ന്യൂഡൽഹി: ഇസ്രായേൽ നിർമിത ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് 121 ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ വാട്സാപ് സർക്കാർ ഏജൻസികളെ അറിയിച്ചതായി അടുത്ത വൃത്തങ്ങൾ. നമ്പരുകൾ ഏതൊക്കെയാണെന്ന് ദ് ഇന്ത്യൻ എക്‌സ്‌പ്രസിന് സ്വതന്ത്രമായി പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല, എന്നാൽ ഈ നമ്പരുകൾ ഇതുവരെ മാറിയിട്ടില്ലെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്.

പെഗാസസിന്റെ സഹായത്തോടെ 1400 പേരുടെ വിവരങ്ങൾ വാട്സാപ് ചോർത്തിയെന്ന് കഴിഞ്ഞ വ്യാഴാഴ്ച ദ് ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ ഇന്ത്യയിൽനിന്നുളള മനുഷ്യാവകാശ പ്രവർത്തകർ, മാധ്യമപ്രവർത്തകർ അടക്കമുളളവരും ഉൾപ്പെട്ടിരുന്നു. ഇതിൽ കേന്ദ്രസർക്കാർ വാട്സാപിനോട് വിശദീകരണം തേടിയിരുന്നു. വെളളിയാഴ്ച വാട്സാപ് സർക്കാരിന് വിശദീകരണം നൽകുകയും ചെയ്തു.

അതേസമയം, വാട്സാപ് പെഗാസസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വിവരങ്ങൾ ചോർത്തുന്നതുമായി ബന്ധപ്പെട്ടൊരു കുറിപ്പ് കേന്ദ്രസർക്കാരിനു കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി) അവരുടെ വെബ്സൈറ്റിൽ മേയ് 17 ന് പ്രസിദ്ധീകരിച്ചതായും പിന്നീട് കുറച്ചു സമയത്തേക്ക് അത് കാണാതായെന്നും ചിലർ റിപ്പോർട്ട് ചെയ്തിരുന്നു.

ദ് ഇന്ത്യൻ എക്‌സ്‌പ്രസ് പരിശോധിച്ചപ്പോൾ പേജ് ലൈവാണെന്നും കുറിപ്പിൽ ഇക്കാര്യം വ്യക്തമായി പറയുന്നുവെന്നും കണ്ടെത്തി. കഴിഞ്ഞ മേയ് മുതൽ സർക്കാർ ഏജൻസികൾ ഒരിക്കലും സംഭവത്തെക്കുറിച്ച് തങ്ങളോട് നേരിട്ട് ചോദിക്കുകയോ കൂടുതൽ വിവരങ്ങളെക്കുറിച്ചോ ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും, തങ്ങളുടെ സന്ദേശങ്ങൾക്ക് പ്രതികരിച്ചിട്ടില്ലെന്നുമാണ് വാട്സാപ് വൃത്തങ്ങൾ വ്യക്തമാക്കിയത്.

ഇസ്രയേൽ സൈബർ ടെക്നോളജി കമ്പനി എൻഎസ്ഒ ഗ്രൂപ്പ് നിർമിച്ച പെഗാസസ് എന്ന ചാര സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ 1400 പേരുടെ വിവരങ്ങൾ ചോർത്തിയെന്നും ഇതിൽ ഇന്ത്യക്കാരുമുണ്ടെന്നും വാട്സാപ് അധികൃതർ യുഎസ് ഫെഡറൽ കോടതിയെയാണ് അറിയിച്ചത്. ഇവരുടെ പേരുകൾ കമ്പനി പുറത്തുവിട്ടില്ല. എൻഎസ്ഒ ഗ്രൂപ്പ്, ക്യുസൈബർ ടെക്നോളജീസ് എന്നീ കമ്പനികൾക്കെതിരെ യുഎസ് ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തതോടെയാണ് ഈ വിവരം പുറത്തായത്.

Read Also: വാട്സാപ് നിരീക്ഷണം: അറിഞ്ഞില്ലെന്ന് ഇന്ത്യ, മെയ് മാസത്തില്‍ത്തന്നെ അറിയിച്ചുവെന്ന് കമ്പനി

എന്താണ് പെഗാസസ്?

പെഗാസസ് ചാര സോഫ്റ്റ്‌വെയറിൽ നിന്നയയ്ക്കുന്ന ലിങ്കിൽ ക്ലിക് ചെയ്താൽ ഉപയോക്താവിന്റെ അറിവോ സമ്മതമോ കൂടാതെ ഇതു ഫോണിൽ കയറിക്കൂടുകയും വിവരങ്ങൾ ഓപ്പറേറ്ററുടെ സെർവറിലേക്കെത്തുകയും ചെയ്യും. പാസ്‌വേഡ്, ഫോൺ നമ്പരുകൾ, എസ്എംഎസ് സന്ദേശങ്ങൾ, ലൈവ് കോളുകൾ എന്നിവയെല്ലാം ചോർത്താനും ഫോൺ ക്യാമറ, മൈക്രോഫോൺ എന്നിവ ഓൺ ചെയ്യാനും ഇതിലൂടെ സാധിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook