ദോക് ലാം പ്രദേശത്ത് റോഡ് നിർമ്മിക്കാനുളള ചൈനയുടെ നിക്കമാണ് ഇന്ത്യ ചൈന തർക്കത്തിന്റെ പുതിയ യുദ്ധമുഖം തുറക്കുന്നത്. ഇന്ത്യ, ഭൂട്ടാൻ, ചൈന മുക്കവലയിൽ (ട്രൈ ജംക്ഷനിൽ) സിക്കിമിനോട് ചേർന്നുളള ഈ പ്രദേശത്ത് ചൈന ഉന്നയിക്കുന്ന അവകാശവാദവും അവിടെ നടത്തുന്ന റോഡ് നിർമ്മാണവുമാണ് വിവാദത്തിന് വഴിവച്ചത്. ഭൂട്ടാന്റെ അധീനതയിലുളള​ ദോക്‌ലാമിൽ ചൈന റോഡ് നിർമ്മിക്കുന്നുവെന്ന് ആദ്യം വിമർശിച്ചത് ഭൂട്ടാൻ റോയൽ​ ആർമിയായിരുന്നു. ഇതേ തുടർന്ന് ജൂണിൽ ചൈനയോട്, റോഡ് നിർമ്മാണം നിർത്തിവെയ്ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യ, ചൈന,ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ മുക്കവലയിൽ സിക്കിമിലെ ചുംബി താഴ്‌വരയോട് അടുത്താണ് 89 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുളള ഈ​ ദോക്‌ ലാം എന്ന പ്രദേശം. ഈ​ പ്രദേശത്ത് ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉയർന്ന  വിമർശനം ഇന്ത്യ, ചൈന നയതന്ത്ര ബന്ധത്തിലുണ്ടാക്കിയ വിള്ളൽ ചെറുതല്ല. ഇന്ന് പരസ്പരം വെല്ലുവിളികൾ ഉയർത്തുകയാണ് ഇരു രാജ്യങ്ങളും.

ദോക് ‌ലാമിലെ ലാൽട്ടനിൽ 2012 ൽ ഇന്ത്യൻ സൈന്യം സ്ഥാപിച്ച രണ്ട് ബങ്കറുകൾ നീക്കം ചെയ്യണമെന്ന് ചൈനീസ് സൈന്യം ആവശ്യപ്പെട്ടു. ഇന്ത്യയ്ക്കോ ഭൂട്ടാനോ ഈ പ്രദേശത്ത് അവകാശമില്ലെന്ന് ചൈന പ്രഖ്യാപിച്ച ജൂൺ ആറിന് ശേഷം ഈ​ രണ്ട് ബങ്കറുകളും ചൈനീസ് ബുൾഡോസറുകൾ തകർത്തതായും പിടി ഐ​ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യൻ സൈന്യവും ചൈനയുടെ പി എൽ എയും ഈ മേഖലയിൽ സൈനിക ശാക്തീകരണം നടത്തി. അതിനു ശേഷം ചൈന ഇന്ത്യൻ​സൈന്യത്തോട് ദോക് ‌ലാം പ്രദേശത്ത് നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടു. സിക്കിം അതിർത്തിയോട് ചേർന്ന നാഥുലാ പാസ് വഴി കൈലാസ് മാനസ സരോവറിലേയ്ക്കുളള തീർത്ഥാടകരുടെ യാത്ര തടയുകയും ചെയ്തിരുന്നു.


ദോകാ ലാ പീഠഭൂമിയുടെയും ചുംബി താഴ്‌വരയുടെയും പ്രധാന്യം

സിക്കിം തലസ്ഥാനമായ ഗാംങ്ടോക്കിൽ നിന്ന് യദോംഗ്, ഗ്യാൻട്സേ വഴി ദലൈ ലാമയുടെ ആസ്ഥാനമായ ലാസയിലേക്കുള്ള വ്യാപാര ഇടനാഴിയായാണ് ചുംബി താഴ്‌വര നിലകൊള്ളുന്നത്. ഇവിടേക്ക് എത്താൻ ചൈന പലകുറി ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.

ഇവിടെ 1904 ൽ ഗൂർഖകളും സിഖ് സൈന്യവും തമ്മിൽ നടന്ന സംഘർഷത്തെ തുടർന്ന് അന്നത്തെ ഇംപീരിയൽ പട്ടാള ഓഫീസർ ഫ്രാൻസിസ് യോംഗുസ്ബാന്റ് ബ്രിട്ടീഷ് സേനയെ അയച്ചിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 5700 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.

ഈ പ്രദേശത്ത് ഇന്ത്യയുടെ സൈനിക സ്വാധീനം ചൈനയ്ക്ക് ദീർഘകാലമായി അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ഇതിനാലാണ് ടിബറ്റൻ അതിർത്തിയിൽ ചൈന റോഡ് നിർമ്മാണം തുടങ്ങിയത്. ഇതുവരെ ചൈനയ്ക്ക് കടന്നുവരാൻ സാധിക്കാത്ത മേഖലയിൽ റോഡ് നിർമ്മാണം ആരംഭിച്ചതോടെ ഇന്ത്യ എതിർപ്പുമായി മുന്നോട്ട് വന്നു.

അതേസമയം ഭൂട്ടാനിൽ ചുംബി താഴ്‌വരയോട് ചേർന്ന ഭാഗത്ത് ഇന്ത്യൻ സേന തന്നെയാണ് നിലയുറപ്പിച്ചിട്ടുള്ളത്. ഭൂട്ടാന്റെ പ്രതിരോധ സേനയ്ക്ക് ശക്തിയും പരിശീലനവും നൽകുന്നത് ഇന്ത്യൻ സൈന്യമാണ്. ചുംബി താഴ്‌വരയുടെ രണ്ട് വശത്തു നിന്നും ചൈനയ്‌ക്കെതിരെ ആക്രമണം നടത്താൻ ഇന്ത്യയ്ക്ക് സാധിക്കും.

ചരിത്രത്തിൽ ഇതുവരെ ചൈനയും ഭൂട്ടാനും തമ്മിൽ യാതൊരു വിധ അതിർത്തിത്തർക്കവും ഉണ്ടായിരുന്നില്ല. എന്നാൽ ദോകാ ലാ പീഠഭൂമി തങ്ങളുടേതാണെന്ന നിലപാട് ചൈന ഉയർത്തിയതോടെ ഭൂട്ടാൻ ഇതിനെതിരെ രംഗത്ത് വരികയായിരുന്നു. ഇത് ചൈനയുടേതല്ല, ഇന്ത്യ-ഭൂട്ടാൻ അതിർത്തിയിലെ പ്രദേശമാണെന്നാണ് ഭൂട്ടാന്റെ വാദം.

അതിർത്തിത്തർക്കം ഇന്ത്യ-ചൈന ബന്ധത്തെ ബാധിക്കുന്നത് എങ്ങിനെ

ഭൂട്ടാൻ റോയൽ ആർമിയെ പിന്തുണയ്ക്കാനുളള​ ഇന്ത്യൻ തീരുമാനമാണ് ചൈനയെ പ്രകോപിപ്പിച്ചതെന്ന് ചില നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ ആവശ്യമായ തരത്തിൽ ഇന്ത്യയും ചൈനയും തമ്മിൽ വാദപ്രതിവാദങ്ങൾ ആരംഭിച്ചതും ഇതിന് ശേഷമാണ്.

ദോക് ലാ പീഠഭൂമിയിൽ ഭൂട്ടാൻ-ചൈന അതിർത്തിയോട് ഏറ്റവും ചേർന്ന് കിടക്കുന്ന ഇന്ത്യൻ സൈനിക പോസ്റ്റ് ലക്ഷ്യമിട്ടാണ് ചൈനീസ് സേന റോഡ് നിർമ്മാണം ആരംഭിച്ചിരിക്കുന്നതെന്ന് ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നുണ്ട്. “ഈ റോഡ് നിർമ്മാണം തുടരുന്നത് വളരെ ഗുരുതരമായ സൈനിക നീക്കങ്ങൾക്ക് വഴിയൊരുക്കുമെ”ന്നും അവർ വ്യക്തമാക്കി.

2012 ൽ ഇന്ത്യയും ചൈനയും ഒപ്പുവച്ച കരാർ പ്രകാരം ഇന്ത്യ-ചൈന-ഭൂട്ടാൻ അതിർത്തി നിർണ്ണയം മൂന്ന് രാഷ്ട്രങ്ങളും ഒരുമിച്ചിരുന്ന് മാത്രമേ തീരുമാനിക്കൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ചൈന സ്വീകരിക്കുന്ന ഏകപക്ഷീയ നിലപാടുകളെ എന്ത് വില കൊടുത്തും നേരിടുമെന്നാണ് ഇന്ത്യയുടെ നയം.

ഈ മേഖലയിൽ നിന്ന് സൈന്യത്തെ പിൻവലിച്ചില്ലെങ്കിൽ അതിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ചൈനീസ് സൈനിക വക്താവ് പഞ്ഞിരുന്നു. എന്നാൽ ഇന്ത്യ പഴയ ഇന്ത്യ അല്ല എന്നാണ് ഇതിന് കേന്ദ്ര മന്ത്രി അരുൺ ജയ്റ്റ്ലി നൽകിയ മറുപടി.

എന്നാൽ ദോക് ലാം പീഠഭൂമി തങ്ങളുടേതാണെന്ന് അവകാശപ്പെട്ട ചൈന, ഇന്ത്യ അതിക്രമിച്ച കടന്നുവെന്ന ആരോപണം തുടർച്ചയായി ഉന്നയിക്കുകയാണ്. എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെ മാനിക്കുന്നുവെന്ന് വ്യക്തമാക്കിയ ചൈന, ഭൂട്ടാന്റെ അതിർത്തിക്കകത്ത് ഇന്ത്യൻ സൈന്യത്തെ വിന്യസിച്ചതിനെയാണ് വിമർശിച്ചത്.

സംഘർഷ അന്തരീക്ഷം നിലനിൽക്കുന്നുണ്ടെങ്കിലും  നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നത്തിന് പരിഹാരം കാണാനാണ് ഇരു രാജ്യങ്ങളുടെയും ഇപ്പോഴത്തെ ശ്രമം. ജൂലൈ 26 ന് ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ബീജിംഗ് സന്ദർശിക്കുന്നുണ്ട്. ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള സുരക്ഷ ചർച്ചകൾക്കായാണ് ഇദ്ദേഹം ബീജിംഗ് സന്ദർശിക്കുന്നത്. ഈ യോഗത്തിൽ ചൈനീസ് പ്രതിരോധ ഉപദേഷ്ടാവ് യാംഗ് ജിയേച്ചിയുമായി ഇന്ത്യ-ചൈന തർക്കം ചർച്ച ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ