിവരാജ് സിങ് ചൗഹാന്റെ വീട്ടിലെത്തി വിവരങ്ങള്‍ കൈമാറുന്ന ചിത്രങ്ങള്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook