വാഷിങ്ടണ്‍: ലൈംഗിക പീഡന ആരോപണം നേരിടുന്ന വെസ്റ്റ് വെര്‍ജീനിയ കത്തോലിക്ക രൂപതാ ബിഷപ്പ് മൈക്കല്‍ ബ്രാന്‍ഡ്സ്ഫീല്‍ഡ രാജി വച്ചു. ബിഷപ്പിന്റെ രാജി സ്വീകരിച്ചതായി മാര്‍പാപ്പ അറിയിച്ചു. വിഷയത്തില്‍ തുടര്‍ ചര്‍ച്ചകള്‍ക്കായി മാര്‍പാപ്പ അമേരിക്കയില്‍ നിന്നും നാല് പ്രതിനിധികളെ വിളിച്ചു വരുത്തിയതിന്റെ പുറകെയായിരുന്നു രാജി.
രാജി സ്വീകരിച്ചതിനോടൊപ്പം തന്നെ ബിഷപ്പിനെതിരായ ലൈംഗികാരോപണത്തില്‍ അന്വേഷണം നടത്താന്‍ പോപ് ഉത്തരവിട്ടിട്ടുണ്ട്. ഇതിനായി ബാള്‍ട്ടിമോര്‍ ബിഷപ്പ് വില്യം ലോറിയെ നിയോഗിച്ചതായി അദ്ദേഹം അറിയിച്ചു. മൈക്കല്‍ ബ്രാന്‍ഡ്സ്ഫീല്‍ഡിനെതിരായി 2007ല്‍ ഉയര്‍ന്ന ലൈംഗികാരോപണത്തിലാണ് നടപടി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതായി ബിഷപ്പ് ബ്രാന്‍ഡ്സ്ഫീല്‍ഡിനെതിരെ 2012ലും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് അദ്ദേഹം ആരോപണം നിഷേധിച്ചു. താന്‍ ആരെയും ലൈംഗികമായി ചൂഷണം ചെയ്തിട്ടില്ലെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നുമായിരുന്നു അന്ന് ബിഷപ്പിന്റെ പ്രതികരണം. അദ്ദേഹം പിന്നീട് ബിഷപ്പായി തുടരുകയും ചെയ്തിരുന്നു.
ബ്രാന്‍സ്ഫീലിഡിനെ കൂടാതെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് വാഷിങ്ടണ്‍ ആര്‍ച്ച് ബിഷപ്പ് ഡൊണാള്‍ഡ് വൂറലിന്റെ രാജിയും ഉടന്‍ പ്രതീക്ഷിക്കുന്നുണ്ട്. ആര്‍ച്ച് ബിഷപ് തിയോഡര്‍ മക് കാരിക് സെമിനാരിയിലെ വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന പരാതി മൂടിവച്ചതാണ് ഡൊണാള്‍ഡ് വൂറലിനെതിരായ പരാതി. ഇദ്ദേഹം പോപ്പിന് രാജിക്കത്ത് കൈമാറിയിട്ടുണ്ടെന്നും എന്നാല്‍ പോപ് ഫ്രാന്‍സിസ് ഇതുവരെ അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചിട്ടില്ലെന്നും വോക്‌സ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.