കൊല്‍ക്കത്ത: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതിനു പിന്നാലെ നേതൃ സ്ഥാനം ഒഴിഞ്ഞ് മറ്റ് നേതാക്കളും. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പശ്ചിമ ബംഗാളിലെ പിസിസി അധ്യക്ഷന്‍ സോമേന്‍ മിത്രയാണ് രാജിവച്ചിരിക്കുന്നത്. എന്നാല്‍, രാജി സ്വീകരിക്കാന്‍ സാധിക്കില്ലെന്നാണ് പശ്ചിമ ബംഗാളിലെ ചുമതലയുള്ള എഐസിസി പ്രതിനിധി ഗൗരവ് ഗൊഗോയ് പറയുന്നത്. അധ്യക്ഷ സ്ഥാനത്ത് മിത്ര തുടരണമെന്നും ഗൗരവ് ഗൊഗോയ് ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also: ‘രാഹുലിനൊപ്പം’; ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച് ജ്യോതിരാദിത്യ സിന്ധ്യ

മേയ് 24 ന് നടന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം സോമേന്‍ മിത്ര ഏറ്റെടുത്തതായി കോണ്‍ഗ്രസ് തന്നെ നേരത്തെ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ തന്നെ പിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്നതിനെ കുറിച്ച് സോമേന്‍ മിത്ര ആലോചിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടി നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയപ്പോള്‍ മിത്ര അധ്യക്ഷ സ്ഥാനത്ത് തുടരുകയായിരുന്നു. എന്നാല്‍, രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെ രാജി തീരുമാനവുമായി സോമേന്‍ മിത്ര മുന്നോട്ടുപോകുകയായിരുന്നു. ആകെയുള്ള 42 ലോക്‌സഭാ സീറ്റുകളില്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളില്‍ നിന്ന് സ്വന്തമാക്കിയത് രണ്ട് സീറ്റുകളാണ്. 2014 ല്‍ കോണ്‍ഗ്രസിന് നാല് സീറ്റുകളുണ്ടായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് നേരത്തെ രാഹുല്‍ ഗാന്ധി ദേശീയ അധ്യക്ഷ പദവിയില്‍ നിന്ന് രാജിവച്ചത്. അതിനു പിന്നാലെ നിരവധി നേതാക്കളാണ് രാജി സമര്‍പ്പിച്ചത്. ഇത് കോണ്‍ഗ്രസിന് തിരിച്ചടിയാണ്.

Read Also: അമേഠിയില്‍ തോറ്റെങ്കിലും ട്വിറ്ററില്‍ താരമായി രാഹുല്‍; പിന്തുടരുന്നത് ഒരു കോടി ആളുകള്‍

കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്യുകയായിരുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പാർട്ടി അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നതായി രാഹുൽ അറിയിച്ചു. പാര്‍ട്ടിയിലെ യുവ നേതാക്കളുടെ രാജി, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ അഭ്യര്‍ഥന, ആയിരക്കണക്കിന് വരുന്ന അണികളുടെ വികാരം ഇതിനൊന്നിനും രാഹുല്‍ ഗാന്ധിയുടെ മനം മാറ്റാന്‍ സാധിച്ചില്ല.

പുതിയ അധ്യക്ഷനെ പാർട്ടി അധികം വൈകാതെ തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷ. അടുത്ത അധ്യക്ഷനെ ഞാൻ തന്നെ തിരഞ്ഞെടുക്കണമെന്ന് സഹപ്രവർത്തകർ ആവശ്യപ്പെട്ടു. പുതിയ ഒരാൾ പാർട്ടിക്ക് നേതൃത്വം നൽകുന്നത് പ്രധാനമാണെങ്കിലും, ആ വ്യക്തിയെ ഞാൻ തിരഞ്ഞെടുക്കുന്നത് ശരിയല്ല. ധൈര്യത്തോടും സ്നേഹത്തോടും വിശ്വസ്തതയോടും കൂടി തങ്ങളെ നയിക്കാൻ കഴിയുന്ന വ്യക്തിയെ പാർട്ടി തിരഞ്ഞെടുക്കുമെന്ന വിശ്വാസമുണ്ടെന്നും രാഹുൽ കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook