ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ പാരിസ്ഥിതിക ക്യാംപെയിനായ ‘എര്‍ത്ത് അവറിന്’ 2017ല്‍ പത്ത് വയസ് തികയുകയാണ്. ആഗോള താപനത്തെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനായി ലോകത്താകമാനം ലക്ഷക്കണക്കിന് ജനങ്ങള്‍ രാത്രി 8.30ന് ഒരു മണിക്കൂര്‍ നേരത്തേക്ക് മുഴുവന്‍ ലൈറ്റുകളും അണയ്ക്കും.
ലോകവ്യാപകമായി 7000 നഗരങ്ങളിലെ കോടിക്കണക്കിന് ആളുകളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 19ന് 8.30നും 9.30നും ഇടയിലാണ് എര്‍ത്ത് അവര്‍ ആചരിച്ചത്. ഇത്തവണ മാര്‍ച്ച് 24 ശനിയാഴ്ച്ച രാത്രി 8.30നാണ് വിളക്കുകള്‍ അണയ്ക്കുക.
കാലാവസ്ഥാ വ്യതിയാനം ഊര്‍ജസംരക്ഷണം എന്നിവയെക്കുറിച്ച് ലോകത്തെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ വേള്‍ഡ് വൈഡ് ഫണ്ടാണ്(ഡബ്ല്യുഡബ്ല്യുഎഫ്) പരിപാടി ആദ്യമായി മുന്നോട്ടുവച്ചത്. 2007 മാര്‍ച്ച് 31 ന് 7.30 ന് സിഡ്നിയിലാണ് ആദ്യമായി പരിപാടി സംഘടിപ്പിച്ചത്. പിന്നീട് അതേ വര്‍ഷം ഒക്റ്റോബറില്‍ സാന്‍ഫ്രാന്‍സിസ്കോയിലും വിളക്കുകള്‍ അണഞ്ഞു.
പരിപാടി വിജയകരമായതോടെ 2008 മാര്‍ച്ച് 29ന് രാത്രി 8 മുതല്‍ 9 വരെ ലോകവ്യാപകമായി ഭൗമ മണിക്കൂര്‍ സംഘടിപ്പിച്ചു. 26 പ്രധാന നഗരങ്ങളും 300 ചെറിയ നഗരങ്ങളും പരിപാടിയില്‍ പങ്കാളികളായി.
ഒരു മണിക്കൂര്‍ നേരം വൈദ്യുതി വിളക്കണച്ചാല്‍ എന്ത് മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന സംശയത്തോടെ നമ്മളില്‍ ചിലരെങ്കിലും നെറ്റി ചുളിച്ചേക്കാം. ലൈറ്റ് ഒരു മണിക്കൂര്‍ നേരത്തേക്ക് അണച്ചത് കൊണ്ട് ആഗോളതാപനമോ, പരിസ്ഥിതിആഘാതങ്ങളോ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയില്ലെങ്കിലും നമ്മുടെ കണ്‍ മുന്നില്‍ ചെറിയ കാലാവസ്ഥാ മാറ്റത്തിനെങ്കിലും വഴിവെച്ചേക്കാം. അടുത്ത തലമുറയ്ക്ക് ഭൂമിയില്‍ ആരോഗ്യപരമായ ഒരു ജീവിതം മുന്നോട്ട് കൊണ്ട് പോകാനുള്ള തുടക്കമെന്ന രീതിയിലും ഒരു മണിക്കൂര്‍ ഇരുട്ടത്തിരിക്കുന്നത് പ്രാധാനപ്പെട്ടതാണെന്ന് നമുക്ക് തിരിച്ചറിയാന്‍ സാധിക്കും.