അഗര്‍ത്തല : അനിശ്ചിതകാലത്തേക്ക് റെയിലും റോഡും തടഞ്ഞുകൊണ്ട് ത്രിപുരയിലെ ഗോത്രവര്‍ഗം നടത്തുന്ന സമരം മൂന്നാം ദിവസത്തേക്ക് കടക്കുമ്പോള്‍. സംസ്ഥാന തലസ്ഥാനമായ അഗര്‍ത്തലയില്‍ ഗോത്രവര്‍ഗക്കാരുടെ മുന്നേറ്റം (ഐപിടിഎഫ്) പ്രതിഷേധിച്ചത് വിവസ്ത്രരായാണ്. തിങ്കളാഴ്ച മുതല്‍ ആസാം- അഗര്‍ത്തല ദേശീയ പാതയും (എന്‍എച് 8) പശ്ചിമ ത്രിപ്പുരയിലെ തീവണ്ടിപാതയും തടഞ്ഞുവെച്ചുകൊണ്ടാണ് ഐപിടിഎഫിന്‍റെ പ്രതിഷേധം. രാജ്യത്തിന്‍റെ മറ്റുഭാഗത്തേക്ക് എത്തിച്ചേരുവാനുള്ള വഴികളെല്ലാം പ്രതിഷേധത്തിന്‍റെ ഭാഗമായ് അടച്ചിരിക്കുന്നു. ഇതുവരെയുള്ള സാഹചര്യം സമാധാനപരം ആണ് എന്നാണ് പോലീസ് മേധാവി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് തിങ്കളാഴ്ച പറഞ്ഞത്.

എന്‍ സി ദേബര്‍മ ഗോത്രവര്‍ഗങ്ങളെ സംഘടിപിച്ചുകൊണ്ട് സ്ഥാപിച്ച പാര്‍ട്ടിയാണ് തിപ്രാലാന്‍ഡ് വിഷയത്തില്‍ പ്രതിഷേധം നയിക്കുന്നത്.2009 ലെയും 2013ലെയും ലോകസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയം മൂലം രാഷ്ട്രീയമായി അന്യവത്കരിക്കപ്പെട്ടിരിക്കുകയായിരുന്നു ഈ മുന്നേറ്റം. ഈ തിരഞ്ഞെടുപ്പുകളില്‍ ഒരു സീറ്റ് പോലും നേടാന്‍ ഐപിടിഎഫിനു സാധിച്ചിരുന്നില്ല.

ഫൊട്ടോ : പിടിഐ


എന്താണ് തിപ്രാലാന്‍ഡ് പ്രക്ഷോഭകാരികളുടെ ആവശ്യം ?

ത്രിപുരയില്‍ നിന്നും വേര്‍പ്പെട്ട് തിപ്രാലാന്‍ഡ് എന്നൊരു പുതിയ സംസ്ഥാനം രൂപീകരിക്കുക എന്നതാണ് ഐപിടിഎഫ് ഉയര്‍ത്തുന്ന ആവശ്യം. സംസ്ഥാനത്തെ ഗോത്രവിഭാഗങ്ങളുടെ സ്വത്വ ഭീഷണിയിലാണ് എന്നാണ് ഐപിടിഎഫ് ഉയര്‍ത്തുന്ന വിഷയം. കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ ആന്ധ്രാപ്രദേശില്‍ നിന്നും വേര്‍പ്പെടുത്തി തെലങ്കാന സംസ്ഥാനം രൂപീകരിച്ചത് മുതല്‍ ഐപിടിഎഫിന്‍റെ ആവശ്യങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയായിരുന്നു. അന്നേ ദിവസം ഇതേ ആവശ്യമുയര്‍ത്തിക്കൊണ്ട് ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ വലിയൊരു റാലി സംഘടിപ്പിക്കുവാന്‍ ഐപിടിഎഫിനു സാധിച്ചിരുന്നു.

ഫൊട്ടോ : പിടിഐ


എന്താണ് തിപ്രാലാന്‍ഡ് മുന്നേറ്റത്തിന്‍റെ ചരിത്രം ?

അവസാന രാജാവായ മഹാരാജാ ബിക്രം കിഷോര്‍ മാണിക്യ ബഹദൂര്‍ ദേബര്‍മ മരണപ്പെട്ടപ്പോഴാണ് ത്വിപ്ര എന്ന രാജ്യം സ്വതന്ത്ര ഇന്ത്യയില്‍ ചേരുന്നത്. പര്‍വ്വതങ്ങളാല്‍ നിറഞ്ഞ രാജ്യം ഇന്ത്യയുടെ ഭാഗമായ ആദ്യഘട്ടത്തില്‍ കേന്ദ്രഭരണപ്രദേശമായിരുന്നു. ഏറെ കാലത്തിനു ശേഷമാണ് ത്രിപുരയ്ക്ക് സംസ്ഥാനപദവി ലഭിക്കുന്നത്. 1971ലെ ബംഗ്ലാദേശ് രൂപീകരിച്ച പാക്കിസ്ഥാന്‍ യുദ്ധത്തിനു ശേഷം വലിയൊരുവിഭാഗം ബംഗാളി ജനസംഖ്യ ത്രിപുരയിലേക്ക് കുടിയേറുകയുണ്ടായി. കാലക്രമേണ പ്രദേശത്തെ ഗോത്രവര്‍ഗക്കാരും കുടിയേറ്റക്കാരും തമ്മിലുള്ള സ്പര്‍ദ്ധയും വര്‍ദ്ധിച്ചു. എന്തിരുന്നാലും ആദിവാസികളുടെ വികസനത്തിനായ് സ്വതന്ത്രമായൊരു കൗണ്‍സില്‍ രൂപീകരിച്ചത് മുതല്‍ ഇതുമായ് ബന്ധപ്പെട്ട ആക്രമസംഭവങ്ങളില്‍ അറുതിവരുകയും ചെയ്തിരുന്നു.

ഫൊട്ടോ : പിടിഐ

ആഗസ്റ്റ്‌ 2016നു ഐപിടിഎഫ് നടത്തിയൊരു റാലിയോടെ തിപ്രാലാന്‍ഡ് സംസ്ഥാനത്തിനായുള്ള ആവശ്യം വീണ്ടും സജീവമാവുകയായ്. അന്നരങ്ങേറിയ അക്രമസംഭവങ്ങളില്‍ നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ഗോത്രവര്‍ഗക്കാരും അല്ലാത്തവരും തമ്മില്‍ ദിവസങ്ങള്‍ നീണ്ട സംഘര്‍ഷങ്ങളും ഉണ്ടായി. പ്രതിഷേധത്തിന്‍റെ ഭാഗമായി ഇരുപത്തിനാല്‌ മണികൂറുകളോളം ത്രിപുരയിലെ നിരത്തുകളും അടഞ്ഞുകിടന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ