scorecardresearch

എന്താണ് നജീബ് അഹ്മദ് തിരോധാന കേസ് ?

ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹ്മദിന്‍റെ തിരോധാനം അന്വേഷിക്കാന്‍ സിബിഐ ക്കു നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ഡല്‍ഹി ഹൈക്കോടതി. എന്താണ് നജീബ് അഹമദ് കേസ് എന്ന് നോക്കാം.

എന്താണ് നജീബ് അഹ്മദ് തിരോധാന കേസ് ?
നജീബിന്റെ മാതാവ്

ന്യൂ ഡല്‍ഹി :ചൊവാഴ്ച നടത്തിയ വിധിയില്‍ നജീബ് അഹമദ് എന്ന ജെഎന്‍യു വിദ്യാര്‍ഥിയുടെ തിരോധാനം സിബിഐ അന്വേഷിക്കണം എന്ന് ഉത്തരവിട്ടിരിക്കുകയാണ് ഡല്‍ഹി ഹൈകോടതി. ജസ്റ്റിസ് ജിഎസ് സിസ്ഥാനിയും രേഖാപിള്ളയുമാണ്‌ നാജീബിന്റെ അമ്മ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ട് കേസിന്‍റെ അന്വേഷണം സിബിഐക്കു വിട്ടത്. കോടതിയുടെ ഉത്തരവിനോട് എതിര്‍പ്പില്ല എന്നാണ് ഡല്‍ഹി പൊലീസും അറിയിച്ചത്.

കേസിന്‍റെ അടുത്ത വാദം ജൂലൈ 17നു കേള്‍ക്കും എന്നറിയിച്ച കോടതി. ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ക്ക് തൊട്ടുതാഴെയുള്ള ഒരു ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണം എന്നും നിര്‍ദ്ദേശിക്കുന്നു.

എന്താണ് നജീബിന്‍റെ കേസ് ?

ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ബയോടെക്നോളജിയില്‍ ഒന്നാം വര്‍ഷ എംഎസ്സി വിദ്യാര്‍ഥിയാണ് നജീബ് അഹമദ്. ഒക്ടോബര്‍ പതിനാലിന് തന്‍റെ ഹോസ്റ്റല്‍ മുറിക്ക് മുന്നില്‍ വച്ച് എബിവിപി പ്രവര്‍ത്തകരായ മൂന്നുപേരുമായി നജീബ് തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നു. സംഭവത്തിന് ഒരു ദിവസത്തിനു ശേഷം നജീബിനെ കാണാതാവുന്നു. എബിവിപി നജീബിനെ തട്ടിക്കൊണ്ടുപോയതായി അന്ന് മുതല്‍ ജെഎന്‍യു സ്റ്റുഡന്‍സ് യൂണിയന്‍ ആരോപിക്കുന്നുണ്ട്. എന്തിരുന്നാലും, നജീബിന്റെ നിഗൂഢമായ നിരോധാനത്തില്‍ തങ്ങള്‍ക് ഒരു പങ്കുമില്ല എന്നാണ് എബിവിപിയുടെ പക്ഷം.

സംഭവത്തിനുശേഷം ഒക്ടോബര്‍ 15നു നജീബിനെ കാണ്മാനില്ല എന്നപേരില്‍ നജീബിന്റെ കുടുംബം വസന്ത്കുഞ്ച് പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 365 (രഹസ്യവും തെറ്റായതുമായ ഉദ്ദേശത്തോടെ ഒരാളെ തട്ടിക്കൊണ്ടുപോവല്‍ ) ചേര്‍ത്ത് കൊണ്ട് ഡല്‍ഹി പോലീസ് എഫ്ഐആര്‍ രേഖപ്പെടുത്തുന്നു. ഒക്ടോബര്‍ 15നു കാലത്ത് പതിനൊന്നു മുതല്‍ നജീബിനെ കാണ്മാനില്ല എന്നായിരുന്നു റിപ്പോര്‍ട്ട്‌. നജീബിന്‍റെ തിരോധാനത്തെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികവും പ്രഖ്യാപിക്കുന്നു.

സംഭവത്തില്‍ ജെഎന്‍യു ഭരണാധികാരികള്‍ക്ക് പലഭാഗത്തുനിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നു. ജെഎന്‍യു ഭരണാധികാരികള്‍ പുറത്തുവിട്ട പത്രകുറിപ്പ് ഹോസ്റ്റലില്‍ ഉണ്ടായ അസ്വാരസ്യങ്ങള്‍ക്ക് നജീബ് അഹമദ് കുറ്റക്കാരനാണ് എന്ന് പറയുകയുണ്ടായി. വിദ്യാര്‍ഥികള്‍ “ജസ്റ്റിസ് ഫോര്‍ നജീബ്’ ‘എവിടെയാണ് നജീബ്’ എന്നീ കാമ്പൈനുകളുമായി അന്ന് മുതല്‍ സംഘടിതമാണ്.

അതേസമയം, എബിവിപി പ്രവര്‍ത്തകരായ മൂന്നുപേര്‍ നജീബിന്റെ മുറി സന്ദര്‍ശിച്ചപ്പോള്‍ നജീബ് അവരില്‍ ഒരാളായ വിക്രാന്ത് കുമാറിനെ മര്‍ദ്ദിച്ചു എന്നാണ് എബിവിപി നേതാവായ സൗരഭ് ഉന്നയിക്കുന്നത്. ഇതിന്റെ പേരില്‍ നജീബിനോട് ഒക്ടോബര്‍ 21നു ഹോസ്റ്റല്‍ മുറി ഒഴിയണം എന്ന്‍ പറഞ്ഞിരുന്നതായും സൗരഭ് കൂട്ടിച്ചേര്‍ത്തു.

ജെഎന്‍യു ഭരണാധികാരികള്‍ അധികൃത തലത്തില്‍ സംഭവത്തെക്കുറിച്ച് ഒരു അന്വേഷണം നടത്തുകയുണ്ടായി. ” ഒക്ടോബര്‍ 14നു എബിവിപി പ്രവര്‍ത്തകരും നജീബും തമ്മില്‍ നടന്ന കലഹത്തില്‍ വിക്രാന്ത് കുമാര്‍ നജീബിനെ മര്‍ദ്ദിച്ചിരുന്നുവെന്നും അസഭ്യമായ ഭാഷ ഉപയോഗിക്കുകയും പ്രകോപനപരമായി പെരുമാറുകയും ചെയ്തു. ഇത് ദുഷ്പെരുമാറ്റവും അച്ചടകമില്ലായ്മയുമാണ്‌ “എന്ന് ജെഎന്‍യു നടത്തിയ അന്വേഷണം പറയുന്നു.

സംഭവത്തില്‍ വിക്രാന്ത് സിംഗിന്‍റെ പക്ഷം എന്താണ് എന്ന് ആരാഞ്ഞുകൊണ്ട് വിശദീകരണം നല്‍കാന്‍ സര്‍വ്വകലാശാല ഭാരവാഹികള്‍ ആവശ്യപ്പെട്ടിരുന്നു. എബിവിപി പ്രവര്‍ത്തകനും ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ അംഗവുമായ സൗരഭ് ശര്‍മ ഈ അന്വേഷണത്തെ ഏകപക്ഷീയം എന്നാണ് വിശേഷിപ്പിക്കുന്നത്. ” നജീബുമായുള്ള പ്രശ്നം നടക്കുമ്പോള്‍ ആ സ്ഥലത്തേ ഇല്ലായിരുന്ന ചിലരുടെ അഭിപ്രായങ്ങള്‍ എടുത്തുകൊണ്ടാണ് സര്‍വ്വകലാശാലാ അധികൃതരുടെ അന്വേഷണം നടന്നത്. സര്‍വ്വകലാശാല ഭരണകര്‍ത്താക്കള്‍ ഇടതുപക്ഷ വിദ്യാര്‍ഥി യൂണിയനോടൊപ്പം ആണ് എന്നതിന്‍റെ വ്യക്തമായ തെളിവാണിത്.” സൗരഭ് പറയുന്നു.

ഉത്തര്‍പ്രദേശിലെ ബദാവുനില്‍ നിന്നുമുള്ള നജീബ് അഹ്മദിനെ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെ ഒക്ടോബറില്‍ ഡല്‍ഹി പോലീസ് ഒരു പ്രത്യേക സംഘത്തിനു രൂപം നല്‍കുന്നു. ഡല്‍ഹി എഡിജിപി മനിഷി ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘത്തിന് കേസില്‍ കാര്യമായ ഒരു വഴിത്തിരിവും സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല. പിന്നീട് കേസ് ഡല്‍ഹി പൊലീസിന്‍റെ തന്നെ ക്രൈംബ്രാഞ്ചിനു കൈമാറുകയുണ്ടായി.

കേസില്‍ ഒമ്പതു വിദ്യാര്‍ഥികള്‍ കുറ്റാരോപിതരാണ്. ഈ ഒമ്പതുപേരെയും നുണ പരിശോധനയ്ക്കു വിധേയമാക്കണം എന്ന് ഹൈകോടതി നിര്‍ദ്ദേശിച്ചിരുന്നു.

” 2016 ഒക്ടോബറിലാണ് വിദ്യാര്‍ഥിയെ കാണാതാവുന്നത്. ഇപ്പോള്‍ ഫെബ്രുവരി ആയിരിക്കുന്നു. നാലു മാസം കടന്നുപോയിട്ടും കേസില്‍ ഒരു തുമ്പ്പോലും ലഭിച്ചിട്ടില്ല. കേസില്‍ മറ്റു വഴിത്തിരിവുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ ആണ് ഞങ്ങള്‍ നുണപരിശോധന ആവശ്യപ്പെടുന്നത്.” ഫെബ്രുവരിയില്‍ ചേര്‍ന്ന ഡല്‍ഹി ഹൈക്കോടതി ഇങ്ങനെ നിരീക്ഷിക്കുന്നു.

നുണപരിശോധന നടപ്പിലാക്കണം എന്ന പേരില്‍ ഡിസംബര്‍ 14 നും ഡിസംബര്‍ 22 നും ഹൈകോടതി പുറപ്പെടുവിച്ച വിധി പിന്‍വലിക്കണം എന്നപേക്ഷിച്ചുകൊണ്ട് കുറ്റാരോപിതനായ ഒരു വിദ്യാര്‍ഥി നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. കുറ്റാന്വേഷണത്തെ മുന്‍വിധികളോടെ കൊണ്ടുപോവാനാണ് കോടതിയുടെ ഉത്തരവ് ശ്രമിക്കുന്നത് എന്നായിരുന്നു ഈ ഹര്‍ജിയില്‍ പറയുന്നത്. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടികള്‍ 21ഉം 22ഉം അനുശാസിക്കുന്ന അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണ് കോടതിയുടെ നിര്‍ദ്ദേശം എന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു.

ഇതേ ഹര്‍ജികാരന്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ ഹാജരായി നുണ പരിശോധനയ്ക്കു വിധേയമാകണം എന്നു നിര്‍ദ്ദേശിച്ചുകൊണ്ട് ഡല്‍ഹി പൊലീസ് നല്‍കിയ അറിയിപ്പ് ചോദ്യം ചെയ്തും കോടതിയെ സമീപിച്ചിരുന്നു. സമാന്തരമായ ആവശ്യം ഉന്നയിച്ചുകൊണ്ട് ഇതേയാള്‍ നല്‍കിയ മറ്റൊരു ഹര്‍ജിയും ഹൈകോടതി തള്ളിയിരുന്നു. ‘മുന്നോട്ടുവന്നുകൊണ്ട് അന്വേഷണത്തോടു സഹകരിക്കുക’ എന്നായിരുന്നു കോടതിയുടെ ഭാഗത്തുനിന്നും ഇയാള്‍ക്ക് ലഭിച്ച നിര്‍ദ്ദേശം.

കുറ്റാരോപിതരായ ഒമ്പതുപേര്‍ക്കും നോടീസ് ലഭിച്ചു എങ്കിലും ഒരാള്‍ പോലും സ്റ്റേഷനില്‍ ഹാജരായില്ല. ആയതിനാല്‍ തന്നെ ഒരാളുടെ പോലും നുണപരിശോധന നടന്നിട്ടില്ല എന്നാണ് ഡല്‍ഹി പോലീസ് അറിയിക്കുന്നത്. നജീബിന്റെ അമ്മ ഫാത്തിമ നഫീസ് നജീബിനെ കണ്ടെത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് കോടതിമുന്നാകെ ഒരു ഹേബിയസ് കോര്‍പസ് ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്.

നജീബിനെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് പത്തുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ഡല്‍ഹി പോലീസ്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: What is najeeb ahamed disappearance case

Best of Express