കൊല്‍ക്കത്ത: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ രഹസ്യാന്വേഷണ വിഭാഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി. 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ഗുരുതര ഇന്റലിജന്‍സ് വീഴ്ചയുണ്ടെന്ന് മമത പറഞ്ഞു. ”ഇന്റലിജന്‍സും എന്‍എസ്എയും എന്തു ചെയ്യുകയായിരുന്നു എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. ഇത് വലിയ ഇന്റലിജന്‍സ് വീഴ്ചയാണ്. സുരക്ഷാ ഭീഷണിയുണ്ടെങ്കില്‍ എന്തിനാണ് നിരവധി വാനുകള്‍ ഒരുമിച്ച് അതുവഴി പോകുന്നത്?” മമത പ്രതികരിച്ചു.

ആക്രമണത്തെ അപലപിച്ച മമത സംഭവത്തിന് പിന്നില്‍ പാക്കിസ്ഥാനുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കണമെന്നും പറഞ്ഞു. ”ഏതൊരു ഭീകരാക്രമണത്തേയും അപലപിക്കുന്നു. വിദേശ ബന്ധത്തെ കുറിച്ച് എനിക്ക് ചര്‍ച്ച ചെയ്യണ്ട. പക്ഷെ പാക്കിസ്ഥാന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ശക്തമായ നടപടിയുണ്ടാകണം” മമത പറഞ്ഞു.

തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഏഴ് പേരെ ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി പുല്‍വാമ, അവന്തിപുര എന്നിവിടങ്ങളില്‍ നിന്നുമാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഏഴ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

സംഭവം നടന്ന സ്ഥലത്തു നിന്നും പരിശോധനയ്ക്കാവശ്യമായ വസ്തുക്കള്‍ ദേശീയ അന്വേഷണ ഏജന്‍സിയും ഫൊറന്‍സിക് സംഘവും ശേഖരിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പരിശോധന ശനിയാഴ്ചയും തുടരും.

തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ വ്യാഴാഴ്ച നടന്ന ചാവേറാക്രമണത്തില്‍ 40 ഓളം സൈനികരാണ് കൊല്ലപ്പെട്ടത്. 10 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 5 പേരുടെ നില അതീവ ഗുരുതരമാണ്. വ്യാഴാഴ്ച വൈകീട്ട് 3.30 ഓടെയായിരുന്നു ചാവേറാക്രമണം. ജമ്മുവില്‍നിന്നും ശ്രീനഗറിലേക്ക് വരികയായിരുന്ന സൈനിക വാഹനത്തിനുനേരെ ഭീകരന്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റിയായിരുന്നു ആക്രമണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook