ഐ പി സി യിലെ 377 ആം വകുപ്പ് പ്രകാരം സ്വവർഗ ലൈംഗികത കുറ്റകരമാണ്. അതിനാൽ ബ്രിട്ടീഷുകാർ നടപ്പാക്കിയ ഈ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ വന്നിട്ടുളള പരാതികൾ. ഈ വിഷയത്തിൽ മറുപടി നൽകാനായി കൂടുതൽ സമയം ചോദിച്ചും വാദം കേൾക്കൽ മാറ്റിവെയ്ക്കാനുമായി ജൂലൈയിൽ കേന്ദ്ര സർക്കാർ കോടതിയിലെത്തിയെങ്കിലും ഹിയറിങ് ഷെഡ്യൂളിൽ മാറ്റം വരുത്താൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. ചീഫ് ജസ്റ്റിന് പുറമെ ആർ എഫ് നരിമാൻ, എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഢ്, ഇന്ദു മൽഹോത്ര എന്നീ ജഡ്ജമാർ ഉൾപ്പെടുന്ന ബെഞ്ചാണ് ഈ കേസ് പരിഗണിക്കുന്നത്.
Read More: സെക്ഷൻ 377: സുപ്രീം കോടതി വിധി ഇന്ന്
ഐ പി സി യിലെ സെക്ഷൻ 377 പ്രകാരം ആരെങ്കിലും സ്വമേധയാ പോലും പ്രകൃതിയുടെ നിയമത്തിന് വിരുദ്ധമായി പുരുഷൻ, സ്ത്രീ, മൃഗം എന്നിവയിൽ ആരുമായി ശാരീരികമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലും ശിക്ഷിക്കപ്പെടും. ജീവപര്യന്തം തടവ്, അല്ലെങ്കിൽ ജീവപര്യന്തം അല്ലങ്കിൽ പത്ത് വർഷം വരെയുളള തടവ്, പുറമെ പിഴയും ഈടാക്കുന്നതാണ് ശിക്ഷ. 1861 ലെ പുരാതനമായ ഈ ബ്രിട്ടീഷ് നിയമപ്രകാരം പുരുഷലിംഗ നിവേശിക്കപ്പെടുന്ന ലൈംഗിക ബന്ധങ്ങളിൽ പ്രകൃതിയുടെ നിയമത്തിന് വിരുദ്ധമെന്ന വ്യാഖാനിക്കുന്ന പ്രവൃത്തികളൊക്കെ കുറ്റകരമാക്കിയിട്ടുണ്ട്.
ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് സെക്ഷൻ 377 എന്ന് ചരിത്രപ്രസിദ്ധമായ 2009ലെ വിധിയിൽ ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് മതസംഘടനകൾ ഈ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
2013 ൽ സുപ്രീം കോടതി ഡൽഹി ഹൈക്കോടതിയുടെ 2009 ലെ വിധി അസാധുവാക്കി. സ്വർഗ ലൈംഗികത ക്രിമനൽ കുറ്റമല്ലാതാക്കുന്ന വിധി സുപ്രീം കോടതി അസാധുവാക്കുകയും നിയമം റദ്ദാക്കേണ്ടത് പാർലമെന്റാണെന്ന് പറയുകയും ചെയ്തു. സുപ്രീം കോടതിയുടെ ഈ വിധി എൽ ജി ബി ടി ക്യു വിഭാഗങ്ങളിൽ നിന്നും അതിശക്തമായ വിമർശനത്തിന് വിധേയമായി. മാത്രമല്ല, മനുഷ്യാവകാശങ്ങളുടെ കാര്യത്തിൽ തിരിച്ചടിയാണ് സുപ്രീം കോടതിയുടെ തീരുമാനമെന്നും വിലയിരുത്തപ്പെട്ടു.
ഈ വർഷം ജനുവരിയിൽ സുപ്രീം കോടതി ഒരു വിഭാഗം ജഡ്ജിമാർ അടങ്ങുന്ന സംഘം മുൻ വിധിന്യായം പുനഃപരിശോധിക്കണമെന്ന് തീരുമമാനിച്ചു. സെക്ഷൻ 377ന്റെ ഭരണഘടനാപരമായ സാധുതയാണ് ജഡ്ജിമാരുടെ സംഘം പരിശോധിക്കുന്നത്. 2013ലെ സുപ്രീം കോടതി വിധിയാണ് അവർ വീണ്ടും പരിശോധിക്കുന്നത്. തങ്ങളെ പ്രോസിക്യൂട്ട് ചെയ്യുമോ എന്ന ഭയന്ന് ജീവിക്കുന്ന അഞ്ച് പേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിധി പുനഃ പരിശോധിക്കുന്നത്. സ്വന്തം തിരഞ്ഞെടുപ്പുകളുടെ പേരിൽ ഒരു വിഭാഗം ജനങ്ങൾ ഭയത്തിന് അടിപ്പെട്ട് ജീവിക്കുന്ന അവസ്ഥ ഉണ്ടാകാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി.
സുപ്രീം കോടതിയുടെ 2013 ലെ വിധി പുനഃപരിശോധന അർഹിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. ഈ വിഷയത്തിൽ ഭരണഘടനാപരമായ വിഷയം ഉൾപ്പെടുന്നതു കൊണ്ടാണ് അത്. അതു കൊണ്ട് തന്നെ ഇത് വലിയൊരു ബെഞ്ചിന് വിടുന്നതാണ് ഉചിതമെന്നും ചീഫ് ജസ്റ്റിസ് അന്ന് വ്യക്തമാക്കിയിരുന്നു.