കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കാന്തിയില്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ നടത്തിയ റാലിക്ക് പിന്നാലെ പരക്കെ അക്രമം. സംഘര്‍ഷത്തില്‍ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസ് അടിച്ചുതകര്‍ത്തു. ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് തീയിട്ടു. മൂന്ന് പേര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്.
റാലിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരുടെ വാഹനം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തതായി ബിജെപി ആരോപിച്ചു. എന്നാല്‍ കാന്തിയിലെ തൃണമൂല്‍ ബിജെപി തകര്‍ത്തതായി പാര്‍ട്ടി ആരോപിച്ചു. ‘ഞങ്ങളുടെ ശക്തിയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പേടിയാണ്. അത്കൊണ്ടാണ് അവര്‍ അക്രമം നടത്തുന്നത്. പൊലീസിന്റെ സാന്നിധ്യത്തിലാണ് അക്രമം നടന്നതെന്നത് ദൗര്‍ഭാഗ്യകരമാണ്. വനിതാ പ്രവര്‍ത്തകരെ പോലും അക്രമികള്‍ വെറുതെ വിട്ടില്ല,’ ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ പറഞ്ഞു.
ജാര്‍ഖണ്ഡില്‍ നിന്ന് പണം കൊടുത്ത് ഗൂണ്ടകളെ ഇറക്കി സ്വന്തം വാഹനം ബിജെപി തല്ലിപ്പൊളിച്ചതായി തൃണമൂല്‍ നേതാവ് മദന്‍ മിത്ര പറഞ്ഞു. യാതൊന്നും പറയാനില്ലാത്തത് കൊണ്ട് അക്രമം നടത്തി വാര്‍ത്ത സൃഷ്ടിക്കാനാണ് ബിജെപി ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം മമത ബാനര്‍ജിക്ക് ബിജെപി നേതാവ് കൈലാശ് വിജയ്വാര്ഗിയ മുന്നറിയിപ്പ് നല്കി. ബിജെപി പ്രവര്‍ത്തകര്‍ പേടിക്കുകയോ തല കുനിച്ച് മുമ്പില്‍ നില്‍ക്കുകയോ ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു.