ചെന്നൈ: ഡോക്ടറാകണമെന്ന് ആഗ്രഹിച്ച മകളുടെ നിശ്ചമായ ശരീരം കണ്ട് വിലപിക്കുകയാണ് ചുമട്ടുതൊഴിലാളിയായ ഷൺമുഖൻ. ‘വളരെ കഷ്ടപ്പാടുകൾക്കിടയിലും അവൾ നീറ്റിനു വേണ്ടി പഠിക്കുമായിരുന്നു. എങ്കിലും അവൾക്ക് നീറ്റിനെച്ചൊല്ലി എപ്പോഴും ആശങ്കയുണ്ടായിരുന്നു. അവൾ എന്തു തെറ്റാണ് ചെയ്തത്, ആരാണ് ഇതിനുളള ഉത്തരം നൽകുക’ ഷൺമുഖൻ ചോദിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് ദലിത് വിദ്യാർഥിനിയായ എസ്.അനിത (17) ജീവിനൊടുക്കിയത്. പ്ലസ് ടു പരീക്ഷയിൽ 1200ൽ 1176 മാർക്ക് അനിത നേടിയിരുന്നു. തമിഴ്നാട്ടിലെ മെഡിക്കൽ പ്രവേശനത്തിനു ദേശീയ പൊതുപ്രവേശന പരീക്ഷ (നീറ്റ്) നിർബന്ധമാക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ നിയമ യുദ്ധം നടത്തിയത് അനിതയായിരുന്നു.

98% മാർക്കോടെ എംബിബിഎസ് പ്രവേശനം ഉറപ്പാക്കിയിരുന്ന അനിതയ്ക്കു നീറ്റ് പരീക്ഷയിൽ ലഭിച്ചത് 700ൽ 86 മാർക്ക് മാത്രം. ഇതോടെ ഡോക്ടറാകുകയെന്ന സ്വപ്നം ഇതോടെ പൊലിഞ്ഞു. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എയ്‌റോനോട്ടിക് എൻജിനീയറങ്ങിലും ഒരത്തനാട് വെറ്ററിനറി കോളജിലും അനിതയ്ക്ക് സീറ്റ് ലഭിച്ചിരുന്നു. പക്ഷേ അതുകൊണ്ടൊന്നും നിരാശ മാറിയില്ല. ഇന്നലെ ഉച്ചയോടെയാണു വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ അനിതയെ കണ്ടെത്തിയത്.

തമിഴ്നാട്ടിലെ വിദ്യാർഥികൾക്കു നീറ്റിൽ നിന്ന് ഒരു വർഷത്തെ ഇളവ് അനുവദിച്ച് ഓർഡിനൻസ് കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെതിരെ നീറ്റിനെ അനുകൂലിക്കുന്ന വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചു. ഈ കേസിൽ നീറ്റിനെ എതിർക്കുന്നവരുടെ പ്രതിനിധിയായാണു അനിത സുപ്രീം കോടതിയിൽ കക്ഷി ചേർന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ