ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ വിവാഹം കഴിച്ചാല്‍ ആര്‍ക്കും ഇടപെടാനുളള അവകാശമില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. വിവാഹത്തിന്റെ പേരില്‍ നടക്കുന്ന ദുരഭിമാനക്കൊലകള്‍ക്കെതിരെ ശക്തമായ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. നേരത്തെ ഹാദിയ കേസിലും സുപ്രീം കോടതി സമാനമായ പരാമര്‍ശമാണ് നടത്തിയത്.

‘മാതാപിതാക്കളോ, സമൂഹമോ മറ്റ് ആരായാലും ആര്‍ക്കും ഇതില്‍ ഇടപെടാനാവില്ല’, ചീഫ് ജസ്റ്റിസ് പറഞ്ഞു. ദുരഭിമാനക്കൊലയും ഖാപ് പഞ്ചായത്തുകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തി വാഹിനി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. കുടുംബത്തിന്റെ ആഗ്രഹത്തിന് എതിരായി വിവാഹം കഴിക്കുന്നവരെ ശിക്ഷിക്കാനുളള അധികാരം തങ്ങള്‍ക്കാണെന്ന് കരുതുന്ന ഖാപ് പഞ്ചായത്തുകള്‍ ഹരിയാന പോലെയുളള സംസ്ഥാനങ്ങളില്‍ വ്യാപകമാണ്.

എന്നാല്‍ തങ്ങള്‍ ഇത്തരം കൊലപാതകങ്ങള്‍ക്ക് എതിരാണെന്ന് ഖാപ് പഞ്ചായത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ ഖാപ് പഞ്ചായത്തിനെ കണക്കിലെടുക്കുന്നില്ലെന്നും പ്രായപൂര്‍ത്തിയായ കമിതാക്കളുടെ അവകാശം മാത്രമാണ് കോടതി പരിഗണിക്കുന്നതെന്നും സുപ്രിം കോടതി പറഞ്ഞു. ഇരുവരും പരസ്പരം വിവാഹം കഴിക്കുന്നത് നല്ലതായാലും മോശമായാലും അതില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്നും കോടതി അറിയിച്ചു.

ഡല്‍ഹിയില്‍ കാമുകിയുടെ ബന്ധുക്കള്‍ അങ്കിത് സക്സേന എന്നയാളെ കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ വിധി എന്നതും ശ്രദ്ധേയമാണ്. വ്യാഴാഴ്ചയാണ് അങ്കിത് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ കുത്തേറ്റ് മരിച്ചത്. എന്നാല്‍ കോടതിയില്‍ ഈ കൊലപാതകത്തെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ കോടതി അതിനെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. അത് മറ്റൊരു കേസ് ആണെന്ന് കോടതി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ