ന്യൂഡൽഹി: നിയന്ത്രണ രേഖ ഭേദിച്ച് പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ഇന്നേക്ക് ഒരു വര്‍ഷം . അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനും കരസേന മേധാവി ബിബിന്‍ റാവത്തും ഇന്ന് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും. ഒരുവര്‍ഷത്തിനിടെ നിയന്ത്രണ രേഖയില്‍ ഇരു രാജ്യങ്ങളും തമ്മിലുളള ആക്രമണങ്ങളും പ്രത്യാക്രമണവും പതിന്മടങ്ങായി വര്‍ധിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്രതലത്തിലും പിരിമുറക്കം തുടരുകയാണ്.

നിയന്ത്രണരേഖയില്‍ പാക് ഭീകരരുടെ നുഴഞ്ഞ് കയറ്റവും, സൈനിക പോസ്റ്റുകള്‍ക്ക് നേരയുള്ള അക്രമവും രൂക്ഷമായതോടെ കഴിഞ്ഞ വര്‍ഷം ഇതേ ദിവസം അര്‍ധ രാത്രി യോടെയാണ് ഇന്ത്യ പാക് അധീന കശ്മീരില്‍ മിന്നലാക്രണം നടത്തിയത്. 7 ലധികം ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം. പിന്നാലെ വിവാദവും ആരംഭിച്ചു. ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ കടന്നിട്ടില്ലെന്ന് പാകിസ്താന്‍ അവകാശപ്പെട്ടു. കോണ്‍ഗ്രസ്സുള്‍പ്പെടുന്ന പ്രതിപക്ഷ പാര്‍ട്ടികളും മിന്നലാക്രമണത്തിന്റെ വിശ്വാസീയത ചോദ്യം ചെയ്തു.

മിന്നലാക്രമണത്തിന് ശേഷമുളള കശ്മീര്‍ അശാന്തമാണ്. നാനൂറിലേറെ തവണ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. സൈനികപോസ്റ്റുകള്‍ക്ക് നേരേയും നാട്ടുകാര്‍ക്ക് നേരേയും വെടിയുതിര്‍ത്തു. എഴുപത് സൈനികരാണ് ഒരുവര്‍ഷത്തിനുളളില്‍ കൊല്ലപ്പെട്ടത്. സൈന്യം നൂറ്റിയെണ്‍പത് ഭീകരരെ വധിച്ചു. സൈനികക്യാംപുകള്‍ക്കും വാഹനവ്യൂഹങ്ങള്‍ക്കും നേരേ തുടര്‍ച്ചയായി ഭീകരാക്രമണങ്ങളുണ്ടായി. നയതന്ത്രതലത്തില്‍ പലതവണ ഇന്ത്യ പാക്കിസ്ഥാനെ കടന്നാക്രമിച്ചു. ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ പാക്കിസ്ഥാനെ വിശേഷിപ്പിച്ചത് ടെററിസ്ഥാന്‍ എന്നാണ്.

മിന്നലാക്രമണത്തിന് ശേഷവും അതിര്‍ത്തിയിലെ ഭീകരപരിശീലനക്യാംപുകള്‍ സജീവമാണ്. ആവശ്യമെങ്കില്‍ വീണ്ടും മിന്നലാക്രമണം നടത്തുമെന്ന കരസേനാമേധാവി ബിപിന്‍ റാവത്തിന്‍റെ പ്രതികരണം തളളിക്കളയാവുന്നതല്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ