ന്യൂഡൽഹി: ലോകത്താകമാനം പടർന്ന് വ്യാപിച്ച കൊറോണ വൈറസ് ഇന്ത്യയെയും ബാധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്‌ച രാജ്യത്തെ അഭിസംബേധന ചെയ്ത് ജനതാ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. മാർച്ച് 22 ഞായറാഴ്ച രാവിലെ ഏഴു മണി മുതൽ രാത്രി ഒമ്പത് മണി വരെയാണ് ജനതാ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സമയത്ത് ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്നാണ് നിർദേശം.

ഇന്ത്യൻ ജനതയ്ക്കുവേണ്ടി ഇന്ത്യൻ ജനത തന്നെ നടത്തുന്നതാണ് എന്ന ടാഗ്‌ലൈനോടുകൂടിയാണ് ജനതാ കർഫ്യൂ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. അടിയന്തിര, അത്യാവശ്യ സേവനങ്ങളിൽ ഏർപ്പെടുന്നവർ അവരുടെ ചുമതലകൾ നിറവേറ്റുമ്പോൾ അല്ലാത്തവർ വീടിനുള്ളിൽ തന്നെ സമയം ചെലവഴിക്കണമെന്നാണ് നിർദേശം.

എന്താണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കർഫ്യൂ?

കൊറോണയെന്ന മഹാമാരിയെ നേരിടുന്നതിന് രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നും അതിൽ മുന്നിൽ നിൽക്കുന്നവരെ അഭിനന്ദിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഞായറാഴ്ച വൈകിട്ട് അഞ്ചിന് മണി മുഴങ്ങുമ്പോൾ അവരെ അഭിനന്ദിക്കുന്നതിന്റെ ഭാഗമായി കരഘോഷം മുഴക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ടുമാസമായി ദശലക്ഷക്കണക്കിന് ആളുകളാണ് രാവും പകലുമില്ലാതെ ആശുപത്രികളിലും വിമാനത്താവളങ്ങളിലും അവനവനെ നോക്കാതെ മറ്റുള്ളവര്‍ക്കു വേണ്ടി കഷ്ടപ്പെടുന്നത്. ഇവര്‍ക്കുള്ള അഭിവാദനവും പ്രോത്സാഹനവും എന്ന നിലയ്ക്കാണ് കയ്യടിക്കേണ്ടത്.

വിവിധ വിഭാഗങ്ങളിൽപ്പെടുന്നവർ വീട്ടിലിരുന്ന് ജോലി ചെയ്യാനാകുമെങ്കിൽ അതു കൃത്യമായി പാലിക്കണം. 65 വയസ്സിനു മുകളിലുള്ള എല്ലാവരും വീടിനു പുറത്തിറങ്ങാതിരിക്കാനും ശ്രദ്ധിക്കണം. കൊറോണയെ പ്രതിരോധിക്കാൻ ജനം കരുതലോടെയിരിക്കണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook