മുസ്ലീം സമുദായത്തിലെ വിവാഹമോചന രീതിയായ മുത്തലാഖ്, ഭരണഘടനാ വിരുദ്ധമാണെന്ന ചരിത്രപ്രധാന വിധിയാണ് ഇന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ മൂന്ന് ജഡ്ജിമാര്‍ വിധി പ്രസ്താവിച്ചപ്പോള്‍, മുസ്ലീം സ്ത്രീകളെ സംബന്ധിച്ച് കാലാകാലങ്ങളായി അനുഭവിച്ചുവരുന്ന ദുരിതങ്ങള്‍ക്ക് അറുതിയുണ്ടാകുമെന്ന പ്രതീക്ഷയ്ക്ക് വഴിയൊരുക്കുകയാണ്.

മറ്റുമതങ്ങളില്‍ നിന്നും വിഭിന്നമാണ് മുസ്ലീം സമുദായത്തില്‍ വിവാഹത്തെക്കുറിച്ചുള്ള വീക്ഷണം. മുസ്ലീം നിയമപ്രകാരം വിവാഹം ഒരു വാഗ്ദാനമല്ല, മറിച്ച് രണ്ടുവ്യക്തികള്‍ക്കിടയിലുള്ള ഒരു കരാറാണ്. വരനും വധുവിന്റെ പിതാവും തമ്മിലുള്ള കരാര്‍. പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ ഇരു കക്ഷികളും വിവാഹമുറപ്പിക്കുന്നു.

ഒറ്റത്തവണ മുത്തലാഖ്

ഒറ്റത്തവണ മുത്തലാഖ് അഥവാ തലാഖ്-ഇ-ബിദത് എന്നത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ട ഒന്നാണ്. മുസ്ലീം വിവാഹ ഉടമ്പടിയെ ഇല്ലാതാക്കുന്ന ‘തലാഖ്-അല്‍-സുന്നത്തി’ല്‍ നിന്നും വിഭിന്നമാണ് ഇത്. തലാഖ്-അല്‍-സുന്നത്ത് പ്രകാരം ഭര്‍ത്താവ് ഒരു തവണ ത്വലാഖ് ചൊല്ലിയാല്‍ പിന്നീട് ഭാര്യ മൂന്നു മാസത്തെ ഇദ്ദത് അതായത് മൂന്ന് ആര്‍ത്തവ ചക്രങ്ങള്‍ പിന്തുടരണം. ഈ കാലയളവില്‍ ഭര്‍ത്താവിന് ഭാര്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ സാധിക്കും. ഈ കാലയളവില്‍ ദമ്പതികള്‍ തമ്മില്‍ സഹവാസമുണ്ടായാല്‍ ആദ്യ ത്വലാഖ് റദ്ദാക്കും. എന്നാല്‍ ഇദ്ദത് കാലം കഴിഞ്ഞിട്ടും ഭര്‍ത്താവ് ത്വലാഖ് റദ്ദാക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍, ഇതിനെ അന്തിമമായി പരിഗണിക്കും.

തലാഖ്-ഇ-ബിദത്ത് പ്രകാരം ഭര്‍ത്താവായ പുരുഷന്‍ ഫോണ്‍ വഴിയോ, മെസ്സേജ് വഴിയോ, കത്തിലൂടെയോ ഒറ്റത്തവണ മുത്തലാഖ് ചൊല്ലിയാല്‍, പിന്നീട് ബന്ധം പുനഃസ്ഥാപിക്കാന്‍ അയാള്‍ ആഗ്രഹിച്ചാല്‍ പോലും, വിവാഹമോചനം അടിയന്തിരവും പിന്‍വലിക്കാനാകാത്തതുമായി കണക്കാക്കുന്നതായിരിക്കും. വീണ്ടും ദമ്പതികള്‍ ഒരുമിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍, നിക്കാഹ് ഹലാല പ്രകാരം, സ്ത്രീ മറ്റൊരാളെ വിവാഹം ചെയ്യുകയും പിന്നീട് ആ വിവാഹം വേണ്ടെന്നുവയ്ക്കുകയും ശേഷം മൂന്നു മാസത്തെ ഇദ്ദത് കാലം ആചരിക്കുകയും ചെയ്യണം. ഈ കാലാവധി അവസാനിക്കുന്നതോടെ അവര്‍ക്ക് ഭര്‍ത്താവിനടുത്തേക്ക് തിരിച്ചു പോകാം. തലാഖ്-ഇ-ബിദ്ദത്ത് ദൈവശാസ്ത്രത്തിന് എതിരാണെന്ന് പറയുന്നെങ്കിലും നിയമ സാധുതയുള്ളതായി പരിഗണിക്കപ്പെടുന്നതാണ്. തലാഖ്-ഇ-ബിദ്ദത്ത് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചാല്‍ പോലും മുസ്ലീം സമുദായത്തിലെ ലിംഗ അസമത്വം എളുപ്പത്തില്‍ പരിഹരിക്കപ്പെടാവുന്നതല്ല, കാരണം നിയമനടപടികളിലേക്ക് എത്താതെ തന്നെ ത്വലാഖ് ചൊല്ലാനുള്ള അവകാശം പുരുഷന് അനുവദിച്ചു നല്‍കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ