ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ വ്യാപാര കരാറിന് ശക്തിയേകുന്ന നിരീക്ഷണ ഡ്രോൺ ഇടപാടിനെ കുറിച്ച് ചൈനയ്ക്ക് ആശങ്ക. മുന്നൂറ് കോടിയുടെ പ്രതിരോധ ഇടപാട് ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിലെ നയതന്ത്ര ഐക്യം കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് കണക്കാക്കുന്നത്. ഇതിലാണ് ചൈനയ്ക്ക് ആശങ്ക.

അമേരിക്കയിൽ നിന്ന് 22 അത്യാധുനിക നിരീക്ഷണ ഡ്രോണുകളായ പ്രിഡേറ്റർ ബി യാണ് ഇന്ത്യ വാങ്ങിക്കുന്നത്. ഇതുവഴി ഇന്ത്യൻ മഹാസമുദ്രത്തിലെ ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർദ്ധിക്കും. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സമുദ്രാതിർത്തികളിൽ പലയിടത്തും സൈനിക കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുള്ള ചൈനയെ സംബന്ധിച്ച് ഏറെ വെല്ലുവിളി ഉയർത്തുന്നതാണ് ഇന്ത്യയുടെ ഈ നീക്കം.

ഡ്രോണുകൾ വാങ്ങുന്നതിന് പുറമേ, അമേരിക്കൻ പ്രതിരോധ വ്യവസായ കമ്പനിയായ ലോക്ഹീഡ് മാർട്ടിനും ഇന്ത്യൻ കമ്പനി ടാറ്റയും തമ്മിലുള്ള യുദ്ധ വിമാന നിർമ്മാണ കരാറും ചൈനയെ ആശങ്കപ്പെടുത്തുന്നുണ്ട്. എഫ് 16 യുദ്ധവിമാനങ്ങളാണ് ഈ കരാറിലൂടെ നിർമ്മിക്കുന്നത്.

ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിൽ ഇന്ത്യയുടെ നിരീക്ഷണം ശക്തമാവുകയും, കൂടുതൽ പോർ വിമാനങ്ങൾ ഇന്ത്യൻ സൈന്യത്തിന് ലഭിക്കുകയും ചെയ്യുന്നത് ഇന്ത്യയുടെ നാവിക-വ്യോമ സേനകളെ കൂടുതൽ കരുത്തുറ്റതാക്കുമെന്നാണ് അന്താരാഷ്ട്ര തലത്തിലെ വിലയിരുത്തൽ.

ഡ്രോണുകൾ കൈവശമെത്തുന്നതോടെ ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലെ ഇന്ത്യയുടെ നിരീക്ഷണം കൂടുതൽ കാര്യക്ഷമമാകും. ഇന്ത്യൻ മഹാസമുദ്രത്തെ ഉന്നമിട്ടിരിക്കുന്ന ചൈനയ്ക്ക് ഇത് കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. മഹാസമുദ്രത്തിലെ ചൈനയുടെ സൈനിക നീക്കങ്ങൾക്ക് തടയിടാനാണ് ഇന്ത്യയുടെ ശ്രമവും.

ഇതിന് പുറമേ ഇന്ത്യയും അമേരിക്കയിലും തമ്മിൽ പ്രതിരോധ വ്യാപാര കരാറിൽ കൂടുതൽ ഇടപാടുകൾ നടത്തുന്നത് അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ചൈനീസ് അധികാരികളുടെ കണക്കുകൂട്ടൽ.

വിവിധോദ്ദേശ്യ വിമാനങ്ങളാണ് ഇന്ത്യ അമേരിക്കയുടെ പക്കൽ നിന്നും വാങ്ങാൻ പോകുന്ന ഡ്രോണുകൾ. 50000 അടി ഉയരത്തിൽ പറക്കാൻ ശേഷിയുള്ളതാണ് ഇവ. നിരീക്ഷണത്തിന് പുറമേ ശത്രു സങ്കേതങ്ങളെ കണ്ടെത്തുന്നതിനും പരിശോധിക്കുന്നതിനും ഇവ സഹായകരമാണ്.

നിലവിൽ അമേരിക്കയ്ക്ക് പുറമേ, ഇറ്റലി, ഫ്രഞ്ച്, സ്പാനിഷ് വ്യോമസേനകൾക്കാണ് ഈ ആയുധം ഉള്ളത്. ഏറ്റവും പുതിയ മാറ്റങ്ങൾക്ക് ശേഷം ഡ്രോണുകൾക്ക് 42 മണിക്കൂർ തുടർച്ചയായി ആകാശത്ത് നിലയുറപ്പിക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ