ന്യൂഡല്‍ഹി: പുതിയ സ്വകാര്യതാ നയം സ്വീകരിക്കുന്നതിനായി ഉപയോക്ത വിരുദ്ധ നടപടികളുമായി വാട്സാപ്പ് മുന്നോട്ട് പോവുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ വ്യാഴാഴ്ച അറിയിച്ചു. വ്യക്തിഗത ഡാറ്റ പരിരക്ഷ ബില്ല് നിയമം ആകുന്നതിന് മുന്‍പ് സ്വകാര്യതാ നയം സ്വീകരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്നും കേന്ദ്രം ആരോപിച്ചു.
സ്വകാര്യതാ നയം സ്വീകരിക്കാത്ത ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ഫോണിലേക്ക് നിരന്തരം അറിയിപ്പുകള് നല്കി ബുദ്ധിമുട്ടിക്കുകയാണെന്നും കേന്ദ്രം കോടതിയോട് പറഞ്ഞു. വാട്സാപ്പിന്റെ സ്വകാര്യതാ നയം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് മറുപടി. ഇത്തരത്തില്‍ അറിയിപ്പുകള് നല്കി ഉപയോക്താക്കളെ പുതിയ നയം സ്വീകരിക്കാന്‍ നിര്‍ബന്ധിതമാക്കുകയാണ് കമ്പനിയെന്നും കേന്ദ്രം.
അറിയിപ്പുകള് നിരന്തരമായി അയക്കുന്നത് തടയുന്നതിന് നിര്‍ദേശങ്ങളും കേന്ദ്രം കോടതിയോട് തേടി. കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യയുടെ ഓര്‍ഡറിന്റെ പ്രഥമദൃഷ്ട്യ അഭിപ്രായത്തിന് എതിരാണ് വാട്സാപ്പിന്റെ നടപടികളെന്നും കേന്ദ്രം കോടതിയില്‍ വാദിച്ചു.
പുതിയ സ്വകാര്യതാ നയം 2011 ലെ ഐടി ചട്ടങ്ങളിലെ അഞ്ച് കാര്യങ്ങൾ ലംഘിക്കുന്നുവെന്ന് കേന്ദ്ര സർക്കാർ മാർച്ചിൽ കോടതിയെ അറിയിച്ചിരുന്നു. ആയതിനാല്‍ വാട്സാപ്പിനെ സ്വകാര്യതാ നയം നടപ്പാക്കുന്നതിൽ നിന്ന് തടയാൻ ആവശ്യപ്പെട്ടിരുന്നു. ഏത് തരം വ്യക്തിഗത വിവരങ്ങളാണ് ശേഖരിക്കുന്നതെന്ന് വ്യക്തമാക്കുന്നതിൽ നയം പരാജയപ്പെടുന്നതായി കേന്ദ്ര ഐടി മന്ത്രാലയം കോടതിയെ അറിയിച്ചിരുന്നു.