/indian-express-malayalam/media/media_files/XgPOEwQErkuX6Q30y84d.jpg)
ഒരു ഇന്ത്യൻ ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരം സിഖ്സ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്വന്ത് സിങ് പന്നൂനിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് യുഎസ് ആരോപിച്ച ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തയുടെ പട്ടികയിൽ ഒന്നിലധികം ടാർഗറ്റുകളുണ്ടെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് മാൻഹട്ടൻ കോടതിയില്‍ നൽകിയ കുറ്റപത്രത്തിൽ പറയുന്നു.
ആരോപണവിധേയമായ ഗൂഢാലോചനയിൽ ആസൂത്രണം മുതൽ ഗതാഗതമുള്‍പടെ മറ്റു കാര്യങ്ങള്‍ (ലോജിസ്റ്റിക്സ്) ക്രമീകരിക്കുന്നത് വരെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് ഒന്നിലധികം വ്യക്തികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കുറ്റപത്രം സൂചിപ്പിക്കുന്നു,. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ഖാലിസ്ഥാൻ വാദി ഹർദീപ് സിങ് നിജ്ജാറിനെ മുഖംമൂടി ധരിച്ച തോക്കുധാരികൾ ജൂൺ 18-ന് കൊലപ്പെടുത്തിയ സംഭവത്തെയും ഇതിൽ പരാമർശിക്കുന്നു.
കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ, ഇന്ത്യൻ ഉദ്യോഗസ്ഥൻ കാലിഫോർണിയയിൽ നിർവീര്യമാക്കാൻ ആഗ്രഹിച്ച മറ്റൊരു ടാർഗറ്റുമുണ്ടെന്നുള്ള സൂചനയുണ്ട്.
ഗുജറാത്തിൽ ക്രിമിനൽ കേസ് നേരിടുന്ന ലഹരി മരുന്ന്, ആയുധ ഇടപാടുകാരൻ നിഖിൽ ഗുപ്തയെ മെയ് മാസത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥനാണ് ഇതിനായി നിയോഗിച്ചതാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
നിഖിൽ ഗുപ്ത യുഎസിലെ ഒരു "ക്രിമിനൽ അസോസിയേറ്റ്" മായി ബന്ധപ്പെട്ടു. "സിഎസ്" എന്ന് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്ന ആ വ്യക്തി യുഎസ് ഫെഡറൽ ഏജൻസിയുടെ സോഴ്സായിരുന്നു. യുഎസ് രഹസ്യാന്വേഷണ ഏജന്റായ ഒരു "വാടകക്കൊലയാളിയുമായി" "സിഎസ്" ഗുപ്തയെ ബന്ധപ്പെടുത്തി. കുറ്റപത്രത്തിൽ ഈ ഏജന്റിനെ "യുസി" എന്നും പരാമർശിക്കുന്നു.
"സിഎസുമായും യുസിയുമായും നിഖിൽഗുപ്ത നടത്തിയ ആശയവിനിമയത്തിനിടയിൽ, ഇന്ത്യയിൽ നിന്നുള്ള കൊലപാതക ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകുന്ന സഹ-ഗൂഢാലോചനക്കാർക്ക് വിപുലമായ സംവിധാനങ്ങളുണ്ടെന്നും ഗൂഢാലോചനയുടെ പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഗുപ്ത ആവർത്തിച്ച് ഊന്നിപ്പറഞ്ഞു," എന്ന് കുറ്റപത്രത്തിൽ പറയുന്നു.
“2023 ജൂൺ 12-നോ അതിനടുത്തോ, ഒരു കോൺഫറൻസ് റൂമിലാണെന്ന് തോന്നിക്കുന്ന നിലയിൽ നിഖിൽ ഗുപ്തയിൽ നിന്ന് യുസിക്ക് ഒരു വീഡിയോ കോൾ ലഭിച്ചു. കോളിനിടയിൽ, ഗുപ്തയ്‌ക്കൊപ്പം ഒരു കോൺഫറൻസ് ടേബിളിന് ചുറ്റും ഇരുന്നു, ബിസിനസ്സ് വസ്ത്രം ധരിച്ചിരുന്ന മുറിയിലെ മറ്റ് മൂന്ന് പുരുഷന്മാർക്ക് നേരെ ഗുപ്ത ക്യാമറ തിരിച്ചു. ഗുപ്ത തന്റെ നേരെ ക്യാമറ തിരിച്ചപ്പോൾ, അദ്ദേഹം യുസിയോട് പറഞ്ഞു, 'ഞങ്ങൾ എല്ലാവരും നിങ്ങളിലാണ് പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്." വാടകക്കൊലയാളിയെന്ന് കരുതപ്പെടുന്നയാളും ഗുപ്തയും തമ്മിലുള്ള ഒരു വീഡിയോ കോൾ വിശദമായി വിവരിച്ചുകൊണ്ട്, കുറ്റപത്രം പറഞ്ഞു,
ജൂൺ 18-ന് കാനഡയിൽ നിജ്ജാർ കൊല്ലപ്പെട്ടതിനെത്തുടർന്ന്, കുറ്റപത്രത്തിൽ സിസി-1 എന്ന് പരാമർശിച്ചിരിക്കുന്ന ഇന്ത്യൻ ഉദ്യോഗസ്ഥൻ, കാറിലുള്ള നിജ്ജാറിന്റെ മൃതദേഹത്തിന്റെ വീഡിയോ നിഖിൽ ഗുപ്തയ്‌ക്കൊപ്പം പങ്കിട്ടു, അത് ഉടൻ തന്നെ സിഎസ്, യുസി എന്നിവർക്കും നൽകി. ജൂൺ 19 ന്, നിഖിൽ ഗുപ്ത യുസിയോട് പറഞ്ഞു, നിജ്ജാർ ലക്ഷ്യങ്ങളിലൊന്നായിരുന്നു, മൂന്നാമത്തെയോ നാലാമത്തെയോ ആയിരുന്നു, പക്ഷേ വിഷമിക്കേണ്ട (കാരണം) ഞങ്ങൾക്ക് വളരെയധികം ലക്ഷ്യങ്ങളുണ്ട്.
ജൂൺ 20-ന് ഇന്ത്യൻ ഉദ്യോഗസ്ഥൻ, ഗുപ്തയ്ക്ക് പന്നൂനെക്കുറിച്ച് വന്ന ഒരു വാർത്താ അയച്ചതിനെ തുടര്‍ന്ന് "ഇപ്പോൾ മുൻഗണന" എന്ന സന്ദേശവും അയച്ചു. പന്നൂനെ കൊല്ലാൻ "അവസരം കണ്ടെത്താനും" "വേഗത്തിൽ ചെയ്യാനും" ഗുപ്ത സിഎസിന് നിർദ്ദേശം നൽകി. “29ന് (ജൂൺ) മുമ്പ് കാനഡയിൽ മൂന്നും ”പന്നൂനും ഉൾപ്പടെ നാല് ജോലികൾ പൂർത്തിയാക്കണമെന്ന് നിഖിൽ ഗുപ്ത പറഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു.
കുറ്റപത്രം അനുസരിച്ച്, പന്നൂന്റെ കൊലപാതകത്തിന് ശേഷം, തന്റെ "കൂട്ടാളികൾ" സി.എസിനും യു.സിക്കും കൊല്ലാൻ കൂടുതൽ ഇരകളെ നൽകുമെന്ന് സി.എസിനെയും യു.സിയെയും നിഖിൽ ഗുപ്ത അറിയിച്ചിരുന്നു.
2023 ജൂൺ 9-ന്, “ഇരയുടെ (പന്നൂൻ) കൊലപാതകം യുസിയുടെ ജീവിതത്തെ മാറ്റിമറിക്കുമെന്ന് ഒരു സംഭാഷണത്തിനിടെ ഗുപ്ത സിഎസിനോട് പറഞ്ഞു, കാരണം 'ഞങ്ങൾ കൂടുതൽ,കൂടുതൽ വലിയ ജോലി, എല്ലാ മാസവും കൂടുതൽ ജോലി, എല്ലാ മാസവും 2-3 ജോലി നൽകും,” എന്ന് പറഞ്ഞു.
നിജ്ജാർ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ്, ഗുപ്തയും കൂട്ടാളികളും തമ്മിൽ കൈമാറിയ വിവരങ്ങൾ അനുസരിച്ച് നിജ്ജാറിന്റെ ആസന്നമായ കൊലപാതകത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് സൂചന നൽകുന്നു.
കുറ്റപത്രം അനുസരിച്ച്, ജൂൺ 12 ന്, കാനഡയിൽ ഒരു "വലിയ ടാർഗറ്റ്" ഉണ്ടെന്ന് നിഖിൽ ഗുപ്ത സിഎസിനോട് പറഞ്ഞു. ജൂൺ 14 ന്, ഗുപ്ത സി എസ്സി ന് സന്ദേശം അയച്ചു, "ഞങ്ങൾക്ക് കാനഡയിലും ഒരു നല്ല ടീം ആവശ്യമാണ്, നാളെ ഞാൻ നിങ്ങൾക്ക് വിശദാംശങ്ങൾ പങ്കിടാം". അടുത്ത ദിവസം, കനേഡിയൻ ടാർഗറ്റിനെക്കുറിച്ച് താൻ ഇപ്പോഴും "വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണെന്ന്" ഗുപ്ത സിഎസിനെ അറിയിച്ചു.
ജൂൺ 16 ന്, സിഎസുമായുള്ള മറ്റൊരു കോളിൽ, നിഖിൽ ഗുപ്ത അവരോട് പറഞ്ഞു, “ഞങ്ങൾ അവരുടെ ജോലി ചെയ്യുന്നു സഹോദരാ. ഞങ്ങൾ അവരുടെ ന്യൂയോർക്കിലെയും കാനഡയിലെയും ജോലി ചെയ്യുന്നു."
കനേഡിയൻ സുരക്ഷാ ഏജൻസികൾ "ഇന്ത്യ ഗവൺമെന്റിന്റെ ഏജന്റുമാരും കനേഡിയൻ പൗരനായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിശ്വസനീയമായ ആരോപണങ്ങൾ സജീവമായി പിന്തുടരുകയാണെന്ന്" എന്നായിരുന്നു കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സെപ്തംബറിൽ പാർലമെന്റിൽ പ്രസ്താവിച്ചത്. ഇതിനെ "അസംബന്ധം," "ഗൂഢോദ്ദേശ്യം" എന്ന് പറഞ്ഞ് ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു.
നിജ്ജാറിന്റെ കൊലപാതകത്തെത്തുടർന്ന്, പന്നൂൻ ഇപ്പോൾ ജാഗരൂകരായിരിക്കുമെന്നതിനാൽ, കൊലയാളികളെന്ന് കരുതപ്പെടുന്നവരോട് ജാഗ്രത പാലിക്കണമെന്ന് നിഖിൽ ഗുപ്ത മുന്നറിയിപ്പ് നൽകിയിരുന്നു.
“നമ്മുക്ക് എപ്പോൾ വേണമെങ്കിലും മുന്നോട്ട് പോകാം..., ഇന്നോ, നാളെയോ- കഴിയുന്നത്ര നേരത്തെ ആകാം. (യുസി) ഈ ജോലി പൂർത്തിയാക്കണം, സഹോദരാ... അദ്ദേഹം (റ്റാർഗറ്റ്) തനിച്ചല്ലെങ്കിൽ, (അദ്ദേഹത്തോടൊപ്പം മീറ്റിംഗിലോ മറ്റെന്തെങ്കിലുമോ) രണ്ട് പേര്‍ ഉണ്ടെങ്കിൽ... എല്ലാവരേയും തട്ടിയേക്കൂ,, എല്ലാവരെയും തട്ടിയേക്കൂ,” ഗുപ്ത സിഎസിനോട് പറഞ്ഞതായി കുറ്റപത്രത്തിൽ ആരോപിക്കുന്നു.
ജൂൺ 22-ന് പന്നൂൻ വീട്ടിലില്ലെന്നും "തനിക്ക് ബോസിൽ നിന്ന് സന്ദേശം ലഭിച്ചു"വെന്നും ഇന്ത്യൻ ഉദ്യോഗസ്ഥൻ ഗുപ്തയ്ക്ക് സന്ദേശം അയച്ചു. പന്നൂൻ വീട്ടിലുണ്ടോയെന്ന് അന്വേഷിക്കാൻ കൊലയാളികളോട് പറയണമെന്നും സ്ഥിരീകരിച്ചാൽ "മുന്നോട്ട് പോകാം" എന്ന് ഉദ്യോഗസ്ഥൻ സിഎസിനോട് പറഞ്ഞു.
ഈ "ജോലി"ക്കായി മെയ് ആറി ന് ഇന്ത്യൻ ഉദ്യോഗസ്ഥൻ നിഖിൽ ഗുപ്തയുമായി ബന്ധപ്പെട്ടിരുന്നുവെന്നും പകരം ഗുജറാത്തിൽ അദ്ദേഹത്തിനെതിരെയുള്ള ക്രിമിനൽ കേസ് "നോക്കിക്കൊള്ളാം" എന്നുമാണ് വാഗ്ദാനമെന്നും കുറ്റപത്രത്തിൽ പറയുന്നു. മെയ് 12 ന്, കേസ് "ഏറ്റെടുത്ത"തായി അദ്ദേഹം ഗുപ്തയെ അറിയിച്ചു.
കുറ്റപത്രം അനുസരിച്ച്, ഉദ്യോഗസ്ഥനും ഗുപ്തയും ഇംഗ്ലീഷിൽ ആണ് സംസാരിച്ചിരുന്നത്. ഇടയ്ക്കു ചില സ്പാനിഷ് പദങ്ങൾ ഉപയോഗിച്ചും സംഭാഷണങ്ങൾ നടത്തിയിരുന്നു. എൻക്രിപ്റ്റ് ചെയ്ത ആപ്ലിക്കേഷനുകളിലൂടെ അവർ ചാറ്റ് ചെയ്യുകയും കോളുകൾ ചെയ്യുകയും ചെയ്തു. "ടാർഗെറ്റിന്റെ" ലൊക്കേഷന്റെയും എവിടെയാണെന്നതിന്റെയും ജിയോ ടാഗ് ചെയ്‌ത ചിത്രങ്ങൾ അയയ്‌ക്കുന്നതിനായി ഇന്ത്യൻ ഉദ്യോഗസ്ഥൻ ഗുപ്തയ്ക്ക് ഒരു ജിപിഎസ് ആപ്ലിക്കേഷൻ നൽകിയിരിന്നു.
നിഖിൽ ഗുപ്തയുമായി ബന്ധപ്പെട്ടതിന് തൊട്ടുപിന്നാലെ, തനിക്ക് “ന്യൂയോർക്കിൽ ഒരു ടാർഗറ്റുണ്ടെന്നും“ "കാലിഫോർണിയയിൽ” മറ്റൊരു ടാർഗറ്റുണ്ടെന്നും ഉദ്യോഗസ്ഥൻ സന്ദേശം അയച്ചിരുന്നു. എന്നാൽ, കുറ്റപത്രത്തിൽ കാലിഫോർണിയ ടാർഗറ്റിന്റെ കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല.
“CC-1 (ഇന്ത്യൻ ഉദ്യോഗസ്ഥൻ) ഉപയോഗിച്ച ടെലിഫോൺ നമ്പറിന് ഒരു ഇന്ത്യാ കോഡ് ഉണ്ട്, ഇന്റർനെറ്റ് പ്രോട്ടോക്കോൾ ഡാറ്റയെ അടിസ്ഥാനമാക്കി, കൊലപാതകത്തിന്റെ ആസൂത്രണ സമയത്ത് നിരവധി അവസരങ്ങളിൽ ന്യൂഡൽഹിയുടെ സമീപത്ത് നിന്ന് ഇന്റർനെറ്റ് ആക്സസ് ചെയ്ത ഒരു ഇമെയിൽ അക്കൗണ്ടിലേക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു ഇന്ത്യൻ ഗവൺമെന്റ് ഏജൻസിക്ക് വേണ്ടി പ്രസക്തമായ കാലയളവിൽ CC-1 ജോലി ചെയ്തിരുന്നു ," എന്നും കുറ്റപത്രത്തിൽ പറയുന്നു.
പേയ്‌മെന്റുകളുടെ വിശദാംശങ്ങൾ സിഎസ് ആവശ്യപ്പെട്ടതിന് ശേഷം, 150,000 ഡോളർ നൽകാൻ താൻ തയ്യാറാണെന്നും ഇന്ത്യൻ ഉദ്യോഗസ്ഥൻ പറഞ്ഞു, “ജോലിയുടെ ഗുണനിലവാരം അനുസരിച്ച് ഓഫർ കൂടുതൽ ഉയരും… അത് എത്രയും വേഗം പൂർത്തിയാക്കിയാൽ,” എന്നും കുറ്റപത്രത്തിൽ പറയുന്നു.
സി എസ് 100,000 യു എസ് ഡോളർ ആവശ്യപ്പെട്ടു, അത് ഇന്ത്യൻ ഉദ്യോഗസ്ഥൻ സമ്മതിച്ചു. ജോലി വേഗത്തിൽ പൂർത്തിയാക്കാൻ ഗുപ്ത സിഎസിനെ നിർബന്ധിച്ചുകൊണ്ടിരുന്നു. ജൂൺ നാലിന്, "ഈ ജോലി വിജയകരമായി പൂർത്തിയാക്കിയാൽ" സിഎസിനെ കാണാൻ "മേധാവിയെ കൊണ്ടുവരുമെന്ന്" നിഖിൽ ഗുപ്ത സിഎസിനോട് വാഗ്ദാനം ചെയ്തു.
കുറ്റപത്രം അനുസരിച്ച്, കൊലപാതകത്തിനുള്ള അഡ്വാൻസ് 25,000 യുഎസ് ഡോളറായി കൊലയാളികൾ നിശ്ചയിച്ചിരുന്നു. ജൂൺ അഞ്ചിന്, ഗുപ്ത CC-1 നോട് "അദ്ദേഹത്തിന്റെ ന്യൂയോര്‍ക്ക് ഡീലർ വഴി 25,000 അവിടെ ക്രമീകരിക്കാൻ കഴിയുമോ എന്ന് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു.
ജൂൺ ഒമ്പതിന്, 15,000 യുഎസ് ഡോളറിന്റെ പേയ്‌മെന്റ് ഇന്ത്യൻ ഉദ്യോഗസ്ഥന്റെ ഒരു സഹപ്രവർത്തകൻ (അസോസിയേറ്റ്) ഏർപ്പാട് ചെയ്തു. കൊലയാളിയെന്ന് കരുതപ്പെടുന്നയാളെ കാറിൽ വെച്ച് (അസോസിയേറ്റ്) കാണുകയും പണം കൈമാറുകയും ചെയ്തു. പണം കൈമാറിയതിന്റെ ഫോട്ടോയും കുറ്റപത്രത്തോടൊപ്പം ചേർത്തിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us