ന്യൂഡൽഹി: കോവിഡ്-19 പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മേയ് 17ന് അവസാനിക്കാനിരിക്കെ, തുടര്‍ന്നുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളെ കുറിച്ചും നിയന്ത്രണങ്ങൾ നീക്കിയതിനു ശേഷമുള്ള നടപടികളെ കുറിച്ചും വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ്.

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പാർട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നടത്തിയ യോഗത്തിലാണ് ചോദ്യമുയർന്നത്. “മേയ് 17ന് ശേഷം എന്താണ്, എങ്ങനെയാണ്? ലോക്ക്ഡൗണ്‍ തുടരാനുള്ള തീരുമാനം എന്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ കൈകൊള്ളുന്നത്,” മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ സോണിയ ഗാന്ധി യോഗത്തിൽ ചോദിച്ചതായി പാർട്ടി വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.

ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടം മേയ് 17 ന് അവസാനിക്കും. ആദ്യ ഘട്ടം മാർച്ച് 24 ന് ആരംഭിച്ച് ഏപ്രിൽ 15 ന് അവസാനിച്ചു. ഏപ്രിൽ 14 ന് പ്രധാനമന്ത്രി മേയ് 3 വരെ രണ്ടാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടുന്നതായി പ്രഖ്യാപിച്ചു.

Read More: കോവിഡിനിടയിലും തട്ടിപ്പ്; വഞ്ചിക്കപ്പെടരുതെന്ന് ദുബായ് കോൺസുലേറ്റ്

ലോക്ക്ഡൗണിന് ശേഷം എന്തെന്ന കാര്യം അറിയാൻ തങ്ങളെല്ലാം ആഗ്രഹിക്കുന്നുണ്ടെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും വ്യക്തമാക്കി.

“നമുക്ക് അറിയണം. സോണിയ ജി പറഞ്ഞതു പോലെ ലോക്ക്ഡൗൺ 3.0 കഴിഞ്ഞാൽ എന്താണ് സംഭവിക്കുക? മുഖ്യമന്ത്രിമാർ ഇക്കാര്യം കേന്ദ്രസർക്കാരുമായി ചർച്ച ചെയ്യണം. ലോക്ക്ഡൗണിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് എന്നറിയണം,” അദ്ദേഹം പറഞ്ഞു.

ഓരോയിടങ്ങളിലും സംഭവിക്കുന്നതെന്താണ് എന്നറിയാതെ ഡൽഹിയിൽ ഇരുന്ന് സോണുകൾ തിരിക്കുകയാണ് കേന്ദ്രസർക്കാരെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് കുറ്റപ്പെടുത്തി. ലോക്ക്ഡൗണിൽ നിന്നും എങ്ങനെ പുറത്തു കടക്കാമെന്നും സാമ്പത്തിക ഭദ്രത എങ്ങനെ വീണ്ടെടുക്കാമെന്നുമുള്ള തന്ത്രങ്ങൾ മെനയുന്നതിനായി താൻ രണ്ടു കമ്മിറ്റികൾ രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു.

വിപുലമായ ഉത്തേജക പാക്കേജിനായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ആവശ്യം ഉന്നയിച്ചു. ഒരു പാക്കേജിനായി സംസ്ഥാനങ്ങൾ പ്രധാനമന്ത്രിയോട് പലതവണ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു, “എന്നാൽ കേന്ദ്രസർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.” സംസ്ഥാനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു. “അവർക്ക് അടിയന്തര സഹായം നൽകേണ്ടതുണ്ട്.” ചെറുകിട വ്യവസായങ്ങളിൽ 80 ശതമാനവും പുനഃരാരംഭിച്ച് 85,000 തൊഴിലാളികൾ ജോലിയിൽ പ്രവേശിച്ച ഒരു സംസ്ഥാനമാണ് ഛത്തീസ്‌ഗഡ്.

കേന്ദ്രസർക്കാർ മൂന്നാം ഘട്ട ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ അതിന്റെ ആവശ്യവും ലക്ഷ്യങ്ങളും എന്താണെന്ന് കോൺഗ്രസ് ചോദ്യം ചെയ്തിരുന്നു.
“എന്താണ് ലോക്ക്ഡൗൺ 3.0യുടെ ലക്ഷ്യവും ആവശ്യവും? ലോക്ക്ഡൗൺ 4.0യും 5.0യും ഉണ്ടായിരിക്കുമോ? എപ്പോഴാണിത് പൂർണമായും അവസാനിക്കുക? മേയ് 17ഓടെ കൊറോണയേയും സാമ്പത്തിക പ്രതിന്ധിയേയും നേരിടാൻ എന്താണ് പരിഹാരം കണ്ടെത്തിയിട്ടുള്ളത്?” തുടങ്ങിയ ചോദ്യങ്ങളാണ് കോൺഗ്രസ് ഉന്നയിച്ചിരിക്കുന്നത്.

Read in English: ‘What after May 17?’: Congress asks govt to reveal lockdown exit strategy

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook