ന്യൂഡൽഹി: ഇന്ത്യയിലെ മുൻനിര ഗുസ്തി താരങ്ങൾ കായിക അധികാരികൾക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതിനു പിന്നിൽ രണ്ട് തവണ ലോക ചാമ്പ്യൻഷിപ്പ് മെഡൽ നേടിയ വിനേഷ് ഫോഗട്ടിന്റെ ഫോണിലേക്ക് വന്ന ചില കോളുകളാണെന്ന് ദി ഇന്ത്യൻ എക്സ്പ്രസിന് വിവരം ലഭിച്ചു. ലക്നൗവിലെ ദേശീയ ക്യാംപിൽ പങ്കെടുക്കേണ്ട നിരവധി യുവതികളാണ് അവിടുത്തെ അന്തരീക്ഷം ഭയാനകമാണെന്ന് പറഞ്ഞ് വിനേഷ് ഫോഗട്ടിനെ വിളിച്ചത്.
ക്യാംപ് ബഹിഷ്‌കരിക്കാനും കായിക രംഗം പോലും വിടാനുള്ള തീരുമാനത്തിലാണെന്ന യുവ വനിതാ ഗുസ്തിക്കാരുടെ വാക്കുകളാണ് ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ഡബ്ല്യുഎഫ്ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെയും മറ്റു ചില ദേശീയ പരിശീലകർക്കെതിരെയും ലൈംഗികാരോപണവുമായി പൊതുജന മധ്യത്തിനു മുന്നിലേക്കെത്താൻ വിനേഷ് തീരുമാനിച്ചത്.
”ആ കോളുകൾക്ക് ശേഷം (വനിതാ ഗുസ്തിക്കാരിൽ നിന്ന്), വിനേഷും ഒളിമ്പിക് മെഡൽ ജേതാക്കളായ സാക്ഷി മാലിക്കും ബജ്‌റംഗും തമ്മിൽ സംസാരിക്കുകയും ബ്രിജ് ഭൂഷണും വർഷങ്ങളായി ലൈംഗികാതിക്രമത്തിൽ ഏർപ്പെട്ടിരിക്കുന്ന പരിശീലകരെയും പുറത്താക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. അൻഷു മാലിക്കും സോനം മാലിക്കും (ഇരുവരും ടോക്കിയോ ഒളിമ്പിക്‌സ് സംഘത്തിന്റെ ഭാഗമായിരുന്നു) ഞങ്ങൾക്കൊപ്പം നിന്നു,” പ്രതിഷേധ ഗ്രൂപ്പിലെ ഒരു പ്രധാന അംഗം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റിൽനിന്നും തങ്ങൾ നേരിട്ട പീഡനത്തെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്ന വനിതാ ഗുസ്തിക്കാർ വിനേഷിനെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന് വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
”കഴിഞ്ഞ ദിവസം ലൈംഗികാതിക്രമത്തെ കുറിച്ച് തെളിവ് സഹിതം സംസാരിക്കാൻ തയ്യാറായി രണ്ട് മൂന്ന് പെൺകുട്ടികൾ ഉണ്ടായിരുന്നു. ഇന്ന് അഞ്ചോ ആറോ വനിതാ ഗുസ്തിക്കാർ ലൈംഗികാതിക്രമത്തെ കുറിച്ച് സംസാരിക്കാനും തെളിവുമായി പുറത്തുവരാനും തയ്യാറാണെന്ന് പറയാം. കേരളത്തിലെ വനിതാ ഗുസ്തിക്കാരിൽ നിന്ന് പോലും എനിക്ക് കോളുകൾ വന്നു. മഹാരാഷ്ട്രയിൽ നിന്നുള്ളവരും സമാനമായ മോശം അനുഭവങ്ങൾ നേരിട്ടതായി പറയുന്നുണ്ട്,” വിനേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതിനിടെ, ജന്തർ മന്തറിലെ ദേശീയ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണയേറുകയാണ്. ആരോപണങ്ങൾ ചർച്ച ചെയ്യാൻ ഞായറാഴ്ച അയോധ്യയിൽ അടിയന്തര ജനറൽ കൗൺസിൽ യോഗം ചേരാൻ ഡബ്ല്യുഎഫ്ഐ തീരുമാനിച്ചതായി ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമർ അറിയിച്ചു.
കേന്ദ്ര കായിക മന്ത്രിയുമായി പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾ ഇന്നലെ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ബജ്‌റംഗിനും പ്രതിഷേധ ഗ്രൂപ്പിലെ മറ്റുള്ളവർക്കുമൊപ്പം കായിക മന്ത്രാലയ ഉദ്യോഗസ്ഥരെ കണ്ട വിനേഷ്, ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റിനെ പുറത്താക്കുന്നതുവരെ ഗുസ്തിക്കാർ വേദി വിടില്ലെന്ന് അറിയിച്ചിട്ടുണ്ട്. സർക്കാർ തലത്തിൽ നീതി ലഭിച്ചില്ലെങ്കിൽ പൊലീസിനെ സമീപിക്കാനും കായിക താരങ്ങൾ ആലോചിക്കുന്നുണ്ട്.