കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം. പന്ത്രണ്ട്  പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട്.  പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ അക്രമസംഭവങ്ങളെ കുറിച്ച് കേന്ദ്ര സർക്കാർ റിപ്പോർട്ട് ആവശ്യപ്പെട്ടു.  നോർത്ത് 24 പർഗാനസിൽ സിപിഎം പ്രവർത്തകരായ ദമ്പതികളെ തീ കൊളുത്തി കൊന്നു. സിപിഎം പ്രവർത്തകരായ ദിബു ദാസ്, ഭാര്യ ഉഷ ദാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണത്തിനു പിന്നലെന്ന് സിപിഎം ആരോപിച്ചു.

വ്യാപകമായ അക്രമസംഭവങ്ങൾക്കിടയിലും   73 ശതമാനം പോളിങ്ങാണ് ആദ്യ റിപ്പോർട്ടുകൾ പ്രകാരം രേഖപ്പെടുത്തുന്നത്. ബാലറ്റിന് മുകളിൽ ബുളളറ്റും ബോംബും നിഴൽവീഴ്ത്തിയ തിരഞ്ഞെടുപ്പായി മാറി.

നാലു ജില്ലകളിലാണ് പ്രധാനമായും അക്രമം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നോർത്ത് 24 പർഗനാസ്, ബുർദ്‌വാൻ, കൂച്ച് ബിഹാർ, സൗത്ത് 24 പർഗനാസ് എന്നീ ജില്ലകളിലാണ് സംഘർഷം ഉടലെടുത്തത്. അക്രമങ്ങളിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ദുർഗാപൂരിൽ ബിജെപി-സിപിഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.

കൂച്ച് ബിഹാറിലെ പോളിങ് ബൂത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ 20 പേർക്ക് പരുക്കേറ്റു. അംദാനാഗയിലെ സദൻപൂരിലുണ്ടായ ബോംബേറിൽ 20 പേർക്ക് പരുക്കേറ്റിട്ടുണ്ട്. സൗത്ത് 24 പർഗാനസിലെ കുൾട്ടാലിയിൽ തൃണമൂൽ പ്രവർത്തകനായ ആരിഫ് ഗാസി വെടിയേറ്റ് കൊല്ലപ്പെട്ടതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ചിലയിടങ്ങളിൽ സംഘർഷത്തെ തുടർന്ന് വോട്ടെടുപ്പ് നിർത്തിവച്ചു.

സംഘർഷബാധിതപ്രദേശങ്ങളിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്ന വിവിധ ജില്ലകളിലായി 71,500 സൈനികരെയാണ് വിന്യസിച്ചിട്ടുളളത്. ഇവർക്കുപുറമേ അസം, ഒഡീഷ, സിക്കിം, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിൽനിന്നും സായുധസേനയെ എത്തിച്ചിട്ടുണ്ട്.

അതേസമയം, അക്രമങ്ങൾക്ക് പിന്നിൽ ബിജെപി, കോൺഗ്രസ്, സിപിഎം പ്രവർത്തകരാണെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ ആരോപണം. തിരഞ്ഞെടുപ്പിനിടെ ചെറിയ രീതിയിലുളല സംഘർഷം മാത്രമാണ് ഉണ്ടായതെന്നും വോട്ടിങ് സമാധാനപരമാണെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് പാർത്ഥ ചാറ്റർജി അഭിപ്രായപ്പെട്ടു.

പലയിടത്തും തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ബൂത്ത് കൈയ്യേറി. ബിർപാറയിൽ വോട്ടർമാർ ബൂത്തിലെത്തുന്നത് പ്രവർത്തകർ തടഞ്ഞു. പല സ്ഥലങ്ങളിലും സംഘർഷം തുടരുകയാണ്. പൊലീസിനു നേരെയും അക്രമം ഉണ്ടായി.

ബങ്കറിൽ മാധ്യമപ്രവർത്തകരുടെ വാഹനത്തിനുനേരെയും അക്രമം ഉണ്ടായി. അക്രമികൾ ക്യാമറകൾ തകർത്തതായും എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. വോട്ടിങ് സ്ഥലത്തേക്ക് മാധ്യമപ്രവർത്തകർ പ്രവേശിക്കുന്നത് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തടയുന്നതായും റിപ്പോർട്ടുണ്ട്. ബങ്കറിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാളിൽ 90 ശതമാനം പഞ്ചായത്തുകളിലും ഭരണം തൃണമൂൽ കോൺഗ്രസാണ്. 20 ജില്ലാ പഞ്ചായത്തുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മെയ് 17 നാണ് വോട്ടെണ്ണൽ.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ