ന്യൂഡൽഹി: എയർ ഏഷ്യ വിമാന ജീവനക്കാർ തീവ്രവാദിയായി ചിത്രീകരിക്കുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തുവെന്ന് വനിതാ യാത്രക്കാരിയുടെ പരാതി. വിമാന ജീവനക്കാർ മോശമായി പെരുമാറിയെന്നും ശല്യപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നൽകിയത്. നവംബർ മൂന്നിന് എയർ ഏഷ്യയുടെ ഹൈദരാബാദ് വഴിയുള്ള ഐ5 1585 റാഞ്ചി-ബെംഗളൂരു വിമാനത്തിലെ മൂന്നു ജീവനക്കാരിൽ നിന്നാണ് യുവതിക്ക് മോശം പെരുമാറ്റം നേരിട്ടതെന്ന് വാർത്താ എജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
വിമാനത്തിലെ വൃത്തിഹീനമായ കക്കൂസിനെ കുറിച്ച് യുവതി പരാതിപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഇതേതുടർന്ന് ക്യാബിൻ മേൽനോട്ടക്കാരൻ അസഭ്യം പറയുകയും ശരീരത്തിൽ തൊടുകയും ചെയ്തു. തന്നെ കണ്ടാൽ തീവ്രവാദിയെ പോലെ തോന്നുമെന്ന് പറഞ്ഞ് ബോർഡിങ് പാസിന്റെ ചിത്രമെടുത്തു. അർധരാത്രിയിൽ മുഴുവൻ യാത്രക്കാരും വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയെങ്കിൽ തന്നെ പോകാൻ അനുവദിച്ചില്ലെന്നും യുവതി ആരോപിക്കുന്നു.
ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ ക്യാപ്റ്റനോടും ക്യാബിൻ മേൽനോട്ടക്കാരനോടും മാപ്പു പറഞ്ഞില്ലെങ്കിൽ സുരക്ഷാസേനക്ക് കൈമാറുമെന്ന് ഭീഷണിപ്പെടുത്തി. കൂടാതെ തന്റെ ചുറ്റും നിന്ന ജീവനക്കാർ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. വിമാന ജീവനക്കാർ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ബെംഗളൂരുവിൽ വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫിനോട് യുവതി പരാതിപ്പെട്ടിട്ടുമുണ്ട്. അതേസമയം, യുവതിയുടെ ആരോപണങ്ങളെല്ലാം വമാനക്കന്പനി നിഷേധിച്ചിട്ടുണ്ട്.
ഇൻഡിഗോ വിമാന ജീവനക്കാർ യാത്രക്കാരനെ ക്രൂരമായി മർദ്ദിച്ചത് വലിയ വിവാദമായതിന് പിന്നാലെയാണ് സ്വകാര്യ വിമാനക്കന്പനി ജീവനക്കാർക്കെതിരെ കൂടുതൽ ആരോപണങ്ങൾ വരുന്നത്. ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഒക്ടോബർ 15 നായിരുന്നു ഇൻഡിഗോ ജീവനക്കാരുടെ അതിക്രമം നടന്നത്.
#WATCH: IndiGo staff manhandle a passenger at Delhi's Indira Gandhi International Airport (Note: Strong language) pic.twitter.com/v2ola0YzqC
— ANI (@ANI) November 7, 2017
ചെന്നൈയിൽനിന്നും ഡൽഹിയിലെത്തിയ രാജീവ് കത്യാൽ വിമാനയാത്രക്കാർക്കുളള ബസ് വരാൻ വൈകിയതിനെ ചോദ്യം ചെയ്തതാണ് മർദനത്തിൽ കലാശിച്ചത്. കത്യാലും ജീവനക്കാരനും ഇതേച്ചൊല്ലി വാക്കേറ്റം ഉണ്ടായി. വാഹനത്തിൽ കയറാൻ തുടങ്ങിയ രാജീവിനെ ജീവനക്കാരൻ ബലമായി പിടിച്ചുമാറ്റുകയും അടിച്ചു താഴെയിടുകയും നിലത്തുവീണ അദ്ദേഹത്തെ ക്രൂരമായി മർദിക്കുകയുമായിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook