/indian-express-malayalam/media/media_files/2025/12/22/electoral-trust-2025-12-22-20-17-23.jpg)
പ്രതീകാത്മക ചിത്രം
ഡൽഹി: സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് ഇലക്ടറൽ ബോണ്ട് പദ്ധതി നിർത്തലാക്കിയതോടെ, ഇന്ത്യയിലെ പ്രമുഖ കമ്പനികൾ രാഷ്ട്രീയ സംഭാവനകൾ നൽകാനായി വീണ്ടും ഇലക്ടറൽ ട്രസ്റ്റുകളെ ആശ്രയിക്കുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ ഈ ട്രസ്റ്റുകൾ വഴിയുള്ള സംഭാവനകളിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എന്താണ് ഇലക്ടറൽ ട്രസ്റ്റ്?
രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്ന കോർപ്പറേറ്റുകളെയും വ്യക്തികളെയും സഹായിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള സംവിധാനമാണിത്. 2013-ൽ യുപിഎ സർക്കാരിന്റെ കാലത്താണ് പദ്ധതി അവതരിപ്പിച്ചത്. ഇതിന് പിന്നാലെ 2018-ൽ എൻഡിഎ സർക്കാർ ഇലക്ടറൽ ബോണ്ടുകൾ കൊണ്ടുവന്നെങ്കിലും, സംഭാവന നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായിരിക്കുമെന്നതായിരുന്നു ബോണ്ടുകളുടെ പ്രത്യേകത. എന്നാൽ ഇലക്ടറൽ ട്രസ്റ്റുകളിൽ സുതാര്യത കൂടുതലാണ്. ഓരോ വർഷവും ലഭിക്കുന്ന സംഭാവനകളുടെയും അവ ഏതൊക്കെ പാർട്ടികൾക്ക് നൽകി എന്നതിന്റെയും കൃത്യമായ വിവരങ്ങൾ ട്രസ്റ്റുകൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കണം.
Also Read: ഇലക്ടറൽ ബോണ്ടുകൾ നിരോധിച്ചിട്ടും ബിജെപിയുടെ ആസ്തിയിൽ വൻ വർധന; ഒരു വർഷത്തിനിടെ ലഭിച്ചത് 6,088 കോടി
ആർക്കൊക്കെ സംഭാവന നൽകാം?
ഇന്ത്യൻ കമ്പനികൾ, വ്യക്തികൾ, ഹിന്ദു അവിഭജിത കുടുംബങ്ങൾ (HUF), ഇന്ത്യയിൽ താമസിക്കുന്ന വ്യക്തികളുടെ അസോസിയേഷനുകൾ എന്നിവർക്ക് ഇലക്ടറൽ ട്രസ്റ്റുകളിലേക്ക് പണം നൽകാം. ചെക്ക്, ബാങ്ക് ഡ്രാഫ്റ്റ് അല്ലെങ്കിൽ ഇലക്ട്രോണിക് ട്രാൻസ്ഫർ വഴിയായിരിക്കണം ഇടപാടുകൾ. സംഭാവന നൽകുന്നവർ പാൻ കാർഡ് (PAN) വിവരങ്ങൾ നിർബന്ധമായും നൽകണം.
ട്രസ്റ്റുകൾ എങ്ങനെ പ്രവർത്തിക്കുന്നു?
ഒരു സാമ്പത്തിക വർഷം ട്രസ്റ്റിന് ലഭിക്കുന്ന ആകെ സംഭാവനയുടെ 95 ശതമാനവും രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറണം എന്നാണ് നിയമം. ബാക്കി 5 ശതമാനം തുക ട്രസ്റ്റിന്റെ ഭരണപരമായ ചെലവുകൾക്കായി ഉപയോഗിക്കാം. ഓരോ മൂന്ന് വർഷം കൂടുമ്പോഴും ട്രസ്റ്റുകൾ തങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കേണ്ടതുണ്ട്.
Also Read: ഇലക്ടറൽ ബോണ്ട് റദ്ദാക്കി; രാഷ്ട്രീയ പാർട്ടികൾക്കുള്ള ട്രസ്റ്റുകളുടെ സംഭാവന മൂന്നിരട്ടിയായി വർധിച്ചു
2023-24 വർഷത്തിൽ വെറും അഞ്ച് ട്രസ്റ്റുകൾ മാത്രമാണ് സംഭാവനകൾ സ്വീകരിച്ചിരുന്നത്. എന്നാൽ ഇലക്ടറൽ ബോണ്ടുകൾ നിരോധിച്ചതോടെ 2024-25 വർഷത്തിൽ സംഭാവന നൽകിയ ട്രസ്റ്റുകളുടെ എണ്ണം ഒൻപതായി ഉയർന്നു. ഈ കാലയളവിൽ ആകെ 3,811 കോടി രൂപയാണ് ട്രസ്റ്റുകൾ വഴി രാഷ്ട്രീയ പാർട്ടികളിലേക്ക് എത്തിയത്. ഇതിൽ 'പ്രൂഡന്റ് ഇലക്ടറൽ ട്രസ്റ്റ്' ആണ് ഏറ്റവും വലിയ ട്രസ്റ്റ്. 2,668.46 കോടി രൂപയാണ് ഈ ട്രസ്റ്റ് വിവിധ കമ്പനികളിൽ നിന്നായി സ്വീകരിച്ചത്.
ടാറ്റ ഗ്രൂപ്പിന്റെ 'പ്രോഗ്രസീവ് ഇലക്ടറൽ ട്രസ്റ്റ്', മഹീന്ദ്ര ഗ്രൂപ്പിന്റെ 'ന്യൂ ഡെമോക്രാറ്റിക് ഇലക്ടറൽ ട്രസ്റ്റ്' എന്നിവയാണ് മറ്റ് പ്രമുഖ ട്രസ്റ്റുകൾ. പ്രോഗ്രസീവ് ഇലക്ടറൽ ട്രസ്റ്റ് 915 കോടി രൂപ സംഭാവനയായി സ്വീകരിച്ചു, അതിൽ 914.97 കോടി രൂപ രാഷ്ട്രീയ പാർട്ടികൾക്ക് നൽകി. ന്യൂ ഡെമോക്രാറ്റിക് ഇലക്ടറൽ ട്രസ്റ്റ് 160 കോടി രൂപ സ്വീകരിച്ച് അത്രയും തുക സംഭാവന ചെയ്തു. രാഷ്ട്രീയ ഫണ്ടിംഗിൽ ഇലക്ടറൽ ബോണ്ടുകൾ ഇല്ലാതായതോടെ, കൂടുതൽ സുതാര്യമായ ഇലക്ടറൽ ട്രസ്റ്റുകൾ കോർപ്പറേറ്റുകളുടെ പ്രധാന ഇടമായി മാറിയിരിക്കുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us