അഹമ്മദാബാദ്: മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അവസാനവട്ട തന്ത്രങ്ങൾ ആവിഷ്കരിക്കാൻ ഗുജറാത്തിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് ശേഷം റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോഴാണ് പ്രിയങ്കയുടെ വിമർശനം.

അധികാരത്തിൽ വരുമ്പോൾ മോദി സർക്കാർ ഉറപ്പുനൽകിയിരുന്ന സ്ത്രീ സുരക്ഷയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. എല്ലാവർക്കും 15 ലക്ഷം രൂപ വീതം നൽകുമെന്ന പ്രഖ്യാപനം എന്തുകൊണ്ടാണ് നടപ്പാക്കാതിരുന്നതെന്നും പ്രിയങ്ക ചോദിച്ചു.

“ഈ തിരഞ്ഞെടുപ്പിന്റെ അർത്ഥം എന്താണെന്നും അതിൽ നിങ്ങളുടെ പങ്ക് എന്താണെന്നും ചിന്തിക്കണം. നമ്മൾ തന്നെയാണ് നമ്മുടെ ഭാവി നിശ്ചയിക്കുന്നത്. നമ്മളെങ്ങനെ പുരോഗമിക്കുമെന്നാണ് ഇവിടെ പ്രധാനപ്പെട്ട കാര്യം. കർഷകർക്ക് വേണ്ടി ആര് ജോലി ചെയ്യും? സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി ആരെന്ത് ചെയ്യും?” പ്രിയങ്ക ചോദിച്ചു.

”രാജ്യത്തിന്റെ അടിത്തറ സ്നേഹത്തിലും ഒത്തൊരുമയിലും സാഹോദര്യത്തിലും പടുത്തുയർത്തിയതാണ്. എന്നാൽ ഇന്ന് രാജ്യത്ത് സംഭവിക്കുന്നതെല്ലാം അങ്ങേയറ്റം ഖേദകരമാണ്,” പ്രിയങ്ക പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook