ഷെല്ലുകൾ വിതറി വെടിയുണ്ടകൾ തുപ്പി വികൃതമായ സിറിയ അക്ഷരാര്‍ത്ഥത്തില്‍ ഒരു ശവപ്പറമ്പ് ആയി മാറിയപ്പോള്‍ അനാഥമാക്കപ്പെട്ട ആയിരങ്ങൾ ജീവനോ ജീവിതത്തിനോ വേണ്ടി അർത്ഥമില്ലാതെ അലയുകയാണ്. അവരുടെ കനച്ച മുഖങ്ങളിൽ കൂർത്ത നോട്ടങ്ങളിൽ തെളിയുന്നതെന്ത്? പ്രതിഷേധാഗ്നിയോ അതോ മരണം വിതച്ച മരവിപ്പോ? ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊണ്ട സിറിയ ഇന്ന് തളർന്നു നിൽക്കുന്നു. അവശയായി അടികളോരോന്നായി ഏറ്റുവാങ്ങി. ശൈത്യം കടന്നുവരുമ്പോള്‍ ഏറെയുണ്ട് അഭയാര്‍ത്ഥികളായ സിറിയക്കാര്‍ക്ക് ആവലാതിപ്പെടാന്‍.

ഒക്ടോബറില്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്നും റഖ പിടിച്ചെടുത്ത സിറിയന്‍ സൈന്യം ആയിരക്കണക്കിന് പേരെ സ്ഥലത്ത് നിന്നും കുടിയൊഴിപ്പിച്ചിരുന്നു. സിറിയയിലെ മറ്റ് പല സ്ഥലങ്ങളിലുമുളള അഭയാര്‍ത്ഥി ക്യാപുകളിലേക്കാണ് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത്. എന്നാല്‍ താത്കാലിക ഷീറ്റുകള്‍ കൊണ്ടുണ്ടാക്കിയ തമ്പുകള്‍ ഇതിനകം നിറഞ്ഞുകവിഞ്ഞു കഴിഞ്ഞു. ദേര്‍ അസര്‍ അടക്കമുളള മറ്റ് പ്രദേശങ്ങളിലും പോരാട്ടം കനത്തതോടെ അഭയാര്‍ത്ഥി ക്യാംപുകള്‍ ജനസാന്ദ്രമായി.

അഭയാര്‍ത്ഥികളെ സംബന്ധിച്ച് ഏറ്റവും ക്രൂരമായ ഋതു ശൈത്യകാലമാണ്. കഴിഞ്ഞ വര്‍ഷത്തെ മഞ്ഞുകാലത്ത് സിറിയന്‍ അഭയാര്‍ത്ഥികള്‍ ജീവിച്ച സാഹചര്യം ഹൃദയഭേദകമായിരുന്ന കാഴ്ച്ചയായിരുന്നു. ലെബനനിലെ ബെക്ക മലനിരകളിലും ജോര്‍ദ്ദാനിലും തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്നുളള പ്രദേശങ്ങളിലും മഞ്ഞ്മൂടി കാണാതായ കൂടാരങ്ങളിലാണ് പലായനം ചെയ്തവര്‍ ശൈത്യകാലം കഴിച്ചുകൂട്ടിയത്. ഇവിടെ മരണപ്പെട്ടവരുടെ കണക്ക് പോലും യഥാര്‍ത്ഥത്തില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ക്ക് എടുക്കാന്‍ കഴിഞ്ഞിട്ടില്ല.

നിലവില്‍ 65 ലക്ഷം പേരെയാണ് സിറിയയിലെ പല അഭയാര്‍ത്ഥി കേന്ദ്രങ്ങളിലുമായി പാര്‍പ്പിച്ചിട്ടുളളത്. ഇതില്‍ തന്നെ സംഘര്‍ഷം വ്യാപിക്കുന്നത് അനുസരിച്ച് നിരവധി തവണ ഇവരെ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് എന്ന നിലയില്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വട്ടമിട്ടു പറക്കുന്ന ആയുധമേന്തിയ ഹെലികോപ്റ്ററുകളുടെ മുരൾച്ചയാലും, തീ തുപ്പി പാഞ്ഞലയ്ക്കുന്ന വെടിയുണ്ടകളാലും പ്രകമ്പനം പൂണ്ടന്തരീക്ഷം കണ്ട് ഇടംതേടിയുളള ഈ യാത്രയില്‍ ശാരീരിക-മാനസിക സംഘര്‍ഷങ്ങളില്‍ പെടുന്നവരില്‍ കുട്ടികളുമേറെ. അയല്‍രാജ്യങ്ങളിലേക്കും മറ്റും കൂടുതേടി പലായനം ചെയ്തത് 50 ലക്ഷത്തിന് മുകളിലുളളവരും.

ശൈത്യം അടുക്കുമ്പോള്‍ കുട്ടികളിലും പ്രായമുളളവരിലും ശ്വാസസംബന്ധമായ പ്രശ്നങ്ങളാണ് ഏറെ ആശങ്കപ്പെടുത്തുകയെന്നാണ് സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ പറയുന്നത്. കൂടാതെ മഴ കൂടി ഉണ്ടാവുമ്പോള്‍ താത്കാലിക കൂടാരങ്ങള്‍ തകര്‍ന്ന് പ്രശ്നം സങ്കീര്‍ണമാകുന്ന സ്ഥിതിയും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അലെപ്പോയില്‍ നിന്നും ജനങ്ങള്‍ പലായനം ചെയ്തപ്പോള്‍ ഉണ്ടായ സ്ഥിതിയും മറിച്ചല്ല.
സമാധാന ചര്‍ച്ചകളിലൂടെ മാത്രമാണ് ഏഴാം വര്‍ഷത്തിലേക്ക് കടക്കുന്ന യുദ്ധത്തിന് അറുതി വരുത്താന്‍ സാധിക്കുക. എന്നാല്‍ നിലവിലത്തെ സാഹചര്യത്തില്‍ ഇത് സാധ്യമല്ലെന്നും അന്താരാഷ്ട്ര സന്നദ്ധ സംഘടനകള്‍ വ്യക്തമാക്കുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ