ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ യഥാര്‍ത്ഥ പ്രശ്‌നം അഴിമതിയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. അഴിമതിക്കെതിരെയുളള അന്വേഷണത്തെ ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്കെതിരെ ദേശീയ തലത്തില്‍ മഹാസഖ്യം സാധ്യമല്ലെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. സഖ്യവും ധാരണയും അതാത് സംസ്ഥാനങ്ങളില്‍ രൂപപ്പെടണം. ഉത്തര്‍പ്രദേശ് പോലുളള സംസ്ഥാനങ്ങളില്‍ അത്തരം ധാരണകള്‍ രൂപപ്പെടുന്നുണ്ട്. ബിജെപിയെ പരാജയപ്പെടുത്തണമെന്ന രാഷ്ട്രീയ ധാരണകളാണ് വേണ്ടത്.

മമതയുടെ അഴിമതിയോട് ഇത്രയും കാലം ബിജെപി മൃദുസമീപനമാണ് കാട്ടിയിരുന്നത്. ഇപ്പോള്‍ നടക്കുന്ന നാടകങ്ങള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണ്. മോദിയെ എതിര്‍ക്കുന്നു എന്ന കാരണംകൊണ്ട് മമതയുടെ അഴിമതി അംഗീകരിക്കാനാകില്ല. അഴിമതിക്കാര്‍ മുഴുവന്‍ ശിക്ഷിക്കപ്പെടണം. അഴിമതിയോട് വിട്ടുവീഴ്ചയില്ല എന്ന നിലപാടില്‍ സിപിഎം ഉറച്ചു നില്‍ക്കുന്നുവെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ സിബിഐ എത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി തുടരുകയാണ്. കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സിബിഐയെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

മമതയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം എത്തിയപ്പോഴും സിപിഎം വിട്ടു നില്‍ക്കുകയാണ് ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook