ന്യൂഡൽഹി: ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ രാജ്യത്ത് അനിയന്ത്രിതമായിരിക്കുന്നുവെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. വരും തലമുറ ഇത്തരം ചെയ്തികളെ ചോദ്യം ചെയ്യും. ഈയൊരു സാഹചര്യത്തില്‍ രാജ്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ സംരക്ഷിക്കാന്‍ പ്രത്യേകതാല്‍പര്യം എടുത്തേ മതിയാകൂവെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രത്യേക പതിപ്പിന്റെ പ്രകാശനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് നൂറോളം പേര്‍ ചേര്‍ന്ന് അസ്ഗര്‍ അലി എന്നറിയപ്പെടുന്ന ആലിമുദ്ദീന്‍ എന്ന വ്യാപാരിയെ തല്ലി കൊലപ്പെടുത്തി, കാറിന് തീയിട്ടത്. ബീഫ് കടത്തുന്നു എന്ന സംശയിച്ചായിരുന്നു ആക്രമണം. പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ ട്രെ​യി​നി​ൽ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ക​യാ​യി​രു​ന്ന 16കാ​രനായ ജുനൈദിനെ ബീ​ഫ്​ ക​ഴി​ക്കു​ന്ന​വ​രെ​ന്ന്​ ആ​രോ​പി​ച്ച് വർഗീയവാദികൾ മർദ്ദിക്കുകയും കു​ത്തി​ക്കൊ​ല്ലുകയും ചെയ്​തതും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

കന്നുകാലികളുടെ പേരിൽ നടന്ന അക്രമങ്ങളിൽ 97 ശതമാനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നശേഷമാണെന്നാണ് റിപ്പോർട്ടുകൾ. 2014 മേയിലാണ് മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ അധികാരമേറ്റത്. പശുവുമായി ബന്ധപ്പെട്ട 63 പ്രശ്നങ്ങളിൽ പകുതിയും (32 എണ്ണം) ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണു റിപ്പോർട്ട് ചെയ്തത്.

പശുവുമായി ബന്ധപ്പെട്ട അക്രമങ്ങൾ ഏറ്റവും വർധിച്ചത് 2017ൽ ആണ്. ആദ്യ ആറുമാസത്തിനുള്ളിൽ പശുവുമായി ബന്ധപ്പെട്ട് 20 ആക്രമണങ്ങളുണ്ടായി. ആൾക്കൂട്ടത്തിന്റെ ആക്രമണം, ഗോസംരക്ഷകരുടെ ആക്രമണം, കൊലപാതകം, കൊലപാതകശ്രമം, ചൂഷണം, കൂട്ടമാനഭംഗം എന്നിവയെല്ലാം കന്നുകാലികളെച്ചൊല്ലുയുണ്ടായി. 29 സംസ്ഥാനങ്ങളിൽ പത്തൊൻപതിടത്തും പശുവിന്റെ പേരിൽ ആക്രമണം ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. ഉത്തർപ്രദേശ് (10), ഹരിയാന (9), ഗുജറാത്ത് (6), കർണാടക (6), മധ്യപ്രദേശ് (4), ഡൽഹി (4), രാജസ്ഥാൻ (4) എന്നിവിടങ്ങളിലാണു കൂടുതൽ കേസ് റിപ്പോർട്ടു ചെയ്തത്.

കന്നുകാലികളുമായി ബന്ധപ്പെട്ട ആക്രമണങ്ങള്‍ക്ക് ഇരയാകുന്നതിൽ 50.8 ശതമാനവും മുസ്‍ലിം വിഭാഗത്തിൽപ്പെടുന്നവരാണ്. 7.9 ശതമാനം ദലിതർ, 4.8 ശതമാനം സിഖ് അല്ലെങ്കിൽ ഹിന്ദു, 1.6 ശതമാനം ക്രിസ്ത്യൻ, 14.3 ശതമാനം ഹിന്ദുക്കൾ, 20.6 ശതമാനം മതം ഏതെന്ന് കൃത്യമായി രേഖപ്പെടുത്താത്തവർ എന്നിങ്ങനെയാണ് അക്രമിക്കപ്പെട്ടവരുടെ മറ്റു കണക്കുകൾ. മിക്ക അക്രമങ്ങളിലും ആരെയും അറസ്റ്റു ചെയ്തതായി റിപ്പോർട്ടില്ല. 13 കേസുകളിൽ ഇരകൾക്കുനേരെയാണു പൊലീസ് കേസ് ഫയൽ ചെയ്തത്. 23 ആക്രമണങ്ങൾ നടത്തിയത് തീവ്രഹിന്ദുത്വ നിലപാടുള്ള സംഘടനകളോ ആൾക്കൂട്ടങ്ങളോ ആണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ