ന്യൂഡൽഹി: സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിക്കൊണ്ടിരിക്കുന്ന ബോയ്സ് ലോക്കർ റൂം ഗ്രൂപ്പ് അഡ്മിൻ അറസ്റ്റിൽ. പതിനഞ്ചുകാരനെയാണ് ഡൽഹി പൊലീസ് സെെബർ ക്രെെം സെൽ അറസ്റ്റ് ചെയ്തത്. ബോയ്സ് ലോക്കർ റൂം ഗ്രൂപ്പുമായി ബന്ധപ്പെട്ട കേസിൽ രണ്ട് ദിവസം മുൻപാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നേരത്തെ മറ്റൊരു പതിനഞ്ചുകാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദക്ഷിണ ഡൽഹിയിലെ സ്കൂളിലെ അഞ്ച് വിദ്യാർഥികളെ കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തത് അവരുടെ മാതാപിതാക്കളുടെ മുൻപിൽവച്ചാണ്.
എന്താണ് ബോയ്സ് ലോക്കൽ റൂം?
ദക്ഷിണ ഡൽഹിയിലെ വിദ്യാർഥികൾ ചേർന്നുണ്ടാക്കിയ ഇൻസ്റ്റഗ്രാം ഗ്രൂപ്പിന്റെ പേരാണ് ബോയ്സ് ലോക്കർ റൂം. സഹപാഠികളായ പെൺകുട്ടികളെ എങ്ങനെ പീഡിപ്പിക്കാം എന്നതടക്കമുള്ള കാര്യങ്ങളാണ് ഗ്രൂപ്പിൽ ചർച്ച ചെയ്യുന്നത്. സ്കൂളിലെ പെൺകുട്ടികളുടെ അശ്ലീല ചിത്രമടക്കം ഗ്രൂപ്പുകളിൽ പങ്കുവച്ചിട്ടുണ്ട്. സ്കൂളിലെ ഒരു വിദ്യാർഥിനി തന്നെയാണ് ഗ്രൂപ്പിലെ കാര്യങ്ങൾ പുറത്തറിയിക്കുന്നത്. ഗ്രൂപ്പിൽ നടക്കുന്ന അശ്ലീല സംഭാഷണങ്ങൾ അടക്കം ആ വിദ്യാർഥിനി സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ഇതോടെ ഗ്രൂപ്പ് വിവാദത്തിലായി.
പ്രായപൂർത്തിയാകാത്ത കുട്ടികൾ
സഹപാഠികളായ പെൺകുട്ടികളുടെ ചിത്രങ്ങൾ അടക്കം ദുരുപയോഗിക്കുന്നതും അവരെ എങ്ങനെ ലെെംഗികമായി പീഡിപ്പിക്കണമെന്ന് ചർച്ച ചെയ്യുന്നതും പതിനാലും പതിനഞ്ചും പ്രായമുള്ള ആൺകുട്ടികളാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളായതിനാൽ ആണ് പൊലീസ് പ്രതികളുടെ വ്യക്തിവിവരങ്ങൾ പുറത്തുവിടാത്തത്.
Read Also: പാക്കിസ്ഥാൻ 1992 നു ശേഷം ലോകകപ്പ് നേടാത്തതിനു കാരണം അക്രം; ഗുരുതര ആരോപണവുമായി മുൻ താരം
അന്വേഷണം നടക്കുന്നു
ഇൻസ്റ്റഗ്രാം ഗ്രൂപ്പിനെ കുറിച്ച് വിവരങ്ങൾ പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണവുമായി സഹകരിക്കാൻ കുട്ടികൾക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.
പൊലീസ് പറയുന്നത്
ദക്ഷിണ ഡൽഹിയിലെ ഒരു സ്കൂളിലെ വിദ്യാർഥികളാണ് ഇൻസ്റ്റഗ്രാം ഗ്രൂപ്പ് തുടങ്ങിയത്. മാർച്ച് മാസത്തിലെ അവസാന ആഴ്ചയിലാണ് ഗ്രൂപ്പ് രൂപീകരിക്കുന്നത്. പിന്നീട് ഗ്രൂപ്പിൽ സുഹൃത്തുക്കളെ ചേർക്കാൻ തുടങ്ങി. കോളേജിൽ പഠിക്കുന്ന വിദ്യാർഥികളും ഗ്രൂപ്പിൽ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. സ്കൂളിലെ പെൺകുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗിക്കാൻ ആരംഭിച്ചു. പെൺകുട്ടികൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ മോർഫ് ചെയ്യാനും ആരംഭിച്ചു. ലെെംഗിക അതിക്രമങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ഗ്രൂപ്പിൽ ചർച്ച നടന്നിട്ടുണ്ട്. ഇതിന്റെ സ്ക്രീൻഷോട്ടുകൾ ഉള്ളതായി പൊലീസ് വ്യക്തമാക്കി. ഏതാനും ദിവസങ്ങൾക്ക് ശേഷം ഗ്രൂപ്പിൽ 51 അംഗങ്ങളായി. മറ്റൊരു ഗ്രൂപ്പ് കൂടി ഇവർ ആരംഭിച്ചു. സ്വന്തം സ്കൂളിലെ വിദ്യാർഥിനികളെ കൂട്ടബലാത്സംഗം നടത്താം എന്ന തരത്തിൽ പോലും ആ ഗ്രൂപ്പിൽ ചർച്ച നടന്നിട്ടുണ്ട് !