മരാജോ: 36 അടി നീളമുളള കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം ആമസോണ്‍ കാട്ടില്‍ കണ്ടെത്തി. ബ്രസീലിയന്‍ ദ്വീപായ മരാജോയിൽ വെളളിയാഴ്ചയാണ് ജഡം കണ്ടെത്തിയത്. ആമസോണ്‍ നദിയില്‍ നിന്നും 15 മീറ്റര്‍ അകലെയാണിത്. തമിംഗലം എങ്ങനെയാണ് കാട്ടില്‍ എത്തിയതെന്ന് വ്യക്തമല്ല.

അതേസമയം, പ്രദേശത്ത് വെളളം ഉയര്‍ന്നപ്പോള്‍ തിരമാല കാരണം തീരത്ത് അടിഞ്ഞതാവാം ജഡമെന്നാണ് മരാജോ ദ്വീപിലെ സന്നദ്ധ സേവന പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. തിമിംഗലത്തിന് വെറും ഒരു വയസ് മാത്രമാണ് പ്രായം. ‘തിമിംഗലം എങ്ങനെ ഇവിടെ എത്തി എന്നതില്‍ ഞങ്ങള്‍ക്ക് ഇപ്പോഴും വ്യക്തതയില്ല. വെളളം പൊങ്ങിയപ്പോള്‍ ഇവിടേക്ക് തിരമാല കാരണം എത്തിയതാകാം എന്നാണ് നിഗമനം. ചത്തതിന് ശേഷമാകാം തിമിംഗലം തീരത്ത് നിന്നും ഏറെ ദൂരെയുളള കണ്ടല്‍കാടുകള്‍ക്ക് നടുവില്‍ എത്തിയത്,’ മരാജോയിലെ സമുദ്ര ഗവേഷകര്‍ പറയുന്നു.

വളരെ അപൂർവമായി മാത്രമാണ് ഇത്തരത്തില്‍ കടലില്‍ നിന്നും അകലെയായി തിമിംഗലത്തിന്റെ ജഡം കാണപ്പെടാറുളളത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചു. പലരും പല നിഗമനങ്ങളുമായാണ് എത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്തി മാത്രമേ തിമിംഗലം എങ്ങനെയാണ് കാട്ടില്‍ എത്തിയതെന്ന് വ്യക്തമാവുകയുളളൂ. തിമിംഗലത്തിന്റെ മരണ കാരണം കണ്ടെത്താനായി ഫൊറന്‍സിക് പരിശോധനയും നടത്തുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook