കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മൂന്നു നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് ഉജ്വല നേട്ടം. ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നു സീറ്റും തൃണമൂല്‍ സ്വന്തമാക്കി. സിറ്റിങ് നിലനിര്‍ത്തിയ തൃണമൂല്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഓരോ സീറ്റ് പിടിച്ചെടുത്തു. അതേസമയം, ഉത്തരാഖണ്ഡിലെ പിത്തോറഗഡ് മണ്ഡലം ബിജെപി നിലനിര്‍ത്തി.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍ നഷ്ടം അഭിമുഖീകരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമബംഗാളില്‍ ഉജ്വല തിരിച്ചുവരാണു നടത്തിയിരിക്കുന്നത്. സിറ്റിങ് സീറ്റായ കരിംപുര്‍ നിലനിര്‍ത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് ഖരഗ്പൂര്‍ ബിജെപിയില്‍നിന്നും കാളിയഗഞ്ച് കോണ്‍ഗ്രസില്‍നിന്നും തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. കലിയഗഞ്ചിലും ഖരഗ്പുറിലും ആദ്യമായിട്ടാണ് ഒരു തൃണമൂല്‍ സ്ഥാനാര്‍ഥി ജയിക്കുന്നത്. മൂന്നിടങ്ങളിലും കോണ്‍ഗ്രസ്-സിപിഎം കൂട്ടുകെട്ട് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
ഖരഗ്പൂര്‍ സദറില്‍ 20,853 വോട്ടിനാണു തൃണമൂല്‍ സ്ഥാനാര്‍ഥി പ്രദീപ് സര്‍ക്കാര്‍ ബിജെപിയുടെ പ്രേം ചന്ദ്ര ഝായെ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചിത്തരഞ്ജന് മണ്ഡല് മൂന്നാം സ്ഥാനത്തായി. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വന്‍ മുന്നേറ്റം നടത്തിയ ബിജെപിക്കു കനത്ത തിരിച്ചടിയായി ഖരഗ്പൂര്‍ സദറിലെ തോല്‍വി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ദിലിപ് കുമാര്‍ ഘോഷിന്റെ മണ്ഡലമാണു ഖരഗ്പൂര്‍ സദര്‍. ഇദ്ദേഹം ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ കാളിയഗഞ്ച് 2414 വോട്ടിനാണു തൃണമൂല്‍ സ്ഥാനാര്‍ഥി തപന്‍ ദേവ് സിന്‍ഹ പിടിച്ചെടുത്തത്. ബിജെപിയുടെ കമല്‍ ചന്ദ്ര സര്‍ക്കാര്‍ രണ്ടാമതെത്തിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ധിതശ്രീ റോയ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് 57,000 വോട്ടിന്റെ ലീഡ് ലഭിച്ച മണ്ഡലമാണിത്. കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന പ്രമതനാഥ് റായ് മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.
സിറ്റിങ് സീറ്റായ കരിംപുരില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി ബിമലേന്ദു സിന്‍ഹ റോയ് 24073 വോട്ടിനു മുന്നിലാണ്. ബിജെപിയിലെ ജയപ്രകാശ് മജുംദാറാണു രണ്ടാമതെത്തിയപ്പോള്‍ സിപിഎമ്മിലെ ഗൊലാം റബ്ബി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. തൃണമൂലിലെ മെഹുവ മൊയ്ത്രയെ ലോക്സഭാ അംഗമായി തിരഞ്ഞെടുത്തതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.
ഉത്തരാഖണ്ഡിലെ പിത്തോറഗഡ് മണ്ഡലത്തില്‍ 3267 വോട്ടിനാണു ബിജെപി സ്ഥാനാര്‍ഥി ചന്ദ്ര പന്തിന്റെ വിജയം. മൂന്നു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച മുന്‍ മന്ത്രി പ്രകാശ് പന്തിന്റെ ഭാര്യയാണു ചന്ദ്ര. പ്രകാശ് പന്തിന്റെ മരണത്തെത്തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.