ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷ അനുഭവിക്കാനായി ബംഗളൂരു പാരപ്പന അഗ്രഹാര ജയിലിലെ കോടതിയില്‍ കീഴടങ്ങി. ഇനി അടുത്ത നാല് വര്‍ഷക്കാലം 10711 എന്ന പ്രിസണ്‍ നമ്പറിലാണ് ശശികല ജയിലില്‍ കഴിയുക. കൂട്ടുപ്രതിയായ ഇളവരസിക്ക് 10712 എന്ന നമ്പറാണ് ജയിലില്‍.
ശശികലക്ക് ജയിലിൽ മെഴുകുതിരി നിർമ്മാണം ആയിരിക്കും ജോലിയെന്നാണ് ജയിലധികൃതരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പ്രതിദിനം 50 രൂപയായിരിക്കും വേതനമെന്നും സൂചനകളുണ്ട്.
ആരോഗ്യപ്രശ്നങ്ങള്‍ കാരണം തനിക്ക് വീട്ടിൽ പാചകം ചെയ്ത ഭക്ഷണം കഴിക്കാൻ അനുവദിക്കണം എന്ന് ശശികല ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളിയതായി വിവരമുണ്ട്.
കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവുമായി ഒരാഴ്ച്ച നീണ്ട രാഷ്ട്രീയ യുദ്ധത്തിന് ശേഷമാണ് ശശികല ജയിലിലേക്ക് പോയത്. തനിക്ക് കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന് അവര്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടെങ്കിലും പരമോന്നത കോടതി ഇത് നിഷേധിച്ചു.
ഉടന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ശശികലയ്ക്ക് അറിയില്ലെ എന്ന് ചോദിച്ചാണ് ഇന്ന് തന്നെ കീഴടങ്ങാന്‍ കോടതി നിര്‍ദേശിച്ചത്. തുടര്‍ന്ന് കീഴടങ്ങാമെന്ന് അറിയിച്ച ശശികല പാരപ്പന അഗ്രഹാര ജയിലില്‍ തനിക്ക് ചില സൗകര്യങ്ങള്‍ ഒരുക്കിത്തരണമെന്നും കോതിയോട് കത്തില്‍ ആവശ്യപ്പെട്ടു. തനിക്ക് ആവശ്യമായ പ്രത്യേക സജ്ജീകരണങ്ങള്‍ ശശികല കത്തില്‍ വിശദീകരിക്കുന്നുണ്ട്.
പ്രമേഹം ഉള്ളതിനാല്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണം ലഭ്യമാക്കണമെന്നാണ് ശശികല ആവശ്യപ്പെട്ടിരുന്നത്. ഇതാണ് ജയില്‍ അധികൃതര്‍ തള്ളിയത്. വെസ്റ്റേണ്‍ ശൈലിയിലുള്ള ടോയ്‌ലറ്റ്, 24മണിക്കൂറും ചൂടുവെള്ളം, മിനറല്‍ വാട്ടര്‍ എന്നിവ ജയില്‍ മുറിയോട് ചേര്‍ന്ന് വേണമെന്ന് ശശികല ആവശ്യപ്പെടുന്നു. പ്രത്യേക ജയില്‍ മുറിയില്‍ ടി.വി, മിനറല്‍ വാട്ടര്‍, ഒരു സഹായി എന്നിവയും ശശികലയ്ക്ക് ജയിലില്‍ ഒരുക്കുമെന്നാണ് സൂചന.
കീഴടങ്ങിയ ശശികലയെ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. അറസ്റ്റ് വരിക്കുന്നതിന് കൂടുതൽ സമയം വേണമെന്ന് ചോദിച്ച ശശികലയുടെ ഹർജി പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതി തളളി. സുരക്ഷാ പ്രശ്നങ്ങളെത്തുടർന്നാണ് ജയിലിനകത്ത് പ്രത്യേക കോടതിമുറി ഒരുക്കിയത്. ശശികലയ്ക്കൊപ്പം കൂട്ടുപ്രതിയായ ഇളവരശിയും കീഴടങ്ങി. മറ്റൊരു പ്രതിയായ ജയലളിതയുടെ വളർത്തുമകൻ സുധാകരൻ നാളെ കോടതിയിൽ കീഴടങ്ങും. മുതിർന്ന നേതാക്കളും ശശികലയ്ക്കൊപ്പം കോടതിയിലെത്തിയിരുന്നു.
ശശികല ഉടൻ കീഴടങ്ങണമെന്ന് സുപ്രീംകോടതി ഇന്ന് ഉത്തരവിട്ടിരുന്നു. കീഴടങ്ങാൻ സമയം ചോദിച്ച് ശശികല നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനു പിന്നാലെയാണ് റോഡ് മാർഗം ബെംഗളൂരുവിലെത്തി ശശികല കോടതിക്കു മുൻപിൽ കീഴടങ്ങിയത്.