കൊൽക്കത്ത: വെസ്റ്റ് ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പ് നടപടികൾ നിർത്തിവയ്ക്കാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎം, കോൺഗ്രസ്, ബിജെപി സ്ഥാനാർത്ഥികൾക്കെതിരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നടത്തിവന്ന അക്രമങ്ങളെ തുടർന്നാണ് പ്രതിപക്ഷ പാർട്ടികൾ കോടതിയെ സമീപിച്ചത്. സിപിഎമ്മും ബിജെപിയും നൽകിയ വ്യത്യസ്‌ത ഹർജികളിലാണ് നടപടി.

സമർപ്പിക്കപ്പെട്ട നാമനിർദേശങ്ങളും തളളിയ നാമനിർദേശങ്ങളും സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് സമിതിയോട് കോടതി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് സമിതി സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസിന്റെ താൽപര്യം മാത്രമാണ് സംരക്ഷിക്കുന്നതെന്ന് സിപിഎമ്മും ബിജെപിയും വിമർശിച്ചിരുന്നു.

മമത ബാനർജി രാജിവയ്ക്കണമെന്നും ഇടതുപാർട്ടികളും ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ അബ്‌ദുൾ മന്നാനും വിധിയെ സ്വാഗതം ചെയ്തു. എന്നാൽ ജനങ്ങൾക്ക് മമത ബാനർജിയിൽ പൂർണ വിശ്വാസമുണ്ടെന്നാണ് തൃണമൂൽ വക്താവ് പാർത്ഥ ചാറ്റർജി പറഞ്ഞു. “പ്രതിപക്ഷ പാർട്ടികൾക്ക് ജനങ്ങളുമായി ബന്ധമുളള സ്ഥാനാർത്ഥികളില്ല. അതിനാലാണ് അവർ കോടതിയെ സമീപിച്ചത്,” അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook