ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തുന്നവർ അധികാരത്തിൽ അവർ ഉണ്ടായിരുന്നപ്പോഴത്തെ നേട്ടങ്ങളെക്കുറിച്ച് ആദ്യം എണ്ണി തിട്ടപ്പെടുത്തണമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. മോദിയുടെ കൈയ്യിൽ 106 പദ്ധതികളുടെ പട്ടികയുണ്ട്. എൻഡിഎ സർക്കാർ അധികാരത്തിലേറി മൂന്നു വർഷങ്ങൾ കൊണ്ടാണ് ഇത്രയും പദ്ധതികൾ നടപ്പിലാക്കിയത്. 15 ദിവസം കൂടുമ്പോൾ ഓരോ പുതിയ പദ്ധതികളാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതെന്നും അമിത് ഷാ പിടിഐയോട് പറഞ്ഞു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ പാർട്ടിയാണ് ബിജെപിയെന്ന് ഷാ അവകാശപ്പെട്ടു. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ ബിജെപിയാണ് ഭരിക്കുന്നത്. നരേന്ദ്ര മോദി സർക്കാർ എന്താണ് ചെയ്തതെന്ന് ചിലർ ചോദിക്കുന്നു. അവരോട് എനിക്ക് പറയാനുളളത് ഇതാണ്. 70 വർഷംകൊണ്ട് മാറിമാറിവന്ന സർക്കാരുകൾക്ക് ചെയ്യാൻ പറ്റാത്തത് മൂന്നു വർഷം കൊണ്ടാണ് മോദി സർക്കാർ ചെയ്തത്. രാജ്യത്ത് 16 കോടി കുടുംബങ്ങൾക്ക് ശൗചാലയം ഇല്ലായിരുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ കോടിക്കണക്കിന് ശൗചാലയങ്ങളാണ് സർക്കാർ നിർമിച്ചു നൽകിയതെന്നും ഷാ പറഞ്ഞു.

ബിജെപി സർക്കാർ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ ലംഘിച്ചുവെന്നും മോശം പ്രകടനാണ് സർക്കാരിന്റേതെന്നുമുളള കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആരോപണത്തിനും ഷാ മറുപടി നൽകി. 70 വർഷം കൊണ്ട് അവർ ചെയ്തത് എന്താണെന്ന് ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്നുവെന്ന് ഷാ പറഞ്ഞു. തെലങ്കാനയിൽ ബിജെപി സർക്കാർ അധികാരത്തിലെത്താൻ പാർട്ടി പ്രവർത്തകർ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ