scorecardresearch
Latest News

കൂടുതൽ ഐഎഎസ് ഉദ്യോഗസ്ഥർ, ജിഎസ്ടി ഇളവുകൾ: നിതി ആയോഗ് യോഗത്തിൽ പ്രതിപക്ഷ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടത് എന്തൊക്കെ?

അവശ്യവസ്തുക്കൾക്ക് ജിഎസ്ടി ഏർപ്പെടുത്താനുള്ള തീരുമാനം പുനഃപരിശോധിക്കേണ്ടതിന്റെ ആവശ്യകതയും സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധികൾ പിൻവലിക്കേണ്ടതിന്റെ ആവശ്യകതയും കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഊന്നിപ്പറഞ്ഞു

കൂടുതൽ ഐഎഎസ് ഉദ്യോഗസ്ഥർ, ജിഎസ്ടി ഇളവുകൾ: നിതി ആയോഗ് യോഗത്തിൽ പ്രതിപക്ഷ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടത് എന്തൊക്കെ?

ന്യൂഡൽഹി: നിതി ആയോഗിന്റെ ഗവേണിങ് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ നിരവധി പ്രശ്നങ്ങൾ ഉന്നയിച്ചു. കാർഷികോൽപ്പന്നങ്ങൾക്ക് മിനിമം താങ്ങുവില, ഐഎഎസ് ഓഫീസർമാരുടെ കുറവ്, ജിഎസ്ടി ഇളവുകൾ, സംസ്ഥാനങ്ങൾക്കുള്ള ഉയർന്ന ഫണ്ട് വകയിരുത്തൽ, നയ വിഷയങ്ങളിൽ സംസ്ഥാനങ്ങളുമായി മതിയായ കൂടിയാലോചന എന്നിവയ്ക്ക് നിയമപരമായ ഉറപ്പാണ് മുഖ്യമന്ത്രിമാർ യോഗത്തിൽ ആവശ്യപ്പെട്ടത്.

കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ്, രാജസ്ഥാൻ, ഇടതുപക്ഷം ഭരിക്കുന്ന കേരളം എന്നിവിടങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാർ ചരക്ക് സേവന നികുതി നടപ്പാക്കിയതുമൂലം വരുമാനത്തിലുണ്ടായ കുറവിൽ നിന്നുള്ള നഷ്ടപരിഹാരം നീട്ടണമെന്ന് ആവശ്യപ്പെട്ടു. ആം ആദ്മി പാർട്ടിയിൽ നിന്നുള്ള പഞ്ചാബ് മുഖ്യമന്ത്രി മിനിമം താങ്ങുവിലയ്ക്ക് (എംഎസ്‌പി) നിയമപരമായ ഉറപ്പ് തേടി, തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി കൂടുതൽ ഐഎഎസ് ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടു, ജാർഖണ്ഡ് മുഖ്യമന്ത്രി മഴക്കെടുതിയുടെ പ്രത്യാഘാതങ്ങൾ നേരിടാൻ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു.

കേന്ദ്രത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് ഞായറാഴ്ചത്തെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു ശനിയാഴ്ച തന്നെ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗജന്യ ക്ഷേമപദ്ധതികൾ നിരസിക്കുന്നതായും അദ്ദേഹം പറഞ്ഞു. സൗജന്യങ്ങൾ സംബന്ധിച്ച് യോഗത്തിൽ ചർച്ചകളൊന്നും ഉണ്ടായില്ലെന്ന് വൈകുന്നേരം നടന്ന വാർത്താ സമ്മേളനത്തിൽ നീതി ആയോഗ് വൈസ് ചെയർമാൻ സുമൻ ബെറി പറഞ്ഞു.

ഞായറാഴ്ചത്തെ ഗവേണിങ് കൗൺസിൽ യോഗത്തിൽ 23 മുഖ്യമന്ത്രിമാരും മൂന്ന് ലഫ്റ്റനന്റ് ഗവർണർമാരും രണ്ട് അഡ്മിനിസ്ട്രേറ്റർമാരും കേന്ദ്രമന്ത്രിമാരും പങ്കെടുത്തു. ബിഹാർ, തെലങ്കാന, ഡൽഹി, തമിഴ്‌നാട്, കർണാടക, മിസോറാം മുഖ്യമന്ത്രിമാരും, പുതുച്ചേരി ലഫ്റ്റനന്റ് ഗവർണറും, ഛണ്ഡീഗഡ് അഡ്മിനിസ്‌ട്രേറ്ററും യോഗത്തിൽ പങ്കെടുത്തില്ല.

കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും പൊതു താൽപര്യമുള്ള കൺകറന്റ് ലിസ്റ്റിലെ വിഷയങ്ങളെക്കുറിച്ചുള്ള നിയമനിർമ്മാണം മതിയായ കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ ആരംഭിക്കാവൂവെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ലിസ്റ്റിലുള്ള ഇനങ്ങളിൽ നിയമനിർമ്മാണം നടത്തുന്നതിൽ നിന്ന് കേന്ദ്രം പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു. അവശ്യവസ്തുക്കൾക്ക് ജിഎസ്ടി ഏർപ്പെടുത്താനുള്ള തീരുമാനം പുനഃപരിശോധിക്കേണ്ടതിന്റെ ആവശ്യകതയും സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധികൾ പിൻവലിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

പാമോയിൽ സംസ്‌കരണത്തിന് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് ധനസഹായം നൽകണമെന്ന് വിജയൻ അഭ്യർത്ഥിക്കുകയും സംസ്ഥാനത്തിന്റെ തീരപ്രദേശത്ത് വസ്തുക്കളുടെ വില ഗണ്യമായി ഉയർന്നതിനാൽ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പ്രകാരമുള്ള കേന്ദ്രത്തിന്റെ സഹായ വിഹിതം വർധിപ്പിക്കണമെന്നും അഭ്യർത്ഥിച്ചു. റോഡ് പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും റെയിൽ, വ്യോമ ഗതാഗത വികസനത്തിനായുള്ള സംസ്ഥാനത്തിന്റെ നിർദേശങ്ങൾ നേരത്തെ തന്നെ ക്ലിയറൻസ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജിഎസ്ടി നടപ്പാക്കുന്നത് മൂലം ഛത്തീസ്ഗഢിന് 5,000 കോടി രൂപയുടെ നഷ്ടം ഉണ്ടായേക്കുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ചൂണ്ടിക്കാട്ടി. റവന്യൂ കമ്മിക്ക് സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാര ഗ്രാന്റ് അഞ്ച് വർഷം കൂടി നീട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേന്ദ്ര നികുതിയിനത്തിൽ സംസ്ഥാനത്തിന് ഏകദേശം 13,000 കോടി രൂപയുടെ കുറവുണ്ടായതായി അദ്ദേഹം അവകാശപ്പെട്ടു. 11,800 കോടിയിലധികം രൂപ തിരികെ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, മലയോര സംസ്ഥാനങ്ങൾക്ക് നൽകുന്ന വ്യാവസായിക പാക്കേജുകൾക്ക് തുല്യമായ സാമ്പത്തിക സഹായവും സംസ്ഥാനത്തിന് പ്രത്യേക പാക്കേജും നൽകണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ കേന്ദ്രത്തോട് അഭ്യർത്ഥിച്ചു. എം‌എസ്‌പി സംബന്ധിച്ച കേന്ദ്രത്തിന്റെ കമ്മിറ്റിയെ അദ്ദേഹം തള്ളിക്കളഞ്ഞു. കൃഷിയെക്കുറിച്ച് ഒരു അറിവും ഇല്ലാത്ത സാമ്പത്തിക വിദഗ്ധരാണ് കമ്മിയിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. എംഎസ്പി കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്നും സംസ്ഥാനത്തെ കനാലുകളുടെ ജലസംഭരണശേഷി വർധിപ്പിക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ വർഷത്തെ മഴക്കെടുതിയുടെ പ്രത്യാഘാതങ്ങൾ നേരിടാൻ ജാർഖണ്ഡിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കർഷകരുടെ ഓൺബോർഡിങ് നടപടികൾ ബാങ്കുകൾ വൈകിപ്പിക്കുന്നതിനാൽ സംസ്ഥാനത്തെ 38 ലക്ഷം കർഷകരിൽ 13 ലക്ഷം പേർക്ക് മാത്രമേ കിസാൻ ക്രെഡിറ്റ് കാർഡിന്റെ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ അഞ്ച് ലക്ഷം പുതിയ കർഷകരെ പട്ടികയിൽ ഉൾപ്പെടുത്തിയെങ്കിലും 10 ലക്ഷത്തിലധികം അപേക്ഷകൾ ഇപ്പോഴും വിവിധ ബാങ്കുകളിലായി കെട്ടിക്കിടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കിഴക്കൻ രാജസ്ഥാൻ കനാൽ പദ്ധതി (ഇആർസിപി) ദേശീയ പദ്ധതിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ആവർത്തിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ സാമ്പത്തിക പങ്കാളിത്ത രീതിയിലുണ്ടായ മാറ്റം സംസ്ഥാനങ്ങൾക്ക് അധിക ബാധ്യത വരുത്തിയതായി അദ്ദേഹം പറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ കാലാവധി 2022 ജൂൺ മുതൽ 2027 ജൂൺ വരെ അഞ്ച് വർഷത്തേക്ക് കേന്ദ്രം നീട്ടണമെന്നും, സംസ്ഥാനത്തിന് ജിഎസ്ടി നഷ്ടപരിഹാരമായി ഏകദേശം 3,780 കോടി രൂപ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: What opposition states want more ias officers msp guarantee gst exemptions