ന്യൂഡൽഹി: കോവിഡ് വാക്‌സിന്‍ വിതരണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരും ബിജെപിയും പ്രധാനമന്ത്രിയും നടത്തിയ വ്യത്യസ്ത അഭിപ്രായങ്ങളെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡിന്റെ ശൃംഖല തകര്‍ക്കുന്നതിന് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കേണ്ടതില്ലെന്ന് ചൊവ്വാഴ്ച കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും കേന്ദ്രം പറയുകയുണ്ടായി. ഇതിനെതിരെയാണ് രാഹുൽ രംഗത്തെത്തിയത്. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നയം വ്യക്തമാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.

കോവിഡ് -19 നുള്ള വാക്‌സിൻ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സർക്കാറിന്റെയും ബിജെപിയുടെയും പ്രസ്താവനകളിലെ വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി, എന്താണ് ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ നിലപാടെന്ന് രാഹുൽ ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. “പ്രധാനമന്ത്രി – എല്ലാവർക്കും വാക്സിൻ ലഭിക്കും. ബീഹാർ തെരഞ്ഞെടുപ്പിൽ ബിജെപി – ബീഹാറിലെ എല്ലാവർക്കും സൗജന്യ വാക്സിൻ ലഭിക്കും. ഇപ്പോൾ, കേന്ദ്രസർക്കാർ – എല്ലാവർക്കും വാക്സിൻ ലഭിക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. എന്താണ് പ്രധാനമന്ത്രിയുടെ കൃത്യമായ നിലപാട്?” രാഹുൽ ഗാന്ധി ട്വീറ്റിൽ പറഞ്ഞു.

ജനസംഖ്യയുടെ നിർണായക ജനവിഭാഗത്തിന് ആദ്യം കുത്തിവയ്പ് നൽകുകയും വൈറസ് പകരുന്നതിന്റെ ശൃംഖല തകർക്കുകയും ചെയ്യുന്നതാണ് മുൻ‌ഗണനയെന്ന് കേന്ദ്രം ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും നിർബന്ധിതമായി വാക്സിൻ നൽകില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പകർച്ചവ്യാധിയെക്കുറിച്ചുള്ള പ്രതിവാര സമ്മേളനത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ “രാജ്യം മുഴുവൻ വാക്സിനേഷൻ നൽകുന്നതിനെക്കുറിച്ച് സർക്കാർ ചർച്ച ചെയ്തിട്ടി്ല” എന്ന് ആവർത്തിച്ചു.

കഴിഞ്ഞ മാസം ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനായി പ്രചാരണം നടത്തുന്നതിനിടെ കോവിഡ് -19 നെതിരെ ബിഹാറിലുള്ളവർക്ക് സൌജന്യ കുത്തിവയ്പ്പ് നൽകുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. പൊതുജനാരോഗ്യ പ്രശ്‌നത്തിനുള്ള പ്രതിജ്ഞയാണിതെന്ന് ബിജെപി അറിയിച്ചു. പട്നയിൽ പാർട്ടി പ്രകടന പത്രിക പുറത്തിറക്കിയ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു: “എല്ലാ ഘട്ടങ്ങളും മറികടന്ന ശേഷം കുറഞ്ഞത് മൂന്ന് വാക്സിനുകളെങ്കിലും അവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്, അവ ഉൽപാദനത്തിന്റെ പാതയിലാണ്. ഇതിനുശേഷം, ഈ വാക്സിൻ മികച്ചതാണെന്ന് ശാസ്ത്രജ്ഞർ പറഞ്ഞാൽ, ഉത്പാദനം നടക്കാം. സർക്കാരിന്റെ ഇടപെടൽ കാരണം നമ്മുടെ ഉൽപാദന ശേഷി വളരെ വലുതാണ്. ”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook