ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരേയും സാമൂഹ്യ പ്രവര്‍ത്തകരേയും നിരീക്ഷിച്ചിരുന്നുവെന്ന് വാട്‌സ്ആപ്പിന്റെ വെളിപ്പെടുത്തല്‍. ഇസ്രായേലി സ്‌പൈവെയറായ പെഗാസസ് ഉപയോഗിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നും വാട്‌സ്ആപ്പ് വെളിപ്പെടുത്തുന്നു. ഇസ്രായേലി കമ്പനിയായ എന്‍എസ്ഒയാണ് നിരീക്ഷണം നടത്തിയതെന്നാണ് വെളിപ്പെടുത്തല്‍. സാന്‍ ഫ്രാന്‍സിസ്‌കോ ഫെഡറല്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് വാട്‌സ്ആപ്പിന്റെ വെളിപ്പെടുത്തല്‍. വാട്‌സ്ആപ്പില്‍ നിന്നും 1400 ഓളം വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് വിവരം.
അതേസമയം, വിവരങ്ങള്‍ ചോര്‍ത്തപ്പെട്ട ആളുകളുടെ പേരോ, എത്ര പേരില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തിയെന്നോ വാട്‌സ്ആപ്പ് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തെ കുറിച്ച് തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും സ്‌പൈവെയര്‍ ലക്ഷ്യം വച്ച ഓരോ വ്യക്തികളേയും നേരിട്ട് ബന്ധപ്പെട്ടതായും വാട്‌സ്ആപ്പ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
”ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും നിരീക്ഷിച്ചിട്ടുണ്ട്. എനിക്ക് അവരുടെ വിവരങ്ങളോ കൃത്യമായ എണ്ണമോ പറയാനാകില്ല. പക്ഷെ അതൊരു നിസാര അക്കമല്ലെന്ന് മാത്രം പറയുന്നു” വാട്‌സ്ആപ്പ് പ്രതിനിധി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. കഴിഞ്ഞ മേയ് മാസത്തിലാണ് സംഭവം. രണ്ടാഴ്ചയോളം വിവരങ്ങള്‍ ചോര്‍ത്തിയിരുന്നതായും ഇതേ കുറിച്ച് ഇവരെ വാട്‌സ്ആപ്പ് അറിയിച്ചതായുമാണ് അറിയാന്‍ കഴിയുന്നത്. മാധ്യമപ്രവര്‍ത്തകരും ദലിത് അവകാശ പ്രവര്‍ത്തകരും അഭിഭാഷകരുമടക്കമുള്ളവരുടെ വിവരങ്ങളാണ് ചോര്‍ത്തിയത്.
കമ്പനി യുഎസിലേയും കാലിഫോര്‍ണിയയിലേയും നിയമങ്ങള്‍ ലംഘിച്ചതായി ഹര്‍ജിയില്‍ പറയുന്നു. ഇത്തരത്തിലുള്ള നീക്കങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള വാട്‌സ്ആപ്പിന്റെ നിയമാവലിയും കമ്പനി ലംഘിച്ചതായാണ് പരാതി. മിസ്ഡ് കോളിലൂടെയാണ് മൊബൈല്‍ ഫോണുകള്‍ ഹാക്ക് ചെയ്തതെന്നും ഹര്‍ജിയില്‍ പറയുന്നു.
അതേസമയം, ആരോപണം എന്‍എസ്ഒ ഗ്രൂപ്പ് തള്ളി. തങ്ങളുടെ സാങ്കേതിക വിദ്യ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരായി നിർമിച്ചിരിക്കുന്നതല്ലെന്നും അവര്‍ പ്രതികരണത്തില്‍ പറയുന്നു. മേയ് മാസത്തില്‍ ആരോപണം ഉയര്‍ന്നതോടെ സെപ്റ്റംബര്‍ 19ന് തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ മനുഷ്യാവകാശ ലംഘനം തടയുന്നതിനായി ഹ്യൂമന്‍ റൈറ്റ്‌സ് പോളിസി തയ്യാറാക്കിയതായും അവര്‍ പറയുന്നു. പേഗാസസ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമാണ് നല്‍കാറുള്ളൂവെന്നും എന്‍എസ്ഒ പറയുന്നു.