കൊൽക്കത്ത: പശുക്കളെ മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് പശ്ചിമ ബംഗാളിൽ മൂന്ന് യുവാക്കളെ മർദ്ദിച്ച് കൊന്നു. വടക്കൻ ദിനാജ്‌പൂർ ജില്ലയിലാണ് സംഭവം. ചോപ്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവാക്കൾ പശുക്കളെ മോഷ്ടിക്കാനെത്തിയെന്ന പേരിൽ പിടിച്ചു വയ്ക്കുകയായിരുന്നു.

നസീറുൾ ഹഖ്(30), മുഹമ്മദ് സമീറുദ്ദീൻ(32), എം.ഡി.നസീർ(33) എന്നിവരാണ് കൊല്ലപ്പെട്ടത്. നസീറുൾ ഹഖ് ആശുപത്രിയിൽ വച്ചും മറ്റുള്ളവർ മർദ്ദനമേറ്റ സ്ഥലത്തുമാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി വാനിൽ ഗ്രാമത്തിലെത്തിയ സംഘത്തിലുൾപ്പെട്ടവരാണ് ഇവരെന്നാണ് ആരോപണം. നേരത്തേ പശുക്കളെ മോഷണം പോയതിനാൽ ഇത്തവണ ഗ്രാമവാസികൾ ഉണർന്നിരിക്കുകയായിരുന്നു.

രണ്ട് വീടുകളിൽ നിന്ന് രണ്ട് പശുക്കുട്ടികളുമായി വാഹനത്തിന് സമീപത്തേക്ക് നടന്നപ്പോഴാണ് നാട്ടുകാരിലൊരാൾ ഇവരെ കണ്ടതെന്നാണ് റിപ്പോർട്ട്. പിന്നീട് ഗ്രാമവാസികളെ ഉണർത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിടികൂടുകയായിരുന്നു.

മൂവരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി അയച്ചു. നസീറുൾ ഹഖിന്റെ അമ്മ മുംതാസ് ബീവി മകന്റെ കൊലയാളികൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്. കൊല്ലപ്പെട്ട മൂവർക്കുമെതിരെ നേരത്തേ പശു മോഷണത്തിന് കേസ് നിലവിലുണ്ട്. നിയമം കയ്യിലെടുത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് എസ്‌പി അമിത് കുമാർ ഭരത് റാത്തോഡ് പറഞ്ഞത്. മൂന്ന് പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.

അസിത് ബസു(29), സഹോദരൻ അസിം ബസു (27), കൃഷ്ണ പൊഡ്ഡാർ (24) എന്നിവരാണ് പിടിയിലായത്. ഗോക്കൾ മോഷ്ടിക്കപ്പെട്ടത് കൊണ്ടാണ് ജനങ്ങൾ അക്രമകാരികളായതെന്നും ഇക്കാര്യത്തിൽ നിയമം നിയമത്തിന്റെ വഴിയിൽ പോകുമെന്നും ഇവിടുത്തെ എംഎൽഎ ഹമീദുർ റഹ്മാൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ